മോസ്‌കോ: റഷ്യൻ -യുക്രെയിൻ യുദ്ധം ആരംഭിച്ച് ഒരു വർഷം ആകാനൊരുങ്ങുമ്പോഴും കൃത്യമായ ഒരു മേൽക്കൈ നേടാൻ റഷ്യക്കായിട്ടില്ലെന്ന് വസ്തുത പുടിനെ ഏറെ പ്രകോപിപ്പിക്കുന്നുണ്ട്. ലോകത്തിലെ രണ്ടാമത്തെ സൈനിക ശക്തിയെന്ന് വിളംബരം ചെയ്യപ്പെട്ടിരുന്ന രാജ്യം താരതമ്യേന ദുർബലമായ യുക്രെയിൻ പോലൊരു രാജ്യത്തോടെ ഏറ്റുമുട്ടി ദുരിതം അനുഭവിക്കുമ്പോൾ, വർഷങ്ങൾകൊണ്ട് പടുത്തുയർത്തിയ റഷ്യൻ പ്രതിച്ഛായ കൂടി തകരുകയാണ്.

പശ്ചാത്യ ശക്തികളുടെ നിർണ്ണായക ഇടപെടലാണ് തങ്ങൾക്ക് വിജയം അന്യമാക്കിയിരിക്കുന്നതെന്ന് റഷ്യ തിരിച്ചറിഞ്ഞിരിക്കുന്നു. അതിന്റെ ഫലമണ് കഴിഞ്ഞ ദിവസം റഷ്യൻ പാർല്മെന്റിന്റെ അധോസഭയുടെ സ്പീക്കർ നൽകിയ മുന്നറിയിപ്പ്. യുക്രെയിന് ആയുധങ്ങളും മറ്റ് സൈനിക സഹായങ്ങളും നൽകുന്ന രാജ്യങ്ങൾ സ്വയം നാശം ക്ഷണിച്ചു വരുത്തുകയാണെന്നായിരുന്നു ആ മുന്നറിയിപ്പ്

അതേസമയം, യുക്രെയിനെ പിന്തുണക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ കഴിഞ്ഞ ദിവസം കൂടുതൽ സഹായം യുക്രെയിന് വഗ്ദാനം നൽകിയിരുന്നു. എന്നാൽ ജർമ്മൻ നിർമ്മിത ലെപ്പേർഡ് 2 യുദ്ധ ടാങ്കുകൾ വേണമെന്ന യുക്രെയിന്റെ ആവശ്യത്തോട് വെള്ളിയാഴ്‌ച്ച ജർമ്മനിയിലെ രംസ്റ്റീൻ എയർ ബേസിൽ ചേർന്ന അന്താരാഷ്ട്ര സമ്മേളനം അനുകൂലമായി പ്രതികരിച്ചില്ല.

ഈ സാഹചര്യത്തിലാണ് യുക്രെയിന് കൂടുതൽ ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾ ഒരു ലോകയുദ്ധം ക്ഷണിച്ചു വരുത്തുകയാണെന്ന് ഡുമ ചെയർമാൻ പ്രഖ്യാപിച്ചത്. ഒരു ആഗോള ദുരന്തമാണ് അവരുടെ പ്രവർത്തികൊണ്ടുണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിനുതകുന്ന തരത്തിലുള്ള ആയുധങ്ങൾ യുക്രെയിന് നൽകുന്നത് വലിയ അപകടം ക്ഷണിച്ചു വരുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആക്രമണോദ്ദേശത്തോടെ ആയുധങ്ങൾ അമേരിക്കയോ നാറ്റോ സഖ്യമോ നൽകുകയും, യുക്രെയിൻ തങ്ങളുടെ അതിർത്തിക്കുള്ളിലേക്ക് ആക്രമണം ആരംഭിക്കുകയും ചെയ്താൽ അത് ഒരു ലോകമഹായുദ്ധമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ജർമ്മനിയാണ് യുക്രെയിന് ഏറെ ആയുധങ്ങൾ നല്കുന്ന രാജ്യം . ലെപ്പേഡ് 2 യുദ്ധ ടാങ്കുകൾക്ക് യുക്രെയിൻ അവശ്യമുന്നയിച്ചെങ്കിലും ജർമ്മൻ സർക്കാർ അക്കാര്യത്തിൽ കൂടുതൽ ക്രുതലോടെ നിശബ്ദത പാലിക്കുകയാണ്. ഇതുവരെ ടാങ്ക് നൽകാനുള്ള തീരുമാനം ഉണ്ടായിട്ടില്ലെങ്കിലും ആവശ്യം നിരാകരിച്ചതായും ജർമ്മനി വ്യക്തമാക്കിയിട്ടില്ല. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള സൗഹാർദ്ദ കരാറിന്റെ അറുപതാം വർഷം ആഘോഷിക്കുന്ന ജർമ്മനിയും ഫ്രാൻസും പക്ഷെ യുക്രെയിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ലെപ്പേഡ് ടാങ്കുകൾ നൽകാൻ ജർമ്മനി തയ്യാറയില്ലെങ്കിൽ, അത്തരത്തിലുള്ള് അയുധങ്ങൾ യുക്രെയിന് നൽകാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന രാജ്യങ്ങളുടെ ഒരു സഖ്യം തങ്ങൾ രൂപീകരിക്കുമെന്ന് പോളിഷ് പ്രധാനമന്ത്രി മറ്റെവുസ് മൊറവീക്കി പറഞ്ഞു. യുദ്ധം അരംഭിച്ച് ഒരു വർഷമകാൻ പോകുന്നു,റഷ്യയുടെ പല യുദ്ധക്കുറ്റങ്ങളും ഇന്ന് പുറത്തു വന്നു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ജർമ്മനി കണ്ണുതുറക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

അതേസമയം യുക്രെയിനിലേക്ക് അബ്രാം ടാങ്കുകൾ അയക്കണമെന്ന് ഇന്നലെ രണ്ട് അമേരിക്കൻ സെനറ്റർമാർ ആവശ്യപ്പെട്ടു. ജർമ്മനി ടാങ്കുകൾ നൽകാൻ വിസമ്മതിക്കുന്നെങ്കിൽ അതിനു പകരമായി അമേരിക്ക ടാങ്കുകൾ നൽകണം എന്നാണ് അവർ ആവശ്യപ്പെടുന്നത്. അമേരിക്ക ഇക്കാര്യം പ്രഖ്യാപിച്ചാൽ സ്വാഭാവികമായും ജർമ്മനിയും ടാങ്കുകൾ നൽകാൻ തയ്യാറാകുമെന്നും അവർ പറയുന്നു.

ശത്രുക്കൾ എന്നും റഷ്യയെ തളർത്താനും നശിപ്പിക്കാനും ശ്രമിക്കുമെന്ന് പറഞ്ഞ മുൻ റഷ്യൻ പ്രസിഡണ്ടും നിലവിൽ റഷ്യൻ സെക്യുരിറ്റി കൗൺസിൽ ഉപാദ്ധ്യക്ഷനുമായ ഡിമിത്രി മെഡ്വേഡെവ്, അമേരിക്കയുടെ ശത്രുപക്ഷത്തുള്ള രാജ്യങ്ങളുമായി റഷ്യ സഖ്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. ഇറാൻ, വെനെസുല തുടങ്ങിയ രജ്യങ്ങളുമായി സഖ്യമുണ്ടക്കണം. അത്തരമൊരു സഖ്യം രൂപീകൃതമായാൽ അമേരിക്കൻ നയങ്ങളിൽ പൊറുതിമുട്ടിയ നിരവധി രാജ്യങ്ങൾ റഷ്യക്കൊപ്പം വരുമെന്നും അദ്ദേഹം പറഞ്ഞു.