- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൈഗർ ടാങ്കുകൾ യുക്രെയിനിലേക്ക് അയച്ച് ജർമ്മനി; യുക്രെയിൻ- റഷ്യ യുദ്ധത്തിന്റെ അന്ത്യം തുടങ്ങിയെന്ന് വിദഗ്ദ്ധർ; ജർമ്മനിയുടെ ചതിയിൽ കലിച്ച് തിരിച്ചടിക്കാനൊരുങ്ങി റഷ്യ; ആണവായുധ സാധ്യത ഉയർന്നതോടെ ലോകാവസാന ക്ലോക്ക് ഒന്നര മിനിറ്റ് അടുത്തെത്തി
ഏറെ ആശയക്കുഴപ്പങ്ങൾക്ക് ഒടുവിൽ യുക്രെയിന് ലെപ്പേഡ് 2 ടാങ്കുകൾ നൽകാൻ ജർമ്മനി തീരുമാനിച്ചു. മാസങ്ങൾ നീണ്ടു നിന്ന ചർച്ചകൾക്ക് ഒടുവിലാണ് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് ഈ തീരുമാനം എടുത്തതെന്ന് ജർമ്മൻന്യുസ് ഏജൻസിയായാ ദേർ സ്പീഗലിന്റെ പ്രത്യേക റിപ്പോർട്ടിൽ പറയുന്നു. യുക്രെയിൻ യുദ്ധത്തിൽ പാശ്ചാത്യ ശക്തികൾ നൽകുന്ന പിന്തുണയിലെ ഒരു നിർണ്ണായക ഘട്ടമായിട്ടാണ് ഇതിനെ പാശ്ചാത്യ യുദ്ധ നിരീക്ഷകർ വിലയിരുത്തുന്നത്.
യുക്രെയിന് ലെപേഡ് 2 ടാങ്കുകൾ നൽകുവാൻ ജർമ്മനിക്ക് മേൽ പല നാറ്റോ സഖ്യ രാഷ്ട്രങ്ങളും സമ്മർദ്ദം ചെലുത്തിയിരുന്നു. മാത്രമല്ല, അമേരിക്കൻ നിർമ്മിത ടാങ്കുകൾ യുക്രെയിന് നൽകുമെന്ന് അമേരിക്കയും പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ നിർമ്മിത എം 1 അബ്രാംസ് ടാങ്കുകൾ നൽകാൻ അമേരിക്ക സമ്മതിച്ചില്ലെങ്കിൽ, ജർമ്മനി ലെപേഡ് ടാങ്കുകൾ നൽകുകയില്ലെന്ന് ജർമ്മനികഴിഞ്ഞയാഴ്‌ച്ച അമേരിക്കയെ അറിയിച്ചിരുന്നു.
വരുന്ന വസന്തകാലത്ത് പ്രതീക്ഷിക്കുന്ന റഷ്യയുടെ കരയുദ്ധത്തെ ചെറുക്കാൻ ഇതുവഴി യുക്രെയിന് ശക്തമായ ആയുധസന്നാഹമാണ് ലഭിച്ചിരിക്കുന്നത്. മാത്രമല്ല, ഈ തീരുമാനം റഷ്യക്ക് വലിയൊരു തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. യുദ്ധം ഒരു വർഷത്തിലേക്ക് കടക്കാൻ പോകുന്ന സാഹചര്യത്തിൽ യുക്രെയിന് വീണ്ടും ആധുനിക ആയുധങ്ങൾ നൽകുന്നത് റഷ്യയുടെ എല്ലാ പ്രതീക്ഷകളേയും നശിപ്പിക്കുകയാണ്.
നേരത്തെ ജർമ്മൻ ടാങ്കുകൾ യുക്രെയിന് നൽകുന്നതിൽ ജർമ്മൻ സർക്കാർ ഏറെ സന്ദേഹം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം കൂടുതൽ ആലോചിച്ചതിനു ശേഷം മാത്രമെ ചെയ്യാൻ കഴിയുകയുള്ളു എന്ന് പ്രാതിരോധ മന്ത്രിയും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ടാങ്കുകൾ യുക്രെയിനിലേക്ക് റീ എക്സ്പോർട്ട് ചെയ്യുന്നതിനുള്ള അനുമതി തേടി പോളണ്ട് ജർമ്മനിയെ സമീപിച്ചത്. മാത്രമല്ല, ജർമ്മനി വിസമ്മതിച്ചാൽ, യുക്രെയിന് സമാനമായ ആയുധങ്ങൾ നൽകാൻ തയ്യാറുള്ള രാജ്യങ്ങളെ ചേർത്ത് ഒരു സഖ്യം രൂപീകരിക്കുമെന്നും പോളണ്ട് വ്യക്തമാക്കിയിരുന്നു.
നിരവധി മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ പക്കലും ഈ ജർമ്മൻ നിർമ്മിത ലെപേഡ് ടാങ്കുകൾ ഉണ്ട്. യൂറോപ്യൻ സാഹച്ര്യങ്ങളിൽ കര യുദ്ധത്തിന് ഏറ്റവും മികച്ചതാണ് ഇതെന്നാണ് യുദ്ധ വിദ്ഗധരുടെ അഭിപ്രായം. പോളണ്ട് റീ എക്സ്പോർട്ടിന് അനുമതി തേടിയാതോടെ ആ രാജ്യങ്ങളിൽ പലതും പോളണ്ടിന്റെ മാർഗ്ഗം സ്വീകരിക്കുമെന്ന സാഹചര്യവുമായി. നിലവിൽ 320 ലെപേഡ് ടാങ്കുകളാണ് ജർമ്മൻ സൈന്യത്തിന്റെ പക്കൽ ഉള്ളത്. ഇതിൽ എത്രയെണ്ണം നൽകുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
ഓരോ ടാങ്കിലും 120 എം എം സ്മൂത്ത്ബോർ ഗണും ഒരു 7.62 എം എം മെഷീൻ ഗണ്ണും ഉണ്ടാകും ലെപേഡ് ടാങ്കിൽ. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ വ്രെ ഇതിന് സഞ്ചരിക്കാൻ സാധിക്കും. മാത്രമല്ല, ബാഹ്യമായ ആക്രമണങ്ങളിൽ നിന്നും പരമാവധി സംരക്ഷണം ഇത് ഉറപ്പു നൽകുകയും ചെയ്യുന്നു. ജർമ്മൻ കമ്പനിയായ ക്രോസ്- മാഫി വെഗ്മാൻ ആണ് ഇതിന്റെ നിർമ്മാതാക്കൾ.
ജർമ്മനിയുടെ ചുവട് മാറ്റത്തിൽ അരിശം പൂണ്ട റഷ്യ ജർമ്മനിക്കെതിരെ ഭീഷണിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള, ഇപ്പോഴേ വഷളായിരിക്കുന്ന ബന്ധം കൂടുതൽ വഷളാകുമെന്നായിരുന്നു റഷ്യൻ വക്താവ് അറിയിച്ചത്.ഏതായാലും ഇക്കാര്യത്തിൽ ജർമ്മനിയുമായോ യൂറോപ്യൻ യൂണിയനുമായോ നാറ്റൊയുമായൊ ഒരു ചർച്ചക്കും ഇല്ലെന്നും വക്താവ് അറിയിച്ചു.
ലോകാവസാന ക്ലോക്കിൽ പാതിരാത്രിയാകാൻ ഇനി ഒന്നര മിനിറ്റ് മാത്രം
ഇതിന് മുൻപെങ്ങും കാണാത്ത വിധം മനുഷ്യകുലം അതിന്റെ അവസാനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രം പറയുന്നു. 1947 മുതൽ ലോകാവസാനം എത്ര അടുത്താണ് എത്തിയിരിക്കുന്നതെന്ന് സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ബുള്ളെറ്റിൻ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്സ് ആണ് ഇപ്പോൾ ഇത് പറഞ്ഞിരിക്കുന്നത്. അവർ തയ്യാറാക്കിയിരിക്കുന്ന ലോകാവസാന ക്ലോക്കിൽ (ഡൂംസ് ഡേ ക്ലോക്ക്) പാതിരാത്രിയാകുമ്പോഴായിരിക്കും ലോകം അവസാനിക്കുക.
ഇതിനു മുൻപെങ്ങും സംഭവിച്ചിട്ടില്ലാത്തതുപോലെ ഇന്നലെ അതിലെ സമയം, പാതിരാത്രിക്ക് വെറും ഒന്നര മിനിറ്റ് മാത്രം മുൻപായി ക്രമീകരിച്ചിരിക്കുകയാണ്. 2020 ന് ശേഷം ഇതിലെ സമയം ക്രമീകരിച്ചിരുന്നത് പാതിരാത്രിക്ക് 100 സെക്കന്റ് മുൻപായിട്ടായിരുന്നു. ഇപ്പോഴിത 90 സെക്കന്റ് ആയിരിക്കുന്നു. അതായത് ഡൂംസ് ഡേ ക്ലോക്കിൽ ഇനി 90 സെക്കന്റ് കഴിഞ്ഞാൽ പാതിരാത്രിയാകുമെന്നർത്ഥം.
റഷ്യൻ- യുക്രെയിൻ യുദ്ധത്തോടൊപ്പം , പാശ്ചാത്യ ശക്തികൾ യുക്രെയിന് കൂടുതൽ അയുധങ്ങൾ കൂടി നല്കാൻ തീരുമാനിച്ചതൊടെയാണ് ഇത് വീണ്ടും പുനക്രമീകരിച്ചത്. ജർമ്മൻ ടാങ്കുകൾ ഉൾപ്പടെയുള്ള പുത്തൻ തലമുറ ആയുധങ്ങൾ യുക്രെയിന്റെ കൈവശം എത്തുമ്പോൾ, യുദ്ധം ഏതാണ്ട് യുക്രെയിന് അനുകൂലമാകുമെന്ന നേരത്തേ പാശ്ചാത്യ യുദ്ധ നിരീക്ഷകർ പറഞ്ഞിരുന്നു. കൈവശമുള്ള ആണവേതര ആയുധങ്ങൾ ഒന്നും ഫലം നൽകാത്ത അവസ്ഥ ഉണ്ടായാൽ റഷ്യ ആണവ യുദ്ധത്തിന് ഒരുങ്ങിയേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ