- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിയെ ക്ഷണിച്ചത് ഔപചാരികതയുടെ ഭാഗം; പാക് മന്ത്രി ഗോവയിൽ എത്തിയാൽ നയതന്ത്ര ചർച്ചകൾക്ക് വീണ്ടും സാധ്യത തെളിയും; ബഹുരാഷ്ട്ര സംഘടനാ യോഗം വീണ്ടും ഇന്ത്യാ-പാക് പ്രശ്‌നത്തിൽ മഞ്ഞുരുക്കുമോ?
ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ നയതന്ത്ര ചർച്ചകൾ തുടങ്ങിയേക്കും. ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയെ ക്ഷണിച്ചത് ഇതിന്റെ തുടക്കമാകുമെന്നാണ് വിലയിരുത്തൽ. ക്ഷണം ഔപചാരികതയുടെ ഭാഗമാണെങ്കിലും ഇന്ത്യ-പാക്ക് ബന്ധങ്ങളെ ചർച്ചയുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നാണ് വിലയിരുത്തൽ. 2011 ൽ ഹിന റബാനി ഖറിന്റെ സന്ദർശനത്തിനുശേഷം ഒരു പാക്ക് വിദേശകാര്യമന്ത്രിയും ഇന്ത്യയിലെത്തിയിട്ടില്ല. നയതന്ത്ര ബന്ധം വഷളായതു കൊണ്ടാണ് ഇത്.
ബഹുരാഷ്ട്രസംഘടനാ യോഗത്തിന്റെ ആതിഥേയരാഷ്ട്രമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ പാക്കിസ്ഥാനെ ക്ഷണിച്ചേ തീരൂ. പാക്കിസ്ഥാൻ ക്ഷണം സ്വീകരിക്കുകയാണെങ്കിൽ, ചർച്ചകളുടെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ വിദേശകാര്യമന്ത്രിതലത്തിൽ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് പാക്കിസ്ഥാൻ അഭ്യർത്ഥിച്ചേക്കും. മേയിൽ ഗോവയിലാണ് എസ് സിഒ സമ്മേളനം. പാക് അഭ്യർത്ഥന ഇന്ത്യ അംഗീകരിക്കുമോ എന്നതാണ് നിർണ്ണായകം. അതിനിടെ ഇന്ത്യയുടെ ക്ഷണം പാക്കിസ്ഥാൻ നിരസിക്കാനും സാധ്യതയുണ്ട്. എന്നാൽ പാക്കിസ്ഥാനിലെ നിലവിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഇത് നടക്കാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ.
ചർച്ചകൾക്ക് അന്തരീക്ഷം സൃഷ്ടിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതായി സൂചനയുണ്ട്. യുദ്ധങ്ങളിൽനിന്ന് പാഠം പഠിച്ചുവെന്നും കശ്മീർ പോലുള്ള 'പൊള്ളുന്ന വിഷയങ്ങളിൽ' തുറന്ന ചർച്ചകൾ ആവശ്യമാണെന്നുമുള്ള പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ പ്രസ്താവനയും ഇന്ത്യയുമായി അടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയുടെ പേരിൽ ബിലാവൽ ഭൂട്ടോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതും ഷരീഫിന്റെ പ്രസ്താവനയുടെ മേൽ പാക്ക് വിദേശകാര്യവകുപ്പ് വിശദീകരണം നൽകിയതും സൈനിക ഇടപടൽ പാക്കിസ്ഥാനിൽ സജീവമാണെന്നതിന്റെ സൂചനയാണ്.
2015 ഓഗസ്റ്റിൽ പാക്ക് വിദേശകാര്യമന്ത്രി സർതാജ് അസീസ് ഇന്ത്യൻ സന്ദർശനത്തിന് സന്നദ്ധത അറിയിച്ചു. എന്നാൽ കശ്മീർ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാവില്ലെന്ന് ഇന്ത്യ അറിയിച്ചതോടെ സന്ദർശനം റദ്ദാക്കി. 2015 ൽ ഹാർട്ട് ഒഫ് ഏഷ്യ സമ്മേളനത്തിൽ പങ്കെടുക്കാൻ സുഷമ സ്വരാജ് പോയതിനു ശേഷം ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രിയും പാക്കിസ്ഥാൻ സന്ദർശിച്ചിട്ടില്ല. 2014 ൽ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാചടങ്ങിന് പ്രധാനമന്ത്രി നവാസ് ഷരീഫ് എത്തിയതും 2015 ൽ ഷരീഫിന്റെ കൊച്ചുമകളുടെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ മോദി അപ്രതീക്ഷിതമായി ലഹോറിൽ എത്തിയതും ചർച്ചയായിരുന്നു.
ബഹുരാഷ്ട്രയോഗങ്ങൾ നടക്കുമ്പോൾ അതിന്റെ ഭാഗമല്ലാതെ നടക്കുന്ന ഉഭയകക്ഷി ചർച്ചകൾ പലപ്പോഴും വഴിത്തിരിവുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ ഇന്ത്യാ-പാക് ചർച്ച നടക്കുമോ എന്നത് അതുകൊണ്ട് തന്നെ നിർണ്ണായകമാണ്. 2001 ൽ വാജ്‌പേയിയും പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫും തമ്മിൽ ആഗ്രയിൽ വെച്ച് നടത്തിയ ചർച്ചകളും 2015 ൽ മോദിയുടെ അപ്രതീക്ഷിതമായ ലഹോർ സന്ദർശനവും ഇന്ത്യാ പാക് നയതന്ത്ര ചർച്ചകളിലെ നിർണ്ണായക സംഭവങ്ങളാണ്.
മറുനാടന്‍ മലയാളി ബ്യൂറോ