- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തിയ റെയ്ഡിനെത്തുടർന്നുണ്ടായ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത് 9 ഫലസ്തീൻകാർ; രാജ്യത്തെ ആക്രമിക്കാനെത്തിയവരെന്ന് ഇസ്രയേൽ; കുട്ടികളുടെ ആശുപത്രിയിൽ കണ്ണീർവാതകം പ്രയോഗിച്ചെന്ന് പാലസ്ഥീൻ; വെസ്റ്റ് ബാങ്കിൽ സംഘർഷം തുടരുമ്പോൾ
ജെനിൻ: ഇസ്രയേൽ-ഫലസ്തീൻ സംഘർഷം രൂക്ഷമായി തുടരുന്നു. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തിയ റെയ്ഡിനെത്തുടർന്നുണ്ടായ വെടിവയ്‌പ്പിൽ 9 ഫലസ്തീൻകാർ കൊല്ലപ്പെട്ടു. അക്രമികളെ പിടിക്കാനുള്ള നീക്കത്തിനിടെ മൂന്നുപേർ സൈന്യത്തിനുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു. ഇനിയുള്ള ദിവസങ്ങളിലും സൈനിക നടപടി തുടരാനാണ് ഇസ്രയേൽ തീരുമാനം.
സൈന്യത്തെ അക്രമിച്ചവർ കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന നിരവധി സ്‌ഫോടക വസ്തുക്കളും നിർവീര്യമാക്കി. ഇസ്രയേലിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്താനുള്ള പദ്ധതിയായിരുന്നു ഇവർക്കെന്ന് ഇസ്രയേൽ അറിയിച്ചു. രഹസ്യാന്വേഷണ വിവരത്തെ തുടർന്നായിരുന്നു സൈനിക നീക്കം. എന്നാൽ ഇസ്രയേൽ വാദങ്ങളെ ഫലസ്തീൻ തള്ളിക്കളയുകയാണ്.
ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് സംഘത്തിൽപ്പെട്ടവരെയാണ് വധിച്ചതെന്നും ഇസ്രയേൽ അറിയിച്ചു. ജെനിനിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രി മൈ എൽ കൈല പറഞ്ഞു. സാധാരണക്കാരായ നിരവധിപ്പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. കുട്ടികളുടെ ആശുപത്രി കണ്ണീർവാതകം ഉപയോഗിച്ച് ആക്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യാന്തര നിശബ്ദതയുടെ പിന്തുണയോടെയാണ് കൂട്ടക്കൊല നടക്കുന്നതെന്ന് ഫലസ്തീൻ പ്രസിഡന്റിന്റെ വക്താവ് നബീൽ അബു റുദെയ്‌നെ പറഞ്ഞു. വെസ്റ്റ് ബാങ്കിൽ സാധാരണക്കാരുൾപ്പെടെ 29 പേരാണ് ഈ വർഷം കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് ഡെസ്ക്