ശ്രദ്ധമായി വാഹനമോടിച്ചു എന്ന കുറ്റം ചുമത്തി പൊലീസ് വിധിച്ചത് വധശിക്ഷ. മാത്രമല്ല അവർ തന്നെ അത് നടപ്പാക്കുകയും ചെയ്തു. അമേരിക്കയെ മറ്റൊരു വംശീയ ലഹളയിലേക്ക് തള്ളിവിടുമെന്ന് ആശങ്കപ്പെടുന്ന സംഭവമാണിത്. ഇക്കഴിഞ്ഞ ജനുവരി 7 ന് ആയിരുന്നു ഫെഡെക്സ് ജീവനക്കാരനായ ടൈർ നിക്കോൾസ് എന്ന 29 വയസ്സുള്ള കറുത്ത വർഗ്ഗക്കാരനെ പൊലീസ് കാറിൽ നിന്നും വലിച്ചിറക്കിയത്. അശ്രദ്ധമായി കാർ ഓടിച്ചു എന്നായിരുന്നു പൊലീസ് ആരോപിക്കുന്നത്.

ഓടി രക്ഷപ്പെടാൻ ശ്രമിച്ചിട്ടാണെന്ന് പൊലീസ് പറയുന്നു, പൊലീസുകാർ ഇയാളെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ മൂന്ന് ദിവസങ്ങൾക്ക് ശേഷം മരിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യം ചോർന്നതോടെയാണ് ജനം ഇളകിയത്. നിക്കോൾസിനെ കാറിൽ നിന്നും ബലം പ്രയോഗിച്ച് പിടിച്ചിറക്കുന്നതും തുടർന്ന് ഉച്ചത്തിൽ അശ്ലീല പദങ്ങൾ ഉപയോഗിച്ച് ചീത്ത വിളിക്കുന്നതും ഉണ്ട്.

നല് വ്യത്യസ്ത ക്യാമറകളിൽ നിന്നുള്ള നാല് വ്യത്യസ്ത ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പൊലീസ് ക്രൂരതയുടെ മറ്റൊരു ഇരയാണ് നിക്കോൾസ് എന്നാണ് പൊതുവെയുള്ള വികാരം. ഈ വീഡിയോ പുറത്ത് വന്നതോടെ അമേരിക്കയിലെ പല നഗരങ്ങളിൽ നിന്നും പ്രതിഷേധം ഉയരാൻ തുടങ്ങി.

തുടർന്ന് അധികൃതർ സത്വര നടപടികളുമായി രംഗത്ത് എത്തി. ഇതിൽ ഉൾപ്പെട്ടാ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെ സേനയിൽ നിന്നും പുറത്താക്കി. മാത്രമല്ല, ഇവർക്കെതിരെ സെക്കണ്ട് ഡിഗ്രി കൊലപാതകവും ചാർജ്ജ് ചെയ്തിട്ടുണ്ട്. പൊലീസുകാരുടേത് ഒരു ക്രിമിനൽ നടപടിയായിരുന്നു എന്ന് ടെന്നിസി ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ മേധാവി പറഞ്ഞു. ഒരിക്കലും അനുവദിക്കാൻ പറ്റാത്ത വിധത്തിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റം എന്നും അദ്ദേഹം പറഞ്ഞു.

സെക്കണ്ട് ഡിഗ്രി കൊലപാതകം, ക്രൂരമായ മർദ്ദനം, തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം, ഔദ്യോഗിക പദവി ദുരുപയാഗം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ഗ്രാൻഡ് ജ്യുറി ഈ അഞ്ചു പൊലീസുകാർക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഈ അഞ്ചുപേരും നിക്കോൾസിന്റെ മരണത്തിൽ വ്യത്യസ്തമായ പങ്കുകളാണ് വഹിച്ചിട്ടുള്ളതെന്നും, അഞ്ചുപേരും ഒരുപോലെ ഉത്തരവാദികളാണെന്നും ഷെല്ബി കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി സീവ് മൾറോയ് പറഞ്ഞു.

വീഡിയോ പുറത്തു വിട്ടതോടെ എംഫിസ് നഗരാധികൃതർ വലിയൊരുൻ കലാപം പ്രതീക്ഷിക്കുകയാണ്. പൊലീസും അധികൃതരും സമയത്ത് തന്നെ നടപടികൾ കൈക്കൊണ്ടിരുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. ജനുവരി7 നായിരുന്നു സംഭവം നടന്നത്. രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഇതിൽ ഉൾപ്പെട്ട അഞ്ച് പൊലീസ് ഉദ്യോഗസ്ഥരേയും പിരിച്ചു വിടുകയും ചെയ്തു. അവർക്കെതിരെ ന്വേഷണം തുടരുകയും ഇപ്പോൾ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങൾ അവർക്ക് മേൽ ചാർജ്ജ് ചെയ്തതായും അധികൃതർ വിശദീകരിക്കുന്നു.

അതേസമയം, ഇതുവരെ അധികൃതർ കൈക്കൊണ്ട നടപടികൾ സംതൃപ്തിയുണ്ടെന്ന് നിക്കോൾസിന്റെ കുടുംബവും പറഞ്ഞു. പ്രതിഷേധിക്കുന്നവർ ഒരിക്കലും അക്രമത്തിന്റെ പാത സ്വീകരിക്കരുതെന്നും, സമാധാനപരമായി പ്രതിഷേധിക്കണം എന്നും അവർ നിക്കോൾസ് വിഷയത്തിൽ പ്രതിഷേധിക്കുന്നവരോട് അഹ്വാനം ചെയ്തു. കോവിഡ് പ്രതിസന്ധിക്കിടയിൽ വന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭമാണ് ഇപ്പോഴും അധികൃതരിൽ ഭീതി വിതക്കുന്നത്.