ലണ്ടൻ: ഋഷി സുനക് വാളെടുത്തതോടെ നദീം സഹവി പുറത്തായി. നികുതി വെട്ടിപ്പുമായി ബന്ധ്പ്പെട്ട്, മിനിസ്റ്റീരിയൽ കോഡിന് ചേരാത്ത നടപടി ആയിരുന്നു സഹവി ചാൻസലർ ആയിരുന്നപ്പോൾ കൈക്കൊണ്ടതെന്ന് പ്രധാനമന്ത്രിയുടേ എത്തിക്സ് അഡ്വൈസർ സ്ര് ലോറി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഋഷി സുനക്‌സഹവിയെ നീക്കം ചെയ്തത്. ചാൻസലർ ആയിരുന്ന സമയത്ത് എച്ച് എം ആർ സിയുമായി തന്റെ ഒരു 4.8 മില്യൺ ബിൽ സെറ്റിൽ ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ആരോപണം ഉണ്ടായത്.

പാർട്ടിക്ക് ഇനി ഒരു പുതിയ ചെയർമാനെ കണ്ടെത്തെണ്ടതുണ്ട്. ബോറിസ് ജോൺസൺ ചെയർമാൻ സ്ഥാനത്തിനായി കരുക്കൾ നീക്കി തുടങ്ങിയതായി ചില റിപ്പോർട്ടുകൾ വരുന്നുണ്ട്. മുൻ ബിസിനെസ്സ് സെക്രട്ടറി, റീസ് മോഗ് ആണ് ഇപ്പോൾ ബോറിസ് ജോൺസന് വേണ്ടി പരസ്യമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. കൺസർവേറ്റീവ് പാർട്ടി ചെയർമാൻ ആകനുള്ള എല്ലാ യോഗ്യതകളും ബോറിസ് ജോൺസന് ഉണ്ടെന്ന് ടെലെഗ്രാഫ് അസ്സോസിയേറ്റ് എഡിറ്റർ, കാമില ടൊമിനിയുമായി ജി ബി ന്യുസ് പൊളിറ്റിക്സ് എന്ന പരിപാടിയിൽ സംസാരിക്കവെ ആണ് അദ്ദേഹം ഇത് പറഞ്ഞത്.

ഇപ്പോഴും ജനങ്ങൾക്കിടയിൽ നല്ലൊരു പ്രതിച്ഛായ കാത്തു സൂക്ഷിക്കുന്ന നേതാവാണ് ബോറിസ് എന്നു പറഞ്ഞ റീസ് മോഗ്ഗ്, കൂടുതൽ ജനങ്ങളെ ആകർഷിക്കാനും അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിനു കഴിയും എന്നു പറഞ്ഞു. പാർട്ടിക്ക് ഏറ്റവും അധികം അവശ്യമായ ഒരു ക്രൗഡ് പുള്ളർ ആണ് ബോറിസ് ജോൺസൺ എന്നാണ് മറ്റൊരു എം പി പറഞ്ഞത്.

എന്നാൽ, സഹവിക്ക് പകരം ആരെന്ന് ഉടനടി തീരുമാനിക്കാൻ ഇടയില്ല എന്നാണ് ഋഷി സുനകിന്റെ ഓഫീസിൽ നിന്നും ലഭിക്കുന്ന സൂചനകൾ. അനുയോജ്യമായ ഒരു വ്യക്തിയെ കണ്ടെത്താൻ, സമയം എടുത്തു തന്നെ അലോചിക്കുവാനാണ് ഋഷി തീരുമാനിച്ചിരിക്കുന്നത് എന്ന് ഋഷിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. നിലവിൽ കൺസർവേറ്റീവ് പാർട്ടിയുടെ ഡെപ്യുട്ടി ചെയർമാനായ മറ്റ് വിക്കേഴ്സിന്റെ പേര് ചെയർമാൻ സ്ഥാനത്തേക്ക് ഉയർന്ന് വന്നിരുന്നു.

ലേബർ പാർട്ടിയുടെ ശക്തികേന്ദ്രമായ സ്റ്റോക്ക്ഹോം സൗത്തിൽ നിന്നും ജയിച്ച് പാർലമെന്റിൽ എത്തിയ മാറ്റ് വിക്കേഴ്സിന് പക്ഷെ ബോറിസ് ജോൺസന്റെ പേര് ഉയർന്ന് വന്നതിൽ പിന്നെ ആരും സാധ്യത കൽപിക്കുന്നില്ല. എന്നാൽ, ഋഷിയുമായി ഏറെ അടുപ്പം കാത്തു സൂക്ഷിക്കുന്ന അദ്ദേഹത്തിന് പാർലമെന്ററി പ്രവർത്തനങ്ങളിൽ വിപുലമായ അനുഭവ പരിചയമുണ്ട്. നേരത്തേ പാർട്ടി ചെയർമാന്മാരായി സേവനമനുഷ്ഠിച്ചിട്ടുള്ള ബ്രാൻഡൺ ലൂയിസ്, ഒലിവർ ഡൗഡെൻ എന്നിവരുടേ പേരുകളും ഉയർന്ന് വന്നിട്ടുണ്ട്.

ടാൻസ്പോർട്ട് സെക്രട്ടറി മാർക്ക് ഹാർപ്പറുടെ പേരുംനിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. നേരത്തേ പാർട്ടിയുടെ ചീഫ് വിപ്പ് ആയിരുന്ന പരിചയമാണ് അദ്ദേഹത്തിന്റെ അനുയായികൾ ചൂണ്ടിക്കാട്ടുന്നത്. മുൻ ഹോം സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ പ്രീതി പട്ടേലിന്റെ പേരും ഉയർന്ന് വ്രരുന്നുണ്ട്. എന്നാൽ, അവർ അതിന് തയ്യാറായേക്കില്ല എന്ന് പട്ടേലുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.

വേറെ ആരുടേയൊക്കെ പേര് വന്നാലും ബോറിസ് ജോൺസന്റെ പേർ നിർദ്ദേശിക്കപ്പെട്ടതോടെ അതിനെല്ലാം പ്രസക്തി ഇല്ലാതെയായി എന്നാണ് രാഷ്ട്രീയ് നിരീക്ഷകർ വിലയിരുത്തുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ ബോറിസ് ജോൺസനെ പോലൊരു ക്രൗഡ് പുള്ളറുടെ സാന്നിദ്ധ്യം പാർട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്ന് അണികളും വിശ്വസിക്കുന്നു. പഴയ വഴക്കും വൈര്യാഗ്യവുമൊക്കെ മാറ്റിവെച്ച്, ഋഷി ഉചിതമായ നടപടി എടുത്താൽ നാലഞ്ച് മാസങ്ങൾക്ക് ശേഷം ബോറിസ് ജോൺസൺ വീണ്ടും മുൻ ബെഞ്ചിൽ എത്താൻ കഴിയും.