- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യൻ അധിനിവേശം ഭയന്ന് നാറ്റോയിൽ ചേരാനുള്ള സ്വീഡന്റെ ശ്രമത്തിന് ചെക്ക് പറഞ്ഞ് എർദോഗൻ; ഫിൻലാൻഡിന് ഉടൻ അംഗത്വം നൽകി സ്വീഡനെ പ്രകോപിപ്പിക്കാൻ ഒരുങ്ങി പുറപ്പെട്ട് തുർക്കി; ഖുറാൻ കത്തിച്ചതിന്റെ പേരിൽ സ്വീഡൻ ഒറ്റപ്പെടുന്നു
ഇസ്താംബുൾ: സ്വീഡനിലെ ഖുറൻ കത്തിക്കൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ഏറെ പ്രതിഷേധമുയർത്തിയ ഒരു സംഭവം തന്നെയായിരുന്നു, ഇസ്ലാമിക രാജ്യങ്ങൾ മാത്രമല്ല, ഇസ്ലാമിക വിശ്വാസികൾ മാത്രമല്ല, എല്ലാ വിഭാഗക്കാരും ഇതിനെതിരെ പ്രതിഷേധിക്കാൻ രംഗത്ത് എത്തിയിരുന്നു. ഇതിന്റെ പിന്നിൽ റഷ്യയാണ് എന്നൊരു കിംവദന്തിയും പരന്നിരുന്നു. സ്വീഡന്റെ നാറ്റോയിലേക്കുള്ള പ്രവേശനം തടയുക എന്നതായിരുന്നു റഷ്യയുടെ ഉദ്ദേശ്യം എന്ന് പറയപ്പെടുന്നു.
ഏതായാലും റഷ്യ ആഗ്രഹിച്ചത് പോലെ നടക്കാനാണ് സാധ്യത, നാറ്റോ അംഗരാജ്യമായ ടർക്കി സ്വീഡനെ സഖ്യത്തിൽ പ്രവേശിപ്പിക്കുന്നതിന് എതിരാണ്. സഖ്യത്തിന്റെ നിയമഘടന അനുസരിച്ച്, ഒരു പുതിയ അംഗത്തെ ചേർക്കണമെങ്കിൽ നിലവിലുള്ള എല്ലാ അംഗങ്ങളും ഏകകണ്ഠേന തീരുമാനിക്കണം. തീവ്രവാദ വിരുദ്ധ നിയമങ്ങൾ പൊളിച്ചെഴുതണം എന്ന് ടർക്കി ആവശ്യപ്പെട്ടപ്പോൾ സ്വീഡൻ അതിന് തുനിഞ്ഞതും അതിനാലായിരുന്നു. എന്നാൽ, ഖുറാൻ കത്തിക്കൽ ടർക്കിയെ വീണ്ടും പ്രകോപിപ്പിച്ചിരിക്കുന്നു.
അതേ സമയം സ്വീഡനോടൊപ്പം നാറ്റോയിൽ ചേരാൻ അപേക്ഷിച്ച ഫിൻലാൻഡിനെ നാറ്റോയിൽ എടുക്കുന്നതിന് ടർക്കി സമ്മതിക്കും എന്നറിയുന്നു. നാറ്റോയുമായി ബന്ധപ്പെട്ട വിഷയത്തിൽ തങ്ങൾ തീർത്തും വ്യത്യസ്തമായ ഒരു സന്ദേശമായിരിക്കും ഫിൻലാൻഡിന് നൽകുക എന്നും, ആ സന്ദേശം കണ്ട് സ്വീഡൻ ഞെട്ടും എന്നുമായിരുന്നു ഇന്നലെ ഒരു ടെലിവിഷൻ പ്രസംഗത്തിൽ എർദൊഗൻ പറഞ്ഞത്. കഴിഞ്ഞ വർഷം യുക്രെയിനിൽ റഷ്യ അധിനിവേശം നടത്തിയതിനു തൊട്ടു പുറകേയാണ് സ്വീഡനും ഫിൻലാൻഡും നാറ്റോയിൽ ചേരുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.
ടർക്കിയും ഹംഗറിയുമാണ് ഇരു രാജ്യങ്ങളുടേയും അപേക്ഷകളിൽ ഇനി തീരുമാനം എടുക്കാനുള്ളത്. ടർക്കിക്കെതിരെ യുദ്ധത്തിനു ശ്രമിച്ച കുർദ്ദിഷ് തീവ്രവാദികൾക്ക് സ്വീഡൻ അഭയം നൽകിയിരിക്കുകയാണെന്നും, അവരെ ടർക്കിക്ക് കൈമാറണമെന്നുമാണ് ടർക്കിയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ടർക്കി-സ്വീഡൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഖുറാൻ കത്തിക്കൽ നാടകം അരങ്ങേറിയത്. ഇതോടെ ടർക്ക് സ്വീഡനുമായുള്ള ചർച്ചകൾ നിർത്തിവെച്ചു.
മറുനാടന്‍ ഡെസ്‌ക്