ഴിഞ്ഞയാഴ്‌ച്ച അമേരിക്കയെ മുൾമുനയിൽ നിർത്തിയ ചൈനയുടെ ചാര ബലൂൺ ബെയ്ജിംഗിന്റെ വലിയൊരു ചാര പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു എന്ന റിപ്പോർട്ടുകൾ ഇന്നലെ പുറത്തു വന്നു. ആഗോളാടിസ്ഥാനത്തിൽ തന്നെ ചാര പ്രവർത്തനം നടത്തുകയായിരുന്നത്രെ ചൈനയുടെ ലക്ഷ്യം. മൂന്ന് അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ന്യുയോർക്ക് ടൈംസ് ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അമേരിക്കയുടെ സൈനിക ആസ്ഥാനങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കരുതുന്നു. എന്നാൽ, അതിനിടയിൽ മറ്റു പല രാജ്യങ്ങളുടെ സൈനിക കേന്ദ്രങ്ങളെയും ചൈന ഉന്നം വെച്ചിട്ടുണ്ട്. അഞ്ചു ഭൂഖണ്ഡങ്ങളിലായി 12 രാജ്യങ്ങളുടെ സൈനിക വിശദാംശങ്ങൾ ഈ ചാര ബലൂൺ ശേഖരിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കയിലാകെ പരിഭ്രാന്തി പടർത്തി ആകാശത്ത് പ്രത്യക്ഷപ്പെട്ട ഈ ബലൂൺ പിന്നീട് തെക്കൻ കരോലിന തീരത്തിനറ്റുത്ത് വെച്ച് അമേരിക്കൻ വ്യോമസേന വെടിവെച്ചിട്ടിരുന്നു. ജനുവരി 28 ന് കാനഡയുടെ ആകാശത്തു നിന്നാണ് ഇത് അമേരിക്കൻ അതിർത്തിയിലേക്ക് കടന്നതായി ആദ്യമായി കണ്ടെത്തിയത്. തുടർന്ന് പ്രസിഡണ്ട് ജോ ബൈഡന്റെ ഉത്തരവ് പ്രകാരം വ്യോമസേന അതിനെ വെടിവെച്ചിടുകയായിരുന്നു.

ബലൂൺ വെടിവെച്ചിടാൻ വൈകിയതിന് ബൈഡന് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. എന്നാൽ, ചൈനീസ് ചാര സംവിധാനത്തിന്റെ വിവിധ വശങ്ങൾ മനസ്സിലാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഉപഗ്രഹങ്ങളേക്കാൾ, ഇത്തരത്തിലുള്ള ഉപകരണങ്ങൾ ചാരവൃത്തിക്ക് ഉപയോഗിക്കുന്നതിന്റെ മേന്മയും എസ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു എന്നും റിപ്പോർട്ടിൽ പറയുന്നു. ഉപഗ്രഹങ്ങളെക്കാൾ ഭൂമിയുമായി കൂടുതൽ അടുത്തു നിൽക്കുന്നതിനാൽ ഇവയ്ക്ക് കൂടുതൽ വ്യക്തമായ ചിത്രങ്ങൾ നൽകാനാകും.

ഡൊണാൾഡ് ട്രംപിന്റെ കാലത്ത് ഇത്തരത്തിലുള്ള മൂന്ന് ചാര ബലൂണുകൾ അമേരിക്കയെ കടന്നു പോയതായി ബൈഡന്റെ പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നു. ഈ പുതിയ കണ്ടുപിടുത്തത്തിന്റെ അടിസ്ഥാനം എന്താണെന്നായിരുന്നു ട്രംപിന്റെ കാലത്തെ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോൺ ബോൾട്ടൺ സി എൻ എനോട് ചോദിച്ചത്. എന്നാൽ അന്ന് ഈ സംഭവത്തെ വിശദീകരിക്കാനാകാത്ത ഒരു പ്രതിഭാസം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുകയായിരുന്നു എന്നാണ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.