2014-ൽ യുക്രെയിനിൽ നിന്നും പിടിച്ചെടുത്ത് റഷ്യ സ്വന്തമാക്കിയ ക്രീമിയ തിരികെ പിടിക്കാൻ യുക്രെയിൻ തയ്യാറെടുക്കുകയാണ്. ബ്രിട്ടീഷ് നിർമ്മിത ദീർഘദൂര മിസൈലുകൾ ഇതിനായി ഉപയോഗിക്കും എന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അതിനിടയിൽ, പുതിയൊരു ആക്രമണത്തിനായി റഷ്യ ആയിരക്കണക്കിന് ടാങ്കുകളും 400യുദ്ധ വിമാനങ്ങളും സജ്ജമാക്കിയിരിക്കുന്നു എന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. പത്ത് ദിവസങ്ങൾക്കുള്ളിൽ പുതിയ ആക്രമണം ആരംഭിക്കും എന്നാണ് കരുതപ്പെടുന്നത്.

മതിയായ ആയുധ സഹായമില്ലെങ്കിൽ യുദ്ധം പരാജയപ്പെടുമെന്ന് ചൂണ്ടിക്കാട്ടി വൊളോഡിമിർ സെലെൻസ്‌കി പാശ്ചാത്യ രാജ്യങ്ങളോട് യുദ്ധ വിമാനങ്ങളും ദീർഘദൂര മിസൈലുകളും ആവശ്യപ്പെടുകയാണ്. അക്കാര്യം ഗൗരവപൂർവ്വം പരിഗണിക്കാം എന്ന ഉറപ്പായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് സെലെൻസ്‌കിക്ക് നൽകിയത്. റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ കൂടുതൽ ആയുധങ്ങൾ യുക്രെയിന് നൽകണമെന്നാവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും രംഗത്തെത്തിയിരുന്നു.

150 മൈൽ ദൂരം വരെ സഞ്ചരിക്കുന്നതും 1.2 മില്യൺ പൗണ്ട് വിലവരുന്നതുമായ ഹാർപൂൺ കപ്പൽ വേധ മിസൈലുകളും ചർച്ചയിൽ പൊന്തി വന്നിരുന്നു എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. 250 മൈൽ വരെ സഞ്ചരിക്കുന്ന സർഫസ് ടു എയർ മിസൈൽ ആയ സ്റ്റോമും ചർച്ചയിൽ വിഷയമായെന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2.2 മില്യൺ പൗണ്ടാണ് ഇതിന്റെ വില. ഈ മിസൈലുകൾ 2014-ൽ റഷ്യ പിടിച്ചടക്കിയ ക്രീമിയ തിരികെ പിടിക്കുന്നതിനായി ഉപയോഗിക്കും എന്നാണ് യുക്രെയിൻ പ്രതിരോധവൃത്തങ്ങൾ പറയുന്നത്.

അതിർത്തി കടന്നുള്ള ആക്രമണം യുദ്ധത്തിന്റെ തീവ്രത വർദ്ധിപ്പിക്കും എന്ന ആശങ്ക നിലനിൽക്കുമ്പോഴും മിസൈൽ നൽകുന്ന കാര്യത്തിൽ ധാരണയായി എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ഏത്ര ദീർഘദൂര മിസൈലുകൾ നൽകണം എന്ന കാര്യത്തിലാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. മിസൈലുകൾ ലഭിച്ചാൽ അധിനിവേശ മേഖലകളുടെ ഉള്ളിലേക്ക് കടന്ന് ആക്രമിക്കാൻ കഴിയുമെന്ന് സെലെൻസ്‌കിയും വ്യക്തമാക്കിയിരുന്നു.

അമേരിക്ക കഴിഞ്ഞ ദിവസം ഗ്രൗണ്ട് ലോഞ്ച്ഡ് സ്മോൾ ഡയമീറ്റർ ബോംബുകൾ യുക്രെയിന് നൽകിയിരുന്നു. 93 മൈൽ ആണ് ഇതിന്റെ പരിധി. ബ്രിട്ടനെ കഴിഞ്ഞ ദിവസം പ്രശംസിച്ചപ്പോൾ, ആധുനിക ആയുധങ്ങൾ നൽകാൻ മടിക്കുന്ന ജർമ്മനിയെ സെലെൻസ്‌കി വിമർശിക്കുന്നുമുണ്ട്. യുക്രെയിനെ സഹായിക്കുന്നതിനായി തനിക്ക് ഓരോ തവണയും സമ്മർദ്ദം ചെലുത്തേണ്ടി വരുന്നെന്ന് കഴിഞ്ഞ ദിവസം സെലെൻസ്‌കി ഒരു ജർമ്മൻ ന്യുസ് ചാനലിനോട് പറഞ്ഞിരുന്നു.

അതിനിടയിലാണ് റഷ്യ 1800 ടാങ്കുകളും 3,950 കവചിത വാഹനങ്ങളും, സോവിയറ്റ് കാലത്തെ 810 റോക്കറ്റ് ലോഞ്ചിങ് സിസ്റ്റങ്ങളും 400 യുദ്ധവിമാനങ്ങളും തയ്യാറാക്കി നിർത്തിയിരിക്കുന്നു എന്ന് ഒരു യുക്രെയിൻ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞത്. പുതിയതായി മറ്റൊരു ആക്രമണത്തിന് റഷ്യ തയ്യാറെടുക്കുകയാണെന്നും ഈ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. അടുത്ത പത്ത് ദിവസങ്ങൾക്കുള്ളിൽ ആക്രമണത്തിനു സാധ്യതയുണ്ടെന്നും ആ ഉദ്യോഗസ്ഥൻ പറഞ്ഞു.

നിർബന്ധിത സൈനിക സേവനം വഴി റഷ്യ സൈന്യത്തിലേക്ക് കൂടുതൽ പേരെ എടുക്കുന്നുണ്ടെങ്കിലും മതിയായ പരിശീലനം നൽകാൻ കഴിയാത്തത് റഷ്യൻ സൈന്യത്തിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെൻപാശ്ചാത്യ യുദ്ധ നിരീക്ഷകർ വിലയിരുത്തുന്നു. അതു തന്നെയാണ് റഷ്യൻ സൈന്യത്തിന് കനത്ത നഷ്ടം സഹിക്കേണ്ടി വന്നതിന് കാരണവും.

ഏകദേശം 2 ലക്ഷത്തോളം റഷ്യൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെടുകയോ ഗുരുതരമായ പരിക്കേൽക്കേണ്ടി വരികയോ ചെയ്തിട്ടുണ്ടെന്ന് ചില ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ന്യുയോർക്ക് ടൈംസ് കഴിഞ്ഞയാഴ്‌ച്ച റിപ്പോർട്ട് ചെയ്തിരുന്നു.