ലണ്ടൻ: അഭയാർത്ഥികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എക്കാലത്തും ഒരു തലവേദന തന്നെയാണ്. യുദ്ധങ്ങളും ക്ഷാമങ്ങളും പ്രകൃതി ദുരന്തങ്ങളുമൊക്കെ അഭയാർത്ഥികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്ത്,നിരാലംബർക്ക് ആശ്രയം ഏകുക എന്നത് മനുഷ്യത്വം നിറഞ്ഞ പ്രവൃത്തിയാണെന്ന് ഒരുഭാഗത്ത് വാദിക്കുമ്പോൾ, അഭയം നൽകുന്ന രാജ്യങ്ങളിലെ പൗർന്മാരെ കൂട് പരിഗണിച്ചിട്ടുപോലെ അഭയാർത്ഥികൾക്ക് അഭയം നൽകുന്ന കാര്യം തീരുമാനിക്കാൻ എന്ന വാദവും ഉയരുന്നുണ്ട്.

ഒരു രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിനായി ചെലവിടുന്ന തുക ഒരു പരിധിയിലേറെ അഭയാർത്ഥികൾക്കായി ചെലവിടുന്നതിന്റെ സാംഗത്യവും പലരും ചോദ്യം ചെയ്യാറുണ്ട്. ഈ ഒരു വികാരമായിരിക്കാം ഇപ്പോൾ ഒരുകൂട്ടം ബ്രിട്ടീഷുകാരെ അഭയാർത്ഥി വിരുദ്ധപ്രക്ഷോഭത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മേഴ്സിസൈഡിലെ നോവെസ്ലിയിലുള്ള സ്യുട്ട്സ് ഹോട്ടലിനു മുൻപിലായിരുന്നു പ്രകടനം നടന്നത്. അഫ്ഗാനിൽ നിന്നെത്തിയ അഭയാർത്ഥികളെയാണ് പ്രധാനമായും ഇവിടെ താമസിപ്പിച്ചിരിക്കുന്നത്.

അക്രമാസക്തമായ പ്രതിഷേധത്തെ തുടർന്ന് ഇവരെ ഇപ്പോൾ മാറ്റിപ്പാർപ്പിക്കുകയാണ്.താലിബാൻ രണ്ടാം വട്ടം അധികാരം പിടിച്ചെടുത്തപ്പോൾ, ജീവൻ രക്ഷിക്കാനായി ഓടിയെത്തിയവരാണ് ഇവർ. ഇവരിൽ പലരും മുൻ സർക്കാരിനെ സഹായിച്ചിരുന്ന പാശ്ചാത്യ ശക്തികളുടെ സഹായികളായും ജീവനക്കാരായും പ്രവർത്തിച്ചവരാണ്. നാട്ടിൽ നിന്നും ജീവൻ ഭയന്ന് ഇവിടെ എത്തിയപ്പോൾ വീണ്ടും ജീവന് ഭീഷണി എന്നായിരുന്നു ഒരു അഫ്ഗാൻ അഭയാർത്ഥി പർഞ്ഞത്.

അഭയാർത്ഥികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കെയർ 4 കലൈസ് പ്രവർത്തകർ ഇന്നലെ ചോക്കലേറ്റുകളും കേക്കുകളും, മധുരപലഹാരങ്ങളും ഒക്കെയായി അഭയാർത്ഥികൾ താമസിക്കുന്ന ഹോട്ടലിൽ എത്തിയിരുന്നു. അവരുടെ ആശങ്കകൾ അകറ്റി സന്തോഷിപ്പിക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. വെള്ളിയാഴ്‌ച്ച നടന്ന അക്രമാസക്ത സമരവുമായി ബന്ധപ്പെട്ട് 15 പേരോളം ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. അതിൽ ഒരാൾ 13 വയസ്സുള്ള ഒരു കൗമാരക്കാരനായിരുന്നു. രണ്ട് സ്ത്രീകളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

ദുരിതപൂർണ്ണമായ സാഹചര്യങ്ങളിൽ, വീടും നാടും വിട്ട് പലായനം ചെയ്യേണ്ടി വന്നവരാണ് ഹോട്ടലിൽ ഉള്ളവർ എന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടൻ ഒരു സ്വർഗമാണെന്ന് കരുതുന്നതിലാണ് അവർ സഹായം അഭ്യർത്ഥിച്ച് ഇവിടെ എത്തിയതെന്നും കെയർ 4 കലൈസ് വക്താവ് പറയുന്നു. അവിടെയാണ് അവർ ഒരു ജനതയുടെ വെറുപ്പും കോപവും തിരിച്ചറിഞ്ഞത് എന്നും അവർ പറഞ്ഞു. ഇത് അഭയാർത്ഥികളിൽ വീണ്ടും അരക്ഷിതബോധം സൃഷ്ടിച്ചിരിക്കുകയാണ്.

അതേസമയം, അഭയാർത്ഥികളെ പുറത്താക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭണം നടത്തുന്നവർ ഹോട്ടലിന് മുൻപിൽ ഒരു പൊലീസ് വാഹനത്തിന് തീയിട്ടു. അഭയാർത്ഥി ക്യാമ്പിൽ താമസിക്കുന്ന ഒരു 25 കാരൻ തന്നെ പീഡിപ്പിച്ചു എന്ന് ഒരു സ്‌കൂൾ വിദ്യാർത്ഥിനി പറയുന്ന വീഡിയോ ആയിരുന്നു ഈ പ്രതിഷേധത്തിന് തിരികൊളുത്തിയത്. ഫെബ്രുവരി 6 ന് കിർബിയിൽ വെച്ച് നടന്ന ഒരു പീഡനശ്രമത്തെ കുറിച്ചും ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഈ പീഡനവിഷയം പൊതുജനങ്ങൾ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. ഇരയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല എങ്കിലും ഇതുവായി ബന്ധപ്പെട്ട് പ്രായം ഇരുപതുകളിൽ ഉള്ള ഒരു വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്.