വാഷിങ്ടൺ: ഒരു തലമുറയെ മുഴുവൻ ആകർഷിച്ച ചിത്രമായിരുന്നു ഇ ടി എന്ന ചുരുക്കപ്പെരിൽ അറിയപ്പെട്ടിരുന്ന എക്സ്ട്രാ ടെറസ്ട്രിയൽ. എന്നും മനുഷ്യന്റെ ആകാംക്ഷയ്ക്കും ഭാവനയ്ക്കും ഏറെ വളമേകിയ വിഷയം തന്നെയായിരുന്നു ഭൂമിക്ക് പുറത്തുള്ള, ഒരുപക്ഷെ, ഈ സൗരയൂഥത്തിനും അപ്പുറമുള്ള ഏതോ ഒരു ഗ്രഹത്തിൽ വസിക്കുന്ന ആളുകളുടെ കഥ. മതങ്ങളുടെ സ്വർഗ്ഗം എന്ന സങ്കൽപം പോലെ ശാസ്ത്രമൊരുക്കുന്ന സ്വർഗ്ഗം എന്ന സങ്കൽപമാണ് ജീവൻ തുടിക്കുന്ന ഒരു ഗ്രഹവും അവിടത്തെ ജീവികളും എന്നും പറയാറുണ്ട്.

ഏതായാലും, അമേരിക്കയുടെ ആകാശത്ത് കണ്ടെത്തിയ അജ്ഞാത വസ്തുവിനെ വെടിവെച്ചിട്ടിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും അതിനെ കുറിച്ച് വിശദീകരിക്കാൻ ഇതുവരെ പ്രതിരോധ വകുപ്പിന് ആയിട്ടില്ല. ഇത് നിർവധി ഊഹോപോഹങ്ങൾക്ക് വളം വയ്ക്കുകയാണ്. വെടിവെച്ചിട്ട ആകാശനൗകയിൽ ഉണ്ടായിരുന്നത് അന്യഗ്രഹ ജീവികളായിരുന്നു എന്ന വാർത്ത ചൂടോടെ പ്രചരിക്കുകയാണ്.

എന്നാൽ, വൈറ്റ്ഹൗസ് ഇത് പൂർണ്ണമായും തള്ളിക്കളയുകയാണ്. താൻ ഇ ടി സിനിമ ഏറെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞ കരീൻ ജീൻ പിയറി, പക്ഷെ സർക്കാർ ഈ ആകാശനൗകയുടെ കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. വെടിവെച്ചിട്ട വസ്തുവിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ശേഖരിച്ചു കോണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. അതേസമയം ഞായറാഴ്‌ച്ച രാത്രി സൂപ്പർ ബൗളിനിടയിൽ മാധ്യമ സമ്മെളനം നടത്തിയ ജനറൽ ഗ്ലെൻ വാന്റെക്ക് പറഞ്ഞത് ആരു പറയുന്നതും തങ്ങൾ തള്ളിക്കളയുന്നില്ല എന്നാണ്.

ഈയവസരത്തിൽ തങ്ങൾ ചെയ്യുന്നത് വടക്കെ അമേരിക്ക നേരിടുന്ന ഭീഷണികളും, ഇനി ഭാവിയിൽ നേരിട്ടേക്കാവുന്ന ഭീഷണികളും, അതിന്റെയെല്ലാം ജ്ഞതവും അജ്ഞാതവുമായ സ്രോതസ്സുകളും ഒക്കെ വിലയിരുത്തുക, വിശകലനം ചെയ്യുക എന്നതാണെന്നും അദ്ദെഹം പറഞ്ഞു.കഴിഞ്ഞ ദിവസം വെടിവെച്ചിട്ട അജ്ഞാത വസ്തുക്കളെ കുറിച്ച് ഇപ്പോഴും അന്വേഷണം നടക്കുകയാണ്. അതേസംയം കഴിഞ്ഞ വാരാന്ത്യത്തിൽ സൗത്ത് കരോലിനയുടെ തീരത്തു നിന്നും മാറി വെടിവെച്ചിട്ട ബലൂൺ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുമായി ബന്ധപ്പെട്ട നെറ്റ്‌വർക്കിൽ ഉള്ളതാണെന്ന് നാഷണൽ സെക്യുരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി അറിയിച്ചു.

അതേസമയം, ഇപ്പോൾ വെടിവെച്ചിട്ട ഈ അജ്ഞാത വസ്തുക്കൾ ഒരു പുതിയ കാര്യമല്ലെന്നാണ് സെനറ്റർ മാക്രോ ടൂബിയോ പറയുന്നത്. അമേരിക്കയുടെ നിയന്ത്രിത വ്യോമ മേഖലക്ക് മുകളിലൂടെ ഇത്തരത്തിലുള്ള അജ്ഞാത നൗകകൾ പറക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി എന്ന് അദ്ദേഹം പറയുന്നു. ഇതു തന്നെയാണ് അജ്ഞാതമായ വ്യോമ പ്രതിഭാസങ്ങൾ നിരീക്ഷിക്കുവാൻ ഒരു പ്രത്യേക വിഭാഗത്തെ തന്നെ രൂപീകരിച്ചതെന്നും അദ്ദേഹം പറയുന്നു.