- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ മൂന്നുമാസത്തിനിടെ ഇത് അഞ്ചാം തവണ; 10 വയസുകാരിയായ മകളെയും കൂട്ടി സൈനിക പരേഡിൽ കിം ജോങ് ഉൻ വീണ്ടും; കറുത്ത കോട്ടിട്ട കൊച്ചുമിടുക്കി കിമ്മിനും ഭാര്യക്കും ഒപ്പം സൈനിക വിരുന്നിലും; കിമ്മിന്റെ അനന്തരാവകാശി ജു എ എന്ന് പാശ്ചാത്യ മാധ്യമങ്ങൾ
പ്യോങ്യാങ്: പട്ടാള ചിട്ടയിലാണ് എപ്പോഴും ഉത്തരകൊറിയയിലെ കാര്യങ്ങൾ. വല്ലപ്പോഴുമാണ് കണ്ണിന് കൗതുകമുള്ള എന്തെങ്കിലും ജനങ്ങൾക്ക് കാണാൻ കിട്ടുന്നത്. ഉത്തര കൊറിയൻ സൈന്യത്തിന്റെ 75ം ാം വാർഷികമായിരുന്നു കഴിഞ്ഞാഴ്ച. തലസ്ഥാനമായ പ്യോങ്യാങ്ങിലെ പ്രധാന ചത്വരത്തിൽ അത്യാധുനിക ആയുധങ്ങൾ അണിനിരന്നു. ഭൂഖണ്ഡാന്തര മിസൈലുകളുടെയും മറ്റും വൻനിര തന്നെയുണ്ടായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ഈ കാഴ്ചകൾക്കിടയിലും ആളൂകളുടെ ശ്രദ്ധ പതിഞ്ഞത് മറ്റൊന്നിലാണ് എന്നതാണ് രസകരം. വേദിയിൽ ഉത്തരകൊറിയൻ ഭരണാധികാരി സാക്ഷാൽ കിങ് ജോങ് ഉന്നിനൊപ്പം, കറുത്ത കോട്ടിട്ട ഒരു കൊച്ചുപെൺകുട്ടി.
ഓരോ തവണയും റോക്കറ്റ് വാഹിനി കടന്നുപോകുമ്പോൾ പെൺകുട്ടി അവിടെ കൂടിയിരുന്ന വമ്പന്മാരായ ജനറൽമാർക്കൊപ്പം കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ആളുടെ പേര് ജു എ എന്നാണ്. ഒമ്പതോ, പത്തോ പ്രായം. കിമ്മിന്റെ രണ്ടാമത്തെ കുട്ടിയെന്നാണ് കരുതപ്പെടുന്നത്. ഇതൊന്നും ഔദ്യോഗികമായി വെളിപ്പെടുത്തുന്ന പതിവ് കിമ്മിനില്ലല്ലോ. അച്ഛനെ പോലെ തന്നെ തടിച്ചുരുണ്ട കവിളുകളാണ് മകൾക്കും.
ഇങ്ങനെയൊരു മകൾ കിമ്മിനുണ്ടെന്ന് ലോകം അറിഞ്ഞത് തന്നെ ഏതാനും വർഷങ്ങൾക്ക് മുമ്പ് കിമ്മിന്റെ ചങ്ങാതിയായ യുഎസ് ബാസ്‌ക്കറ്റ് ബോൾ താരം ഡെന്നിസ് റോഡ്മാൻ പറഞ്ഞപ്പോഴാണ്. 2013 ൽ റോഡ്മാൻ ഉത്തര കൊറിയ സന്ദർശിച്ചപ്പോഴാണ് അന്ന് കുഞ്ഞായിരുന്ന ജു എയെ കണ്ടത്. അന്ന് കുഞ്ഞിനെ എടുക്കാനും റോഡ്മാനെ അനുവദിച്ചു ബാസ്‌കറ്റ് ബോൾ പ്രേമിയായ കിം.
സാധാരണഗതിയിൽ കുട്ടികളെയും കൂട്ടി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന പതിവൊന്നും കിമ്മിനില്ല. എന്നാൽ, കഴിഞ്ഞ മൂന്നുമാസത്തിനിടെ, അഞ്ചിലേറെ തവണ ജു എ കിമ്മിനൊപ്പം പൊതുവേദികളിൽ എത്തി. കഴിഞ്ഞ നവംബറിൽ കിമ്മിന്റെ കൈ പിടിച്ച് ഒരു റോക്കറ്റ് വിക്ഷേപണ കേന്ദ്രം ജുവ സന്ദർശിച്ചിരുന്നു. കഴിഞ്ഞാഴ്ച സൈനിക പരേഡിന് തൊട്ടുമുമ്പത്തെ ദിവസം, ഒരു സൈനിക വിരുന്നിലും മകൾ പങ്കെടുത്തു. കിമ്മിനും ഭാപ്യ റി സോൾ ജുവിനും മധ്യേയായിരുന്നു ഇരിപ്പിടം. കിമ്മിന്റെ ഭാര്യ റി സോൾ ജുവിനെ കുറിച്ചും പുറത്ത് വലിയ വിവരമൊന്നുമില്ല. റി എന്ന പേര് തന്നെ കള്ളപ്പേരായിരിക്കുമെന്നും സൂചനയുണ്ട്. റി സോൾ ജു നേരത്തെ ഒരു പ്രൊഫഷണൽ ഗായികയായിരുന്നു എന്നും പറയുന്നു. കിമ്മിന് സംഗീതം വലിയ ഇഷ്ടമാണത്രേ.
സൈനിക പരേഡ് കാണാനും ഭർത്താവിനും മകൾക്കുമൊപ്പം റി സോൾ ജു എത്തിയിരുന്നു. എന്തായാലും കിമ്മിന്റെ മകളുടെ പൊതുവേദിയിലെ ആവർത്തിച്ചുള്ള പ്രത്യക്ഷപ്പെടൽ പല ഊഹാപോഹങ്ങൾക്കും പതിവ് പോലെ വഴിതെളിച്ചു. കിം അനന്തരാവകാശിയായി തിരഞ്ഞെടുത്തിരിക്കുന്നത് ഈ കുട്ടിയെ ആണെന്നാണ് സംസാരം. ജു എ എന്ന പേര് ഉത്തര കൊറിയൻ സർക്കാർ മാധ്യമങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പകരം ഓരോ വിശേഷണങ്ങൾ മാറി മാറി ഉപയോഗിക്കുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഏത് പ്രിയങ്കരിയായ മകൾ എന്നായിരുന്നു. എന്നാൽ, ഏതാനും ദിവസം മുമ്പ് അത് ആദരണീയായ മകൾ എന്നാക്കി മാറ്റി. സാധാരണഗതിയിൽ പരമോന്നത നേതാക്കളെയും അവരുടെ ഭാര്യമാരെയും ആണ് ഇങ്ങനെ വിശേഷിപ്പിക്കാറുള്ളത്.
കിം ഇൽ സുങ്ങിന്റെ മൂന്നാമത്തെ അനന്തരാവകാശിയായി ജു എയെ നാമനിർദ്ദേശം ചെയ്തിട്ടുണ്ടെങ്കിൽ, സൈനിക പരിപാടികളിലെ കുട്ടിയുടെ സാന്നിധ്യം നിർണായകമാണ്. എന്തായാലും കിമ്മിന് ഇപ്പോൾ 39 വയസായിട്ടേയുള്ളു. അതുകൊണ്ട് തന്നെ നേരത്തെ മകളെ രാജ്യതന്ത്രത്തിൽ പ്രാപ്തയാക്കുക എന്നതായിരിക്കാം കിമ്മിന്റെ തന്ത്രം.
ജു എയ്ക്ക് ഒരു മൂത്ത സഹോദരനും, ഒരു അനിയത്തിയും ഉണ്ടെന്നാണ് പറയപ്പെടുന്നത്. 2010 ലും, 2017 ലുമാണ് ഇവർ ജനിച്ചത്. എന്തായാലും കമ്മിന് ജുവയോടാണ് കൂടുതൽ ഇഷ്ടം എന്ന കാര്യം വ്യക്തം. തീരദേശ നഗരമായ വോൺസാനിലെ സ്വകാര്യ എസ്‌റ്റേറ്റിലാണ് കിമ്മിന്റെ കുടുംബം ആഡംബര ജീവിതം നയിക്കുന്നതെന്ന് പറയപ്പെടുന്നു. കനത്ത സുരക്ഷയുള്ള എസ്റ്റേറ്റിൽ 9 വലിയ അതിഥി മന്ദിരങ്ങളും, വിനോദ കേന്ദ്രവും, തിയേറ്ററും, ബാസ്‌കറ്റ് ബോൾ കോർട്ടും, സ്വകാര്യ തുറമുഖവും, സ്പോർട്സ് സ്റ്റേഡിയവും, നീന്തൽ കുളങ്ങളും, ടെന്നീസ് കോർട്ടുകളും എല്ലാം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
സമീപകാല സംഭവങ്ങൾ മകളെ അനന്തരാവകാശിയായി വാഴിക്കാനുള്ള കിമ്മിന്റെ നീക്കമാണെന്ന് എല്ലാ ഉത്തര കൊറിയൻ വിശകലന വിദഗ്ധരും കരുതുന്നില്ല. ഉത്തര കൊറിയൻ സൈന്യം ഒരിക്കവും ഒരു വനിതയെ ഭരണാധികാരിയായി അംഗീകരിക്കില്ലെന്നും ചിലർ പറയുന്നു. മറ്റുചിലരാകട്ടെ ഇതെല്ലാം വെറും പി ആർ സ്റ്റണ്ടാണെന്ന് വിശ്വസിക്കുന്നു. കിം ഒരു സ്‌നേഹവാനായ പിതാവാണെന്നും, കിമ്മിന് ശേഷവും ചുമതലകൾ വഹിക്കാൻ ആളുണ്ടെന്നും ഉള്ള സന്ദേശം നൽകാനാണ് ഇതെല്ലാമെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു.
മറുനാടന് ഡെസ്ക്