- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2005 ന് ശേഷം ജനിച്ച ഓരോ അമേരിക്കക്കാരനും സർക്കാർ ചെലവിൽ 1000 ഡോളർ സേവിങ്‌സ് അക്കൗണ്ട്; താഴ്ന്ന വരുമാനക്കാരായ കുടുംബത്തിലെ കുട്ടിക്ക് 18 വയസ് തികയുമ്പോൾ 46,000 ഡോളർ സമ്പാദ്യം; കറുത്തവർഗ്ഗക്കാരെയും ഇടത്തരക്കാരെയും ലക്ഷ്യമിട്ട് ഡെമോക്രാറ്റുകളുടെ ബിൽ; പാസായാൽ അകലുക സാമ്പത്തിക അന്തരമെന്ന് വാഗ്ദാനം
വാഷിങ്ടൺ: ലോകത്തെല്ലായിടത്തും, ആളുകൾ ഉറ്റുനോക്കുന്ന കാര്യം ജീവിത സുരക്ഷയാണ്. ജീവിക്കാൻ കാശുവേണമല്ലോ. കോവിഡ് തകർത്ത സമ്പദ് വ്യവസ്ഥ, മിക്ക രാജ്യങ്ങളിലും കര കയറി വരുന്നതേയുള്ളു. അമേരിക്കയിലും മറ്റും ഇടത്തക്കാരുടെ കാര്യം പലപ്പോഴും കഷ്ടത്തിലാണ്. കഴിഞ്ഞ വർഷം നടന്ന ഒരു സർവേയിൽ 56 ശതമാനത്തോളം അമേരിക്കക്കാർ, ഒരു അടിയന്തര സാഹചര്യം വന്നാൽ 1000 ഡോളർ ബിൽ അടയ്ക്കാൻ പാങ്ങില്ലാത്തവരാണ് എന്നായിരുന്നു കണ്ടെത്തൽ. അടിയന്തര നിക്ഷേപ നിധിയെ ആശ്രയിക്കുന്നതിന് പകരം പലരും ബില്ലടയ്ക്കാൻ കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടെ കടം ചോദിക്കുകയോ ബാങ്കിൽ നിന്നോ ക്രഡിറ്റ് കാർഡിൽ നിന്നോ പണമെടുക്കുകയോ ആവും ചെയ്യുക. ഇത് ഒരു വർഷം മുമ്പ് നടന്ന സർവേ ആണെങ്കിലും, യുഎസിലെ മധ്യവർഗ്ഗക്കാരും, താഴ്ന്ന വരുമാനക്കാരും മതിയായ സമ്പാദ്യമില്ലാതെ കഷ്ടപ്പെടുന്നവരാണ്. വിശേഷിച്ചും കറുത്ത വർഗ്ഗക്കാർ അടക്കം പാർശ്വവൽക്കരിക്കപ്പെട്ടവർ. ഈ പശ്ചാത്തലത്തിലാണ് ഡെമോക്രാറ്റുകൾ കൊണ്ടുവരുന്ന പുതിയ പദ്ധതി ആകർഷകമാകുന്നത്.
2005 ന് ശേഷം ജനിച്ച ഓരോ അമേരിക്കക്കാരനും, സർക്കാർ 1000 ഡോളറിന്റെ സേവിങ്‌സ് അക്കൗണ്ട് തുറന്നുനൽകുന്ന പദ്ധതിയാണിത്. 18 വയസ് തികയും വരെ ഈ അക്കൗണ്ടിലേക്ക് പണം വന്നുകൊണ്ടിരിക്കും. ഇതിനായി വസ്തുനികുതിയും ദാനനികുതിയും കൂട്ടും. ഡെമോക്രാറ്റുകളായ സെനറ്റർ കോറി ബുക്കറും, പ്രതിനിധി അയന്ന പ്രസ്ലിയുമാണ് അമേരിക്കൻ ഓപ്പർച്യൂണിറ്റി അക്കൗണ്ട്‌സ് ബിൽ അവതരിപ്പിച്ചത്.
താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ഈ പദ്ധതി വഴി 18 വയസാകുമ്പോൾ 46,000 ഡോളർ അക്കൗണ്ടിൽ സമ്പാദ്യമുണ്ടാകും. ഈ കുട്ടികൾക്ക് വർഷം 2000 ഡോളർ കിട്ടും. വംശീയ സാമ്പത്തിക അന്തരം കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് ഡെമോക്രാറ്റുകൾ പറഞ്ഞു. ബേബി ബോണ്ടുകൾ ഇറക്കി രാജ്യത്തെ യുവാക്കളെ സാമ്പത്തിക അന്തരത്തെ നേരിടാൻ സഹായിക്കുന്ന തരത്തിലാകും നിയമനിർമ്മാണം.
കറുത്ത വർഗ്ഗക്കാർ അടക്കം പാർശ്വവൽക്കരിക്കപ്പെട്ടവരെ ദാരിദ്ര്യത്തിൽ നിന്നും പട്ടിണിയിൽ നിന്നും കരകയറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് നിയമ നിർദ്ദേശം. ബേബി ബോണ്ടുകൾ അമേരിക്കയുടെ പല സംസ്ഥാനങ്ങളിലും പ്രചാരത്തിലായി കഴിഞ്ഞുവെന്ന് അയന്ന പ്രസ്ലി പറഞ്ഞു. കാലിഫോർണിയ, അയോവ, ഡെലവേർ, ന്യൂജേഴ്‌സി എന്നീ സംസ്ഥാനങ്ങളിൽ സമാനമായ പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ട്. കറുത്തവർഗ്ഗക്കാരുടെ ജീവിതവും, സമ്പത്തും സുപ്രധാനമായ വിഷയമാണ്. അതുകൊണ്ട് താമസം കൂടാതെ തങ്ങളുടെ ബിൽ കോൺഗ്രസ് പാസാക്കണമെന്നും പ്രസ്ലി ആവശ്യപ്പെട്ടു.
അമേരിക്കയിൽ, പലർക്കും തങ്ങളുടെ മുൻതലമുറക്കാരെ അപേക്ഷിച്ച് വീട് സ്വന്തമാക്കാനോ, ഉയർന്ന വിദ്യാഭ്യാസം നേടാനോ, സുരക്ഷിതമായ വിരമിക്കൽ ജീവിതത്തിലോ സാധിക്കുന്നില്ല. അതിനൊരു പരിഹാരമായാണ് ഡമോക്രാറ്റുകളായ സെനറ്റർ കോറി ബുക്കറും, പ്രതിനിധി അയന്ന പ്രസ്ലിയും ബില്ലുമായി രംഗത്തെത്തിയത്.
മറുനാടന് ഡെസ്ക്