തികച്ചും അപ്രതീക്ഷിതമായിരുന്നു അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ യുക്രെയിൻ സന്ദർശനം, അതുപോലെ ഉദ്വേഗഭരിതവും. യുക്രെയിൽ എത്തിയതുപോലെ തന്നെ 10 മണിക്കൂർ ട്രെയിൻ യാത്ര ചെയ്ത് പോളണ്ടിൽ എത്തിയായിരുന്നുെ ബെഡന്റെ മടക്കവും. പ്രാദേശിക സമയം രാത്രി 9.30 നോടെ ബൈഡൻ മടങ്ങിയപ്പോഴായിരുന്നു ഉദ്യോഗസ്ഥർക്ക് ശ്വാസം നേരെ വീണത്. അമേരിക്കൻ സൈന്യത്തിന്റെ സാന്നിദ്ധ്യമില്ലാത്ത, സഖ്യകക്ഷികൾക്ക് ആകാശത്ത് നിയന്ത്രണമില്ലാത്ത ഒരു രാജ്യത്ത് അമേരിക്കൻ പ്രസിഡണ്ട് നടത്തിയ സന്ദർശനം ആദ്യാവസാനം ഉദ്വേഗം നിറഞ്ഞതും ഏറെ ആശങ്ക പരത്തിയതും ആയിരുന്നു.

അതീവ സൂക്ഷ്മതയോടെ ആസൂത്രണം ചെയ്ത ഒന്നായിരുന്നുഈ സന്ദർശനം. ഇതിനു മുൻപും അമേരിക്കൻ പ്രസിഡണ്ടുമാർ യുദ്ധമുഖങ്ങൾ സന്ദർശിച്ചിട്ടുണ്ട്, ഇറാഖിലും അഫ്ഗാനിസ്ഥാനിലുമൊക്കെ. എന്നാൽ, അവിടെയെല്ലാം അമേരിക്കൻ സൈന്യത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. എന്നാൽ, യുക്രെയിനിലെ സാഹചര്യം അങ്ങനെയുള്ളതല്ല. അതുകൊണ്ടുതന്നെ, അധികാരത്തിലിരിക്കുന്ന ഒരു അമേരിക്കൻ പ്രസിഡണ്ടിന്റെ സന്ദർശനം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു എന്ന് വൈറ്റ്ഹൗസ് കമ്മ്യുണിക്കേഷൻ ഡയറക്ടർ കെയ്റ്റ് ബെഡിങ്ഫീൽഡ് പറഞ്ഞു.

എല്ലാ ദിവസവും വൈകുന്നേരം, പ്രസിഡണ്ടിന്റെ തൊട്ടടുത്ത ദിവസത്തെ പരിപാടികളുടെ ഷെഡ്യുൾ മാധ്യമങ്ങൾക്ക് നൽകുന്ന പതിവുണ്ട്. അതനുസരിച്ച് കഴിഞ്ഞ തിങ്കളാഴ്‌ച്ച മാധ്യമങ്ങൾക്ക് നൽകിയ ഷെഡ്യുളിൽ പറഞ്ഞത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുക്കും എന്നായിരുന്നു. എന്നാൽ, വൈകിട്ട് 6:40 ന് അദ്ദേഹം പോളണ്ടിലേക്ക് തിരിച്ചു. പിന്നീട് പുതുക്കിയ ഷെഡ്യുൾ മാധ്യമങ്ങൾക്ക് ലഭിക്കുമ്പോഴേക്കും ബൈഡൻ പകുതി വഴി താണ്ടിയിരുന്നു.

വളരെ കുറച്ച് അംഗങ്ങൾ മാത്രമായിരുന്നു ഈ സന്ദർശനത്തിൽ അമേരിക്കൻ പ്രസിഡണ്ടിന്റെ സംഘത്തിൽ ഉണ്ടായിരുന്നത്. വളരെ അടുത്ത ഉപദേഷ്ടാക്കളും മെഡിക്കൽ സംഘവും മാത്രമായിരുന്നു അദ്ദേഹത്തെ അനുഗമിച്ചിരുന്നത്. സാധാരണയായി 13 മാധ്യമ പ്രതിനിധികളെ പ്രസിഡണ്ടിനൊപ്പം യാത്ര ചെയ്യാൻ അനുവദിക്കാറുണ്ടായിരുന്നെങ്കിൽ ഇത്തവണ ഉണ്ടായിരുന്നത് ഒരു ഫോട്ടോഗ്രാഫറും ഒരു റിപ്പോർട്ടറും മാത്രമായിരുന്നു. യാത്രയുടെ ലക്ഷ്യം അവരെ ധരിപ്പിച്ച് എല്ലാം രഹസ്യമാക്കി വെയ്ക്കാൻ നിർദ്ദേശം നൽകിയിരുന്നു. മാത്രമല്ല, അവർക്ക് സ്വന്തം ഫോൺ ഉപയോഗിക്കാൻ അനുവാദം നൽകിയിരുന്നുമില്ല.

ഇടയ്ക്ക് ജർമ്മനിയിലെ അമേരിക്ക സൈനികാസ്ഥാനത്ത് ഇറങ്ങി ഇന്ധനം നിറച്ച ശേഷമായിരുന്നു പോളണ്ടിലെ സെസോവിലേക്ക് പറന്നത്. കീവിലേക്കെത്തുന്ന പ്രമുഖർക്ക് ഉള്ള ഒരു ട്രാൻസ്പോർട്ട് ഹബ്ബാണ് ഈ പോളിഷ് നഗരം. യുക്രെയിന്റെ ആകാശത്ത് റഷ്യൻ യുദ്ധവിമാനങ്ങൾ കഴുകൻ കണ്ണുകളുമായി പറക്കുന്നതിനാൽ, ഇവിടെ നിന്നുള്ള ട്രെയിൻ യാത്രയായിരുന്നു താരതമ്യേന സുരക്ഷിതം. വിമാനതാവളത്തിൽ നിന്നും ഒരു മണിക്കൂർ റോഡ് മാർഗ്ഗം സഞ്ചരിച്ചായിരുന്നു ബൈഡനും സംഘവും റെയിൽവേസ്റ്റേഷനിൽ എത്തിയത്.

ഈ സന്ദർശനത്തെ കുറിച്ചുള്ള വിവരം റഷ്യയെ അറിയിച്ചിരുന്നു. ഇത് ഭയം കാരണമാണെന്നും വാദമുണ്ട്. യുദ്ധ സാഹചര്യം സൂചിപ്പിക്കുന്ന സൈറണുകൾ കേട്ട് ബൈഡൻ വിരണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇതിനൊന്നും സ്ഥിരീകരണമില്ല, അമേരിക്കൻ പ്രസിഡണ്ട് യുക്രെയിനിൽ ഉള്ള സമയത്തുള്ള റഷ്യൻ നടപടികൾ ഒരുപക്ഷെ അമേരിക്കയും റഷ്യയും തമ്മിൽ നേരിട്ടുള്ള ഒരു യുദ്ധത്തിൽ കലാശിച്ചേക്കാം എന്ന മുന്നറിയിപ്പും അമേരിക്ക, റഷ്യയ്ക്ക് നൽകിയിരുന്നു. സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കിയാവണം റഷ്യയും വിട്ടുനിന്നു.

രാത്രി 9. 30 നായിരുന്നു ബൈഡൻ ട്രെയിൻ യാത്ര ആരംഭിച്ചത്. യാത്രയുടെ ഏറിയ പങ്കും രാത്രിയിൽ തന്നെയായിരുന്നു. പിറ്റേന്ന് വെളുപ്പിന് കീവ് നഗരത്തിൽ വൊളോഡോമിർ സെലെൻസ്‌കിയുമൊത്തുള്ള ബൈഡന്റെ ചിത്രങ്ങൾ പുറത്തുവന്നപ്പോഴായിരുന്നു ലോകം ബൈഡന്റെ സന്ദർശനത്തെ കുറിച്ച് അറിയുന്നത്. സന്ദർശനം പൂർത്തിയാക്കി പോളണ്ടിൽ തിരിച്ചെത്തുന്നതു വരെ സന്ദർശന വിവരം രഹസ്യമാക്കി സൂക്ഷിക്കാനാകുമെന്ന് വൈറ്റ്ഹൗസ് പ്രത്യാശിച്ചിരുന്നെങ്കിലും അത് നടന്നില്ല.

ബൈഡന്റെ ഒപ്പം സഞ്ചരിച്ച പത്രപ്രവർത്തകർക്ക് ബൈഡന്റെ പരിപാടികൾ തത്സമയം റിപ്പോർട്ട് ചെയ്യുവാൻ അനുമതിയില്ലായിരുന്നു. അതുപോലെ, ഓരോ സ്ഥലത്തു നിന്നും ബൈഡൻ യാത്ര തിരിച്ചതിനു ശേഷം മാത്രമായിരുന്നു ബൈഡൻ അവിടം സന്ദർശിച്ച വിവരം റിപ്പോർട്ട് ചെയ്തിരുന്നത്. പോളണ്ടിന്റെ അതിർത്തിയോട് അടുത്ത ആകാശങ്ങളിൽ അമേരിക്കൻ യുദ്ധ വിമാനങ്ങൾ പറക്കുന്നുണ്ടായിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. എന്നാൽ, തങ്ങൾ യുക്രെയിൻ അതിർത്തിക്കുള്ളിൽ കയറിയിട്ടില്ല എന്നായിരുന്നു വ്യോമസേനയുടെ പ്രതികരണം.