കുഞ്ഞു ഡേവിഡിനെ അപ്പാടെ വിഴുങ്ങാമെന്നായിരുന്നു ഗോലിയാത്തിന്റെ പ്രതീക്ഷ. പക്ഷെ, ലോകത്തിലെ ജനാധിപത്യ ശക്തികൾ പുറകിൽ ഉറച്ചു നിന്നപ്പോൾ റഷ്യ എന്ന ഗോലിയാത്തിന് അടിതെറ്റി. രണ്ട് മൂന്ന് ദിവസം കൊണ്ട്, നിലവിലെ ഭരണകൂടത്തെ അട്ടിമറിച്ച് യുക്രെയിനിൽ ഒരു പാവ സർക്കാരിനെ അവരോധിച്ച് റഷ്യയ്ക്കകത്തെ തന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാമെന്ന വ്യാമോഹത്തിൽ ഇറങ്ങിത്തിരിച്ച വ്ളാഡിമിർ പുടിൻ ഇപ്പോൾ ചക്രശ്വാസം വലിക്കുകയാണ്.

നീണ്ട ഒരു വർഷക്കാലം കഴിഞ്ഞിട്ടും, യുദ്ധക്കളത്തിൽ നിന്നും മടങ്ങാനാകാതെ, എടുത്തു പറയാൻ തക്ക ഒരു വിജയം നേടാനാകാതെ റഷ്യൻ സൈന്യവും വലയുകയണ്. ഈ സാഹചര്യത്തിലാണ് ലോകം യുക്രെയിൻ അധിനിവേശത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തെരുവിലിറങ്ങുന്നത്.

2022 ഫെബ്രുവരി 24,നായിരുന്നു ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത ആ വാർത്ത ഞെട്ടലോടെ ലോകം കേട്ടത്. ആയുധ ശേഖരങ്ങൾ വർദ്ധിപ്പിക്കുമ്പോഴും, ഇനിയൊരു യുദ്ധം വേണ്ട എന്ന് തീരുമാനത്തിലേക്ക് രാജ്യങ്ങൾ നീങ്ങുന്നതിനിടയിലായിരുന്നു ആ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. കേവലം രണ്ടു രാജ്യങ്ങൾക്കിടയിൽ ഒതുങ്ങാതെ, പ്രത്യാഘാതങ്ങൾ ലോകമാകെ വ്യാപിപ്പിച്ചുകൊണ്ട് ഇന്നത് രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്.

അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തിൽ യുക്രെയിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എത്തിയവർക്ക് നേതൃത്വം നൽകിയത്, ഒരുപോലെ അമേരിക്കയിലേയും ബ്രിട്ടനിലേയും ഉന്നത അഭിനയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ഒരേയൊരുനടിയായ ഡേം ഹെലെൻ മിറെൻ ആയിരുന്നു. ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച, ആയിരങ്ങളെ നാടുവിട്ടോടാൻ നിർബന്ധിതരാക്കിയ ഒരു യുദ്ധം ഇതുവരെ നൽകിയത് കണ്ണീർ മാത്രമാണെന്നും ജനക്കൂട്ടം ഓർമ്മിപ്പിച്ചു.

വ്യാഴാഴ്ച ഐക്യരാഷ്ട്ര സഭയിൽ നടന്ന സമ്മേളനത്തിൽ റഷ്യയോട് നിബന്ധനകൾ ഏതുമില്ലാതെ തന്നെ എത്രയും പെട്ടെന്ന് യുക്രെയിനിൽ നിന്നും സൈന്യത്തെ പിൻവലിക്കണമെന്ന പ്രമേയംവൻ ഭൂരിപക്ഷത്തോടെ പാസ്സാക്കി. ലോകത്ത് നീതിയും സമാധാനവുമാണ് പുലരേണ്ടതെന്നും പ്രമേയത്തിൽ പറഞ്ഞിട്ടുണ്ട്.

ലണ്ടനിലെ ട്രഫാൽഗർ സ്‌ക്വയറിൽഒരു യുക്രെയിൻ കവിത ആലപിച്ചുകൊണ്ടായിരുന്നു ഓസ്‌കാർ ഉൾപ്പടെ അമേരിക്കയിലേയുംബ്രിട്ടനിലേയും, അഭിനയത്തിനുള്ള ഉന്നത പുരസ്‌കാരങ്ങൾ എല്ലാം തന്നെ നേടിയിട്ടുള്ള ഒരേയൊരു കലാകാരിയായ മിറൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തത്. സെറി ഷദാൻ എഴുതിയ, ഏറ്റവും പ്രധാനപ്പെട്ടത് മാത്രം എടുക്കൂ എന്ന കവിതയുടെ ഇംഗ്ലീഷ് പരിഭാഷയായിരുന്നു അവർ മൂളിയത്.

''ഒരുപക്ഷെ നിങ്ങൾ മടങ്ങി വന്നില്ലെന്നിരിക്കും, സുഹൃത്തുക്കൾ വീണ്ടും ഒന്നിച്ചില്ലെന്നിരിക്കും.....'' കവിതയിലെ വരികൾ നിറകണ്ണുകളോടെയായിരുന്നു ജനക്കൂട്ടം കേട്ടിരുന്നത്. എന്നാൽ, ഇവിടെ നിങ്ങൾ തീർച്ചയായും ജന്മദേശത്തേക്ക് തിരികെ എത്തും എന്ന് മിറൻ യുക്രെയിൻ ജനതയോട് പറഞ്ഞു.. യുക്രെയിന് സമാധാനം വേണം, ജനാധിപത്യം വേണം, സ്വാതന്ത്ര്യം വേണം, അവർ കരഘോഷങ്ങൾക്കിടയിൽ ആവേശപൂർവ്വം ഉച്ചത്തിൽ പറഞ്ഞു.

അമേരിക്കയും ബ്രിട്ടനും എക്കാലവും, പ്രിയ സുഹൃത്ത് യുക്രെയിനൊപ്പം നിൽക്കും എന്നതിന്റെ സൂചനകൂടിയാണ് ഈ ചടങ്ങ് എന്നായിരുന്നു അതിൽ പങ്കെടുത്ത് സംസാരിച്ച അമേരിക്കൻ അംബാസിഡർ ജെയ്ൻ ഹാർട്ട്ലി പറഞ്ഞത്.യുക്രെയിൻ ജനതയുടെ ശക്തിയും ആത്മവീര്യവും വിലകുറച്ച് കണ്ടതാണ് പുടിന് പറ്റിയ തെറ്റെന്നും അവർ പറഞ്ഞു. അഹങ്കാരം പുറ്റിന്റെ കണ്ണുകളെ മൂടിക്കെട്ടി. യുക്രെയിൻ സൈന്യം ദുർബലമാണെന്ന് അദ്ദേഹം കരുതി, ലോക ജന സമൂഹം അങ്ങോട്ട് നോക്കുകയേ ഇല്ല എന്ന് പുടിൻ കരുതി, യുദ്ധം ഏതാനും ദിവസങ്ങൾക്കകം തീർക്കാനാകുമെന്ന് അദ്ദേഹം കരുതി, അവർ തുടർന്നു.

അതേസമയം, റഷ്യൻ അധിനിവേശത്തിന്റെയല്ല, വിജയകരമായ ചെറുത്തു നിൽപിന്റെ ഒന്നാം വാർഷികമാണ് യുക്രെയിൻ ആഘോഷിക്കുന്നത് എന്നായിരുന്നു സെലെൻസ്‌കിയുടെ പത്നി ഒലീന പറഞ്ഞത്. ഐക്യരാഷ്ട്ര സഭയിൽ 141 അംഗരാജ്യങ്ങളാണ് റഷ്യ പിന്മാറണമെന്ന പ്രമേയത്തെ അനുകൂലിച്ചത്.ഏഴ് അംഗങ്ങൾ മാത്രം അതിനെ എതിർത്തപ്പോൾ ഇന്ത്യയും ചൈനയും ഉൾപ്പടെ 32 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

അതിനിടയിൽ യുക്രെയിനുള്ള സൈനിക സഹായം ഇനിയും വർദ്ധിപ്പിക്കണം എന്ന് പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രംഗത്തെത്തി. ബ്രിട്ടൻ നൽകിയതു പോലെ ദീർഘദൂര ആയുധങ്ങൾ നൽകാൻ മറ്റ് ജി 7 രാജ്യങ്ങളും മുൻപോട്ട് വരണമെന്ന് ഋഷി ആഹ്വാനം ചെയ്തു. ഇത്തരത്തിലുള്ള ആയുധങ്ങൾ യുക്രെയിനിലെ സാധാരണക്കാരുടെ ജീവൻ രക്ഷിക്കും എന്നു മാത്രമല്ല, റഷ്യൻ സൈന്യത്തെ അതിർത്തിക്കപ്പുറത്തേക്ക് ആട്ടിപ്പായിക്കും എന്നും ഋഷി പറഞ്ഞു.