മോസ്‌കോ: റഷ്യയുമായുള്ള സഹകരണം ആഴത്തിലാക്കുമെന്നു ചൈന പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ സൈനികാവശ്യത്തിനുള്ള ഡ്രോണുകൾ റഷ്യയ്ക്ക് നൽകാനും നീക്കം. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നിട്ടിറങ്ങി റഷ്യവിരുദ്ധ പാശ്ചാത്യസഖ്യം ബലപ്പെടുത്തുന്നതിനിടെ, മോസ്‌കോ സന്ദർശിച്ച ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് ലീ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം പുതിയ ചക്രവാളങ്ങൾ തൊടുമെന്നു പ്രഖ്യാപിച്ച പുട്ടിൻ, ചൈന പ്രസിഡന്റ് ഷി ചിൻപിങ് ഉടൻ മോസ്‌കോ സന്ദർശിക്കുമെന്നും അറിയിച്ചു. പിന്നാലെയാണ് ഡ്രോൺ കൊടുക്കൽ ചർച്ചയാകുന്നത്. യുക്രൈയിൻ-റഷ്യാ യുദ്ധത്തിൽ സമാധാന ദൗത്യം ഏറ്റെടുക്കാൻ സന്നദ്ധരായവരാണ് പെട്ടെന്ന് ആയുധ കച്ചവടത്തിലേക്ക് പോകുന്നത്.

ചൈന റഷ്യയ്ക്കു ആയുധങ്ങൾ നൽകാനുള്ള പുറപ്പാടാണെന്ന യുഎസ് ആരോപണം ബെയ്ജിങ് നിഷേധിച്ചിരുന്നു. ഇതിനിടെയാണ് ചൈനീസ് കമ്പനിയിൽ നിന്ന് 100 സൈനിക ഡ്രോണുകൾ റഷ്യ വാങ്ങുന്നുവെന്ന വാർത്ത ജർമൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. നൂറ് ഡ്രോണുകൾ ചൈനയിൽ നിന്ന് ഏപ്രിലിൽ റഷ്യയ്ക്ക് കിട്ടുമെന്നാണ് റിപ്പോർട്ട്. നേരത്തെ പാക്കിസ്ഥാൻ, റഷ്യയിൽ നിന്നും ആയുധങ്ങൾ വാങ്ങിയിരുന്നു. ഇതിന്റെ നിലവാരവും മറ്റും വലിയ ചർച്ചയാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് റഷ്യയെ പോലുള്ള വമ്പൻ ശക്തി ചൈനയെ ആശ്രയിക്കുന്നത്. ഇത് റഷ്യയ്ക്ക് തന്നെ തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. റഷ്യയ്ക്ക് ആയുധം നൽകാൻ വേണ്ടിയാണ് യുക്രെയിനിലെ സമാധാന ശ്രമത്തിന് ചൈന പ്രസ്താവന നടത്തിയതെന്ന വിമർശനവും ഉയരുകയാണ്.

പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മറികടക്കാൻ റഷ്യയെ സഹായിച്ചാൽ ഗുരുതരമായ പ്രത്യാഘ്യാതങ്ങൾ നേരിടേണ്ടി വരുമെന്ന് ചൈനയ്ക്ക് യു.എസ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ പ്രതികരണവുമായി റഷ്യ രംഗത്തെത്തിയിരുന്നു. ചൈനയിൽ നിന്ന് തങ്ങൾ സൈനിക സഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും യുക്രെയിനിലെ തങ്ങളുടെ ലക്ഷ്യങ്ങൾ കൃത്യസമയത്തും പൂർണമായും നിറവേറ്റാൻ മതിയായ സൈനിക സ്വാധീനം തങ്ങൾക്കുണ്ടെന്നും ക്രെംലിൻ വക്താവ് ഡിമിട്രി പെസ്‌കോവ് പറഞ്ഞു. തങ്ങൾ അത്തരമൊരു കാര്യം കേട്ടിട്ട് പോലുമില്ലെന്ന് ചൈനയും യു.എസിനോട് പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ഡ്രോൺ വാങ്ങൽ വാർത്ത എത്തുന്നത്.

റഷ്യ യുക്രെയ്ൻ ചർച്ചയ്ക്ക് വഴിയൊരുക്കാൻ സമാധാന നിർദ്ദേശങ്ങൾ തയാറാക്കാമെന്ന് ചൈന അറിയിച്ചിരുന്നു. മ്യൂണിക് സുരക്ഷാ ഉച്ചകോടിയിലാണ് സുപ്രധാന പ്രഖ്യാപനം. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ ഇതുവരെ തള്ളിപ്പറയാത്ത ചൈന ആദ്യമായാണ് സമാധാന ശ്രമങ്ങൾക്ക് തയാറാണെന്ന് അറിയിച്ചത്. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന നിർദ്ദേശമാണ് മുന്നോട്ടുവയ്ക്കുക എന്ന് ചൈനീസ് വിദേശകാര്യ ഉപദേഷ്ടാവ് വാങ് യീ പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങൾ സമാധാനപരമായി ചിന്തിക്കണം. റഷ്യ യുദ്ധം യുക്രെയ്ൻ അവസാനിക്കരുതെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ടെന്നും പടിഞ്ഞാറൻ രാജ്യങ്ങളെ പരോക്ഷമായി വിമർശിച്ചുകൊണ്ട് വാങ് യീ പറഞ്ഞിരുന്നു.

എന്നാൽ ഇതെല്ലാം പശ്ചാത്യ വിലക്കൊന്നുമില്ലാതെ റഷ്യയ്ക്ക് ആയുധം കൈമാറാനുള്ള നീക്കമാണ്. റഷ്യയെ അനുകൂലിക്കുന്ന ചൈനീസ് നിലപാടിനെതിരെ മ്യൂണിച്ച് സുരക്ഷ ഉച്ചകോടിയിൽ തന്നെ വിമശർശനമുയർന്നിരുന്നു. റഷ്യയോടുള്ള ചൈനയുടെ നിലപാടിൽ അസ്വസ്ഥയാണെന്ന് യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. റഷ്യയ്ക്ക് നൽകുന്ന പിന്തുണ സംഘർഷം രൂക്ഷമാക്കാനെ ഉപകരിക്കൂ. രാജ്യാന്തര നിയമങ്ങളും ധാരണകളും എല്ലാവരും പാലിക്കാൻ ബാധ്യസ്ഥരാണെന്നും കമല ഹാരിസ് പറഞ്ഞിരുന്നു.

ചൈന റഷ്യയുമായി സഹകരിക്കുന്നില്ലെന്ന് ഇതുവരെയും ബോധ്യപ്പെട്ടിട്ടില്ലെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയിനും പ്രതികരിച്ചിരുന്നു. ഇതെല്ലാം കൂടുതൽ ആശങ്കയായി മാറുന്ന തരത്തിലാണ് റഷ്യയ്ക്ക് ആയുധം നൽകാനുള്ള ചൈനയുടെ നീക്കം.