ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആരാധകർ ഉറ്റുനോക്കുന്ന ചടങ്ങാണ് ചാൾസ് രാജാവിന്റെ കിരീടധാരണം. ഹാരിയും മേഗനുമായുള്ള രാജകുടുംബത്തിന്റെ അകൽച്ചയും ഇരുവരും ചടങ്ങിൽ പങ്കെടുക്കുവാൻ എത്തുമോയെന്ന ചർച്ചകളുമാണ് ഇപ്പോൾ നടക്കുന്നത്. ചടങ്ങിൽ പങ്കെടുക്കണമെങ്കിൽ ചാൾസും വില്യം രാജകുമാരനും മാപ്പ് പറയണമെന്ന ഹാരിയുടെ ആവശ്യം പാടെ തള്ളിക്കളയുന്ന നിലപാടാണ് രാജകുടുംബം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

രാജകുടുംബത്തിനെതിരെ ഹാരി തുടർച്ചയായി ആക്രമണങ്ങൾ തൊടുത്തു വിടുന്നതിനാൽ തന്നെ ഹാരിയുടെ ഏറ്റവും പുതിയ ആവശ്യം നിറവേറ്റാനുള്ള മാനസികാവസ്ഥയിലല്ല ചാൾസോ വില്യമോ ഇപ്പോഴുള്ളത്. മെയ് ആറിന് രാജാവ് ഔദ്യോഗികമായി കിരീടധാരണം നടത്തുന്നതിന് 70 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുമ്പോഴും രാജകുടുംബത്തിലെ ബന്ധങ്ങൾ മരവിച്ച അവസ്ഥയിലാണ് തുടരുന്നത്.

രാജകുടുംബത്തിന്റെ ഈ ദുരവസ്ഥയോട് അനുഭാവമുള്ള ചില സ്രോതസ്സുകൾ ഈ സാഹചര്യത്തെ വിഷപരമായ സ്തംഭനാവസ്ഥ എന്നാണ് വിശേഷിപ്പിച്ചത്. രാജകുടുംബത്തിനു മുകളിൽ ഇപ്പോഴും പ്രശ്നങ്ങൾ തിളച്ചുമറിയുകയാണെന്ന് ഒരാൾ വ്യക്തമാക്കി. അതേസമയം, രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന പരേഡ് ഡൗൺ സ്പ്രിങ് ചടങ്ങിന്റെ ഒരുക്കങ്ങൾ നടക്കുകയാണ്. സേവ് ദ ഡേറ്റ് കാർഡുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അയച്ചു തീർക്കുവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

1953ലെ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിൽ 8,251 അതിഥികളാണ് പങ്കെടുക്കത്. എന്നാൽ, അന്നത്തേതിൽ നിന്നും വ്യത്യസ്തമായി കോസ്റ്റ് ഓഫ് ലിവിങ് പ്രതിസന്ധികൾ നേരിടുന്നതിനാലാണ് പരിപാടിയിലേക്കുള്ള ആളുകളുടെ എണ്ണം ഗണ്യമായി കുറച്ചത്. ക്ഷണം സ്വീകരിക്കുമെന്ന് ഉറപ്പുള്ളവർക്കുള്ള ഔപചാരിക ക്ഷണങ്ങൾ ഇവന്റിന് മൂന്നാഴ്ച മുമ്പ് വരെ പോസ്റ്റ് ചെയ്യില്ല. എന്നാൽ, കഴിഞ്ഞ വർഷം മെയിൽ റിപ്പോർട്ട് ചെയ്തതുപോലെ, ഔദ്യോഗിക ചുമതലകൾ ഉപേക്ഷിച്ചിട്ടും രാജകുടുംബത്തിലെ അംഗമെന്ന നിലയിൽ ഹാരിക്ക് എല്ലാ കുടുംബ പരിപാടികളിലേക്കും ക്ഷണം ഉണ്ടായിരുന്നു.

പക്ഷെ, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി പരമ്പര, ഹാരിയുടെ ഓർമ്മക്കുറിപ്പുകൾ, നിരവധി വിമർശനാത്മക ടെലിവിഷൻ, പ്രിന്റ് അഭിമുഖങ്ങൾ എന്നിവയിലൂടെ ഹാരിയും ഭാര്യ മേഗനും രാജകുടുംബത്തിന് നേരെ നടത്തിയ ആവർത്തിച്ചുള്ള ആക്രമണങ്ങൾ ഹാരിയുടെ അവകാശത്തിന് തടസങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ചടങ്ങിൽ പങ്കെടുക്കാനുള്ള അവകാശം അതുപോലെ നിലനിൽക്കുന്നുണ്ട്.

നിലവിൽ ഹാരിയുടെയും മേഗന്റെയും തീരുമാനം എന്താണെന്ന് ആർക്കുമറിയില്ല. ഇരുവരെയും ഇതുവരെ ഔഗ്യോദികമായി ക്ഷണിച്ചിട്ടില്ല. അത് സംഭവിക്കുന്നതുവരെ ഇക്കാര്യത്തിൽ ഒരു തീരുമാനം പറയുവാനോ യാത്ര എപ്പോൾ ഉണ്ടാകുമെന്നോ പറയാൻ കഴിയില്ലെന്നാണ് രാജകുടുംബത്തോട് അടുത്ത ഒരു പത്രപ്രവർത്തകൻ വ്യക്തമാക്കിയത്. എന്നാൽ കിരീടധാരണത്തിന്റെ ആസൂത്രണത്തെക്കുറിച്ച് അറിവുള്ളവർ ഹാരിയുടെ അവകാശവാദത്തെ പരിഹാസത്തോടെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്. മാത്രമല്ല, 'സസെക്സുകളുടെ ക്ലാസിക് ഗെറ്റ്-ഔട്ട് ക്ലോസ്' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

അതേസമയം, ഹാരിയുടെയും മേഗന്റെയും സാന്നിധ്യം കിരീടധാരണ ചടങ്ങ് നശിപ്പിക്കാനും ചടങ്ങിന്റെ ശ്രദ്ധാ കേന്ദ്രം ഇരുവരും തട്ടിയെടുക്കുവാനും സാധ്യതയുണ്ടെന്ന് ഒരു വിദഗ്ധൻ അവകാശപ്പെട്ടു. അതേസമയം, ഹാരിയുടെ സ്‌ഫോടനാത്മക ഓർമ്മക്കുറിപ്പായ സ്‌പെയറിൽ നിന്നുള്ള വീഴ്ചകൾക്കിടയിലും മെയ് 6ന് നടക്കുന്ന കിരീടധാരണത്തിലേക്ക് ഇരുവരും ക്ഷണിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.