- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലീഷ് ഡിഫൻസ് ലീഗിന്റെ പല്ലും നഖവും കൊഴിഞ്ഞപ്പോൾ ഹിറ്റ്ലറെ തന്നെ ആരാധിക്കുന്ന പുതിയ വംശീയ പാർട്ടി ഇംഗ്ലണ്ടിൽ ശക്തി പ്രാപിക്കുന്നു; അഭയാർത്ഥികൾ താമസിക്കുന്ന ലിങ്കൺഷെയറിലെ ഹോട്ടലിലേക്ക് പാട്രിയോട്ടിക് അൾട്ടർനേറ്റീവ് മാർച്ച് നടത്തി
ലണ്ടൻ: മെർസിസൈഡിൽ അഭയാർത്ഥി കലാപം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ലിങ്കൺഷെയറിലെ ഹോട്ടലിലേക്ക് നൂറു കണക്കിന് തീവ്ര വലതുപക്ഷ പ്രതിഷേധക്കാരുടെ മാർച്ച്. ഇംഗ്ലണ്ടിൽ ശക്തി പ്രാപിക്കുന്ന ഒരു പുതിയ വംശീയ പാർട്ടിയുടെ നേതൃത്വത്തിലാണ് അഭയാർത്ഥികളെ പാർപ്പിക്കുന്ന ഹോട്ടലിനു മുന്നിലേക്ക് പ്രതിഷേധം നടത്തിയത്. ഹിറ്റ്ലറെ ആരാധിക്കുന്ന ഈ പാർട്ടി ഇന്നലെ ഉച്ചതിരിഞ്ഞാണ് ലിങ്കൺഷെയറിലെ സ്‌കെഗ്‌നെസിൽ പ്രതിഷേധവുമായി എത്തിയത്. അഭയാർത്ഥി വിരുദ്ധ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയാണ് എത്തിയത്. 500ഓളം അഭയാർഥികളെ ഹോട്ടലുകളിൽ പാർപ്പിക്കുന്നതിനുള്ള സർക്കാർ സംരംഭത്തെ എതിർക്കുന്ന പാട്രിയോട്ടിക് ആൾട്ടർനേറ്റീവ് (പിഎ) ആണ് പരിപാടി സംഘടിപ്പിച്ചത്.
മുൻ സൈനികനും 'ഹിൽട്ടർ-ലുക്കലൈക്ക്' ഗ്രൂപ്പിലെ സജീവ അംഗവും ബ്രിട്ടീഷ് നിയോ-നാസികളുടെ പോസ്റ്റർ ബോയ് എന്നും അറിയപ്പെടുന്ന അലക് യെർബറിയും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. 'പ്രാദേശിക നിവാസികളുമായി ഒത്തുചേരുകയും' 'വെളുത്തവരുടെ അഭിമാനം' ഉയർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു 'കമ്മ്യൂണിറ്റി ബിൽഡിങ് ആൻഡ് ആക്ടിവിസം ഗ്രൂപ്പ്' എന്നാണ് സംഘടന സ്വയം വിശേഷിപ്പിക്കുന്നത്. നിയോ-നാസിയായ മാർക്ക് കോളറ്റ് ആണ് 2019ൽ ഈ പാർട്ടി രൂപീകരിച്ചത്. പാർട്ടി അദ്ദേഹത്തെ പുറത്താക്കുന്നതിന് മുമ്പ് ബിഎൻപിയുടെ യുവജന വിഭാഗത്തെയും അദ്ദേഹം നയിച്ചിരുന്നു. ഇപ്പോൾ 15,000-ത്തിലധികം അംഗങ്ങളുണ്ടെന്നാണ് പാർട്ടി അവകാശപ്പെടുന്നത്.
സെർകോ കഴിഞ്ഞ വർഷം നവംബർ മുതലാണ് അഭയാർത്ഥികളെ ലിങ്കൺഷെയറിൽ താമസിപ്പിക്കുവാൻ തുടങ്ങിയത്. അപ്പോൾ തന്നെ പ്രദേശവാസികളടക്കം നിരവധി പേർ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതിനായി ഹോട്ടലുകൾ ഉപയോഗിക്കുന്നതിലൂടെ നഗരത്തിന്റെ ടൂറിസ്റ്റ് സമ്പദ്വ്യവസ്ഥയെ തകരാറിലാകുമെന്നാണ് നാട്ടുകാരുടെ വാദം. അതേസമയം, പാട്രിയോട്ടിക് ആൾട്ടർനേറ്റീവ് പാർട്ടിയുടെ പ്രതിഷേധം നിരീക്ഷിച്ച് ലിങ്കൺഷെയർ പൊലീസ് ഉദ്യോഗസ്ഥരും പ്രദേശത്ത് തമ്പടിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ നേരിടാൻ ഉദ്യോഗസ്ഥർ സജ്ജരാണെന്ന് സൂപ്രണ്ട് പാറ്റ് കോട്ട്സ് പറഞ്ഞു.
'നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമായ നിയമാനുസൃതമായ പ്രതിഷേധത്തിനുള്ള അവകാശം സംരക്ഷിക്കാനുള്ള കടമ ഞങ്ങൾക്കുണ്ട്. പൊലീസ് നിരീക്ഷണം ഉറപ്പു വരുത്തുന്നതിലൂടെ നഗരത്തിലൂടെ മറ്റ് ആളുകളുടെ ആശങ്കകൾ ലഘൂകരിക്കുവാനും പിരിമുറുക്കം ഇല്ലാതാക്കുവാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കുടിയേറ്റക്കാരെ തിരുകിക്കയറ്റാനുള്ള കൗൺസിലുകളുടെയും സർക്കാരിന്റെ തീരുമാനത്തിനെതിരെയും പ്രതിഷേധിക്കുകയാണെന്ന് സ്‌കെഗ്‌നെസ് റാലിയിൽ പാർട്ടി അനുഭാവിയായ ജേക്കബ് മോറിസ് പറഞ്ഞു.
പ്രത്യേകിച്ച് ഈ രാജ്യം കോസ്റ്റ് ഓഫ് ലിവിങ് പ്രതിസന്ധി നേരിടുമ്പോൾ. ചാനൽ മുറിച്ചുകടന്നെത്തുന്നവരിൽ പലരും ഉക്രേനിയക്കാരല്ല, അൽബേനിയയിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമുള്ള വാർത്തകൾ ധാരാളം പത്രങ്ങളിൽ വന്നിട്ടുണ്ട്. അൽബേനിയ വർഷങ്ങളായി യുദ്ധത്തിലേർപ്പെട്ടിട്ടില്ല, അവർ ആധുനികവും സുസ്ഥിരവുമായ ഒരു രാജ്യമാണ്. എന്നിട്ടും ഈ ബ്രിട്ടനിലെത്തി അവർ ഈ രാജ്യത്തെ മുതലെടുക്കുകയാണ് എന്നാണ് ജേക്കബ് മോറിസ് വ്യക്തമാക്കിയത്.
മറുനാടന് ഡെസ്ക്