കീവ്: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ഒരുനാൾ അടുത്ത അനുയായികൾ തന്നെ വകവരുത്തുമെന്ന യുക്രെയിൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി പറഞിഞു. 'ഇയർ' എന്ന് പേരിട്ട സെലൻസ്‌കിയെ കുറിച്ചുള്ള ഡോക്യുമെന്ററിയിലാണ് ഇക്കാര്യം പറയുന്നതെന്ന് ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് ഡോക്യുമെന്ററി പുറത്ത് വന്നത്.

റഷ്യൻ പ്രസിഡന്റിന്റെ നേതൃത്വം ദുർബലമാകുന്ന ഒരു കാലയളവിൽ അദ്ദേഹത്തിന്റെ അടുത്ത അനുയായി തന്നെ അദ്ദേഹത്തിന് എതിരെ തിരിയും. വേട്ടക്കാർ വേട്ടക്കാരനെ വിഴുങ്ങും. അവർ കൊലപാതകിയെ ഇല്ലാതാക്കാൻ ഒരുകാരണം കണ്ടെത്തും. അവർ, കൊമരോവിന്റെ, സെലൻസ്‌കിയുടെ വാക്കുകൾ ഓർക്കും. അത് നടപ്പാക്കുമോ? നടപ്പാകും.എപ്പോഴെന്ന് എനിക്കറിയില്ല, സെലൻസ്‌കി പറഞ്ഞു.

പുടിന്റെ ഇന്നർ സർക്കിളിൽ അസ്വസ്ഥതയും, നിരാശയും ഉണ്ടെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് സെലൻസ്‌കിയുടെ പരാമർശം. യുദ്ധമുഖത്ത് റഷ്യൻ സൈനികർ പരാതിപ്പെടുന്നതിന്റെയും, കരയുന്നതിന്റെയും വീഡിയോകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുടിന്റെ അടുത്ത അനുയായികൾ അദ്ദേഹത്തിന്റെ തീരുമാനങ്ങളിൽ അസന്തുഷ്ടരും, നിരാശരും ആണെന്ന റിപ്പോർട്ടുകൾ വന്നത്.

എന്നാൽ, പുടിന് ഭീഷണിയാകുന്ന സാഹചര്യം ഉരുത്തിരിയാൻ സാധ്യതയില്ലെന്നാണ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നത്. കാരണം പല ഉന്നത ഉദ്യോഗസ്ഥരും തങ്ങളുടെ പദവികൾക്ക് കടപ്പെട്ടിരിക്കുന്നത് പുടിനോടാണ്.

ക്രിമിയൻ ഉപദ്വീപിന്റെ നിയന്ത്രണം യുക്രെയിൻ തിരിച്ചുപിടിക്കുന്നതോടെ, യുദ്ധം അവസാനിച്ചേക്കുമെന്നും സെലൻസ്‌കി ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. ഇത് ഞങ്ങളുടെ നാടാണ്. ഞങ്ങളുടെ ജനങ്ങളാണ്. ഞങ്ങളുടെ ചരിത്രമാണ്. യുക്രെയിന്റെ ഓരോ മുക്കിലും മൂലയിലും ഞങ്ങൾ യുക്രെയിൻ പതാക മടക്കിയെത്തിക്കും, സെലൻസ്‌കി ട്വിറ്ററിൽ കുറിച്ചു. അതേസമയം, സെലൻസ്‌കിയുടെ പരാമർശത്തോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, നീണ്ട ഒരു വർഷക്കാലം കഴിഞ്ഞിട്ടും, യുദ്ധക്കളത്തിൽ നിന്നും മടങ്ങാനാകാതെ, എടുത്തു പറയാൻ തക്ക ഒരു വിജയം നേടാനാകാതെ റഷ്യൻ സൈന്യവും വലയുകയാണ്. 2022 ഫെബ്രുവരി 24,നായിരുന്നു ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത ആ വാർത്ത ഞെട്ടലോടെ ലോകം കേട്ടത്. ആയുധ ശേഖരങ്ങൾ വർദ്ധിപ്പിക്കുമ്പോഴും, ഇനിയൊരു യുദ്ധം വേണ്ട എന്ന് തീരുമാനത്തിലേക്ക് രാജ്യങ്ങൾ നീങ്ങുന്നതിനിടയിലായിരുന്നു ആ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. കേവലം രണ്ടു രാജ്യങ്ങൾക്കിടയിൽ ഒതുങ്ങാതെ, പ്രത്യാഘാതങ്ങൾ ലോകമാകെ വ്യാപിപ്പിച്ചുകൊണ്ട് രണ്ടാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.