ലണ്ടൻ: ''ബ്രിട്ടന്റെ നിയന്ത്രണം പൂർണ്ണമായും നമ്മൾ തിരിച്ചെടുത്തിരിക്കുന്നു'', നോർത്തേൺ അയർലൻഡുമായി ബന്ധപ്പെട്ട കരാറിൽ കൂടി ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഒപ്പ് വച്ചതിനു ശേഷം പ്രധാനമന്ത്രി ഋഷി സുനക് പാർലമെന്റിനെ അഭിമുഖീകരിച്ച് പറഞ്ഞ വാക്കുകളാണിത്. ഇ യു കമ്മീഷൻ പ്രസിഡന്റ് ഉറുസ്വല വോൺ ഡെർ ലെയെനുമൊത്ത് ഒപ്പ് വച്ച കരാറിന്റെ വിശദാംശങ്ങളും ഋഷി പാർലമെന്റിൽ വെളിപ്പെടുത്തി. വിൻഡ്സർ ഫ്രെയിംവർക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ കരാർവഴി, ബ്രിട്ടന്റെ പൂർണ്ണമായ നിയന്ത്രണം ബ്രിട്ടന് തന്നെ ലഭിച്ചതായി ഋഷി സുനക് അറിയിച്ചു.

ഇതോടെ യു കെയിലെ വാറ്റ്, കസ്റ്റംസ്, മെഡിസിൻ നിയമങ്ങളും നോർത്തേൺ അയർലൻഡിലും പ്രാബല്യത്തിൽ വരുന്നതോടെ ബ്രിട്ടനും നോർത്തേൺ അയർലൻഡും തമ്മിലുള്ള വാണിജ്യം കൂടുതൽ സുഗമമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം യൂറോപ്യൻ യൂണിയൻ നിയമങ്ങൾ, നാമമാത്രമായിട്ടാണെങ്കിലും ചിലത് ഇപ്പോഴും നോർത്തേൺ അയർലൻഡിന് ബാധകമാകും.

പാർലമെന്റിൽ ഇക്കാര്യം അവതരിപ്പിക്കുമ്പോൾ ഋഷി ക്യാമ്പ് പ്രധാനമായും ആശങ്കപ്പെട്ടിരുന്നത് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രതികരണമായിരുന്നു. എന്നാൽ, അദ്ദേഹം ഈ സമയത്ത് പാർലമെന്റിൽ എത്തുകയുണ്ടായില്ല. പുതിയ കരാറിന്റെ വിശദാംശങ്ങൾ അദ്ദേഹം പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ പ്രതികരിക്കും എന്നുമായിരുന്നു അദ്ദേഹവുമായി അടുത്ത് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞത്.

പുതിയ കരാർ നിലവിൽ വരുന്നതോടെ ബ്രിട്ടീഷ് മെയിൻലാൻഡിൽ നിന്നും നോർത്തേൺ അയർലൻഡിന്റെ സമുദ്രാതിർത്തി വഴിയുള്ള ചരക്ക് നീക്കം തടസ്സങ്ങൾ ഇല്ലാതെ തുടരാൻ ആകും. എന്നാൽ, അതിർത്തിയുടെ പൂർണ്ണമായം നിയന്ത്രണം ഇപ്പോഴും ബ്രിട്ടന് ലഭിച്ചിട്ടില്ല എന്നതും ഒരു വസ്തുതയാണ്. അതിർത്തി കടക്കുന്ന ഒട്ടുമിക്ക ചരക്കുകളുടെയും പരിശോധനകൾ യൂറോപ്യൻ യൂണിയൻ നിർത്തലാക്കും.

റെഡ്, ഗ്രീൻ കസ്റ്റംസ് ചാനലുകളിലൂടെ ചരക്ക് നീക്കം തുടരും. ഇതോടെ യൂറോപ്യൻ യൂണിയന്റെ നിയമങ്ങളിൽ 97 ശതമാനവും നോർത്തേൺ അയർലൻഡിൽ നിന്നും നീക്കം ചെയ്യാനായി എന്നാണ് ഋഷി സുനക് അവകാശപ്പെടുന്നത്. ഇപ്പോഴും നിലനിൽക്കുന്ന ഇ യു ചട്ടങ്ങളിൽ പ്രധാനം നോർത്തേൺ അയർലൻഡിലെ സിംഗിൾ മാർക്കറ്റ് നിയമങ്ങളിൽ തർക്കമുണ്ടായാൽ അന്തിമ അഥോറിറ്റി യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് തന്നെയായിരിക്കും എന്നതാണ്. അതേസമയം, കേസുകൾ നേരിട്ട് റെഫർ ചെയ്യാനുള്ള അധികാരം യൂറോപ്യൻ യൂണിയന് ഉണ്ടായിരിക്കുന്നതുമല്ല.

അതിനു പുറകെ വാറ്റ് നിയമങ്ങളിലും മാറ്റങ്ങൾ വരും. ഇതോടെ എക്സൈസ് ഡ്യുട്ടിയുടെ പൂർണ്ണ നിയന്ത്രണം യു കെയ്ക്ക് ലഭിക്കും. പുതിയ മെഡിസിൻ നിയമങ്ങൾ, വളർത്തു മൃഗങ്ങളെ കൊണ്ടു പോകുന്നതും സുഗമമാക്കും. എന്നാൽ, ഇക്കാര്യത്തിൽ ഏറ്റവും പ്രധാനമായത് യൂറോപ്യൻ യൂണിയന്റെ ചരക്ക് നിയമങ്ങൾക്കെതിരെ വീറ്റോ പ്രയോഗിക്കുന്നതിനുള്ള അധികാരം നോർത്തേൺ അയർലൻഡ് പാർലമെന്റിന് ലഭിക്കും എന്നതാണ്. മാത്രമല്ല, ആ നിയമങ്ങൾ നിലനിൽക്കണമോ എന്ന് തീരുമാനിക്കാനുള്ള അധികാരവും പാർലമെന്റിനായിരിക്കും.

ഇതോടെ, ഏറെ വിവാദമായ, ബോറിസ് ജോൺസൺ കൊണ്ടുവന്ന ബ്രെക്സിറ്റാനന്തര നിയമങ്ങളെ ഋഷി സുനക് ചവറ്റുകൊട്ടയിൽ തള്ളിയിരിക്കുകയാണ്. നോർത്തേൺ അയർലൻഡ് പ്രോട്ടോക്കോൾ ബിൽ എന്ന ആ ബിൽ ഇനി വെറുമൊരു ഓർമ്മമാത്രമാകും. ഇതോടെ ഈ നിയമനിർമ്മാണത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ ബ്രിട്ടനെതിരെ സ്വീകരിച്ച നിയമനടപടികളുമായി മുൻപോട്ട് പോവുകയുമില്ല.

ഏതായാലും, ഇവിടെയും ശ്രദ്ധേയനായത് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെയായിരുന്നു. വിൻഡ്സർ ഫ്രെയിംവർക്കുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ പാർലമെന്റിൽ തന്റെ അസാന്നിദ്ധ്യം കൊണ്ടായിരുന്നു ബോറിസ് ശ്രദ്ധേയനായത്. ഈ പുതിയ കരാറിന്റെ വിശദാംശങ്ങൾ ബോറിസ് ജോൺസൺ പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറായുന്നത്.