ലണ്ടൻ: ബ്രിട്ടനിൽ ഒരു യുദ്ധം നടക്കുന്നില്ല. ഇന്ത്യയിലെ പോലെ ഭക്ഷണ സാധന വിതരണത്തിന് റേഷൻ കാർഡുമില്ല. പക്ഷെ റേഷനിങ് ഏകദേശം എല്ലാ കടകളിലും എത്തിക്കഴിഞ്ഞു. പച്ചക്കറികളും മുട്ടയും ഒക്കെ തോന്നിയത് പോലെ വാരിവലിച്ചു ട്രോളിയിൽ എടുത്തു വച്ച് വാങ്ങാനാകില്ല. ഒരാൾക്ക് രണ്ടോ മൂന്നോ ഐറ്റം മാത്രമേ വാങ്ങാനാകൂ. ശൈത്യകാലത്തു പൊതുവെ പച്ചക്കറി ദൗർലഭ്യം യുകെയിൽ പതിവാണെങ്കിലും ഇത്തരത്തിൽ റേഷനിങ് ആദ്യമായാണ്.

ബ്രിട്ടനിൽ പ്രധാനമായും പച്ചക്കറികളും പഴങ്ങളും എത്തുന്ന സ്പെയിനിലും മൊറോക്കയിലും ഉണ്ടായ അതി കഠിന ശൈത്യവും വെള്ളപ്പൊക്കവും കൃഷി നശിച്ചതാണു കാരണം എന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അത് വെള്ളം തൊടാതെ വിഴുങ്ങാൻ ജനം തയ്യാറല്ല. ഇതുവരെ സർക്കാരോ പ്രതിപക്ഷമോ നേരിട്ട് പറയാത്ത മറ്റൊരു കാരണം പതിയെ മാധ്യമങ്ങൾ പറഞ്ഞു തുടങ്ങി, അതാണ് ബ്രക്സിറ്റ് ചതി.

യൂറോപ്പിൽ മറ്റെവിടെയും ഇല്ലാത്ത സാഹചര്യം ബ്രിട്ടനിൽ, പ്രതി സ്ഥാനത്ത് ബ്രക്സിറ്റ്

യൂറോപ്പിൽ മറ്റെവിടെയും ഇല്ലാത്ത ഭക്ഷണ ക്ഷാമം ബ്രിട്ടനിൽ സംഭവിച്ചെങ്കിൽ അതിനു ബ്രക്സിറ്റിനെയാണ് ഒന്നാം പ്രതി ആക്കേണ്ടത് എന്ന വാദമാണ് ഇപ്പോൾ ശക്തമാകുന്നത്. എന്നാൽ യൂറോപ്പിലെ മറ്റു രാജ്യങ്ങൾ പ്രധാന ഇറക്കുമതിക്ക് സീസണൽ കരാറുകൾ ഏർപ്പെടുമ്പോൾ ബ്രിട്ടൻ അത് ഒരു വർഷമോ അതിലേറെയോ നീളുന്ന കരാറുകളിൽ ഏർപ്പെടുന്നതാണ് സീസണിൽ ഉണ്ടാകുന്ന ക്ഷാമം നേരിടാൻ മറ്റു മാർഗം ഇല്ലാതെ പോകുന്നത് എന്ന വിമർശവും ഉയരുകയാണ്.

കൂടാതെ ഇന്ധന വില വർധനയെ തുടർന്ന് യുകെയിലെ കർഷകർ വൈദ്യുതി കൂടുതൽ ഉപയോഗിക്കേണ്ടി വരുന്ന ശൈത്യകാല കൃഷിയിൽ നിന്നും പിൻവാങ്ങിയതും പൊടുന്നനെ ക്ഷാമം വർധിക്കാൻ പ്രധാന കാരണമായിട്ടുണ്ട്. കർഷകർക്ക് സബ്‌സിഡി നിരക്കിൽ വൈദ്യുതി നൽകി പ്രയാസകാലം പിന്നിടുന്നതിനെ പറ്റിയൊന്നും ചിന്തിക്കാൻ ബ്രിട്ടനിലെ രാഷ്ട്രീയ നേതാക്കൾക്ക് സമയം കിട്ടിയില്ലെന്നതും ഇത്തരം സാഹചര്യങ്ങൾ ബ്രിട്ടൻ മുൻപ് നേരിട്ടിട്ടില്ല എന്നതുമൊക്കെ ഇപ്പോൾ അനുഭവപ്പെടുന്ന ഭക്ഷണ ദൗർലഭ്യത്തിന് ഇന്ധനം പകരുന്ന ഘടകങ്ങളാണ്.

ചൂണ്ടിക്കാണിക്കപ്പെടുന്ന സാഹചര്യങ്ങൾ ഒന്നും പൊടുന്നനെ മാറ്റം സംഭവിക്കില്ല എന്നതിനാൽ വേനൽക്കാല കൃഷിയിൽ നിന്നുമുള്ള പച്ചക്കറികൾ കടകളിൽ എത്തുന്ന മെയ് മാസം വരെ ഈ വറുതിക്കാലം കണ്ടു നിൽക്കേണ്ടി വരും എന്ന മുന്നറിയിപ്പാണ് ഇപ്പോൾ മാധ്യമങ്ങൾ നൽകുന്നത്. അപ്പോഴും മുട്ടയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷയെ വേണ്ട. കാരണം ഹാച്ചറികൾക്ക് വലിയ തോതിൽ വൈദ്യുതി ആവശ്യം ആയതിനാൽ ഇക്കാര്യത്തിൽ സർക്കാർ സഹായ നടപടികളുമായി എത്തിയില്ലെങ്കിൽ മുട്ട പ്രധാന ഭക്ഷണമായ യുകെയിൽ അതില്ലാതെ ജീവിക്കാൻ ജനങ്ങൾ തയ്യാറാകേണ്ടി വരും. വലിയ വില നൽകിയാൽ പോലും സാധനം ലഭ്യമല്ല എന്ന ഗുരുതര സാഹചര്യമാണ് ഇപ്പോൾ ബ്രിട്ടൻ അനുഭവിക്കുന്നത്.

ലോക മഹായുദ്ധകാലത്തെ അനുസ്മരിപ്പിക്കുന്ന അസാധാരണ സാഹചര്യം

ഒന്നും രണ്ടും ലോക മഹായുദ്ധക്കാലത്താണ് ഇത്തരത്തിൽ ഉള്ള ഭക്ഷണ പ്രതിസന്ധി മുൻപ് ബ്രിട്ടൻ നേരിട്ടുള്ളത് എന്ന് റിപ്പോർട്ടുകൾ പറയുമ്പോൾ പല തലമുറകൾക്ക് അനുഭവം ഇല്ലാത്ത ജീവിത സാഹചര്യങ്ങളിൽ കൂടിയാണ് ഇപ്പോൾ ബ്രിട്ടീഷ് ജനതയുടെ സഞ്ചാരം എന്നും വ്യക്തം. കോവിഡ് കാലത്തു പറഞ്ഞു കേട്ട സപ്ലൈ ചെയ്ൻ മുറിഞ്ഞത് മൂലം വിതരണ രംഗം താറുമാറായതും ബ്രിട്ടനിൽ പ്രതിസന്ധി ഉയർത്തുകയാണ് എന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യത്തിൽ സർക്കാരിന് കാര്യമായൊന്നും ചെയ്യാനില്ല എന്നതാണ് കൂടുതൽ ഭയപ്പെടുത്തുന്നതും. യുദ്ധം തകർത്തെറിഞ്ഞ യുക്രൈനിൽ പോലും ബ്രിട്ടൻ അനുഭവിക്കുന്ന ഭക്ഷണ ക്ഷാമം ഇല്ലെന്നും ഏതു കടയിൽ ചെന്നാലും ധാരാളം ഫ്രഷ് പച്ചക്കറികളും പഴങ്ങളും ലഭ്യമാണ് എന്നും ട്വിറ്റർ പോസ്റ്റുകൾ എത്തുമ്പോൾ പ്രശ്നം ബ്രിട്ടീഷ് സർക്കാരിന്റെ പിടിപ്പ് കേടു തന്നെയാണ് എന്നതിന് കൂടുതൽ തെളിവ് ലഭിക്കുകയാണ്. യുക്രൈനിൽ സ്ഥിരം ഷെല്ലിങ് നടക്കുന്ന കേഴ്സൺ പട്ടണത്തിൽ പോലും പഴങ്ങളും പച്ചക്കറികളും സുലഭമാണ് എന്ന വിശേഷമാണ് സോഷ്യൽ മീഡിയ നൽകുന്നത്.

കൃഷി ഉപേക്ഷിക്കുന്ന ബ്രിട്ടീഷ് കർഷകർ, യൂറോപ്യർ വിട്ടതോടെ പണിയെടുക്കാൻ ആളുമില്ല

കൃഷി ഒട്ടും ലാഭകരം അല്ലാതായി മാറുന്ന ലോക വിശേഷം യുകെയിലും സംഭവിച്ചു കൊണ്ടിരിക്കുകയാണ് എന്ന സത്യവും ഇപ്പോൾ പുറത്തു വരുന്നു. കർഷകരിൽ നിന്നും നേരിട്ട് വാങ്ങുന്ന സൂപ്പർമാർക്കറ്റ് ചെയിനുകൾ കാര്യമായ ലാഭം കർഷകരുമായി പങ്കുവയ്ക്കാൻ തയ്യാറല്ലാത്തതിനാൽ കൃഷി ഓരോ വർഷവും ചുരുങ്ങുകയാണ് എന്ന വാസ്തവവും ബ്രിട്ടനെ ഭയപ്പെടുത്തുന്നതാണ്, പ്രത്യേകിച്ചും ബ്രക്സിറ്റ് സംഭവിച്ചു കഴിഞ്ഞ സാഹചര്യത്തിൽ.

ആപ്പിളും പെയറും ഈ വർഷം 31 ശതമാനം കുറവ് ഉൽപ്പാദിപ്പിക്കാൻ തീരുമാനിച്ചതോടെ അടുത്ത സീസണിൽ ഈ രണ്ടു പഴങ്ങളും കിട്ടാക്കനികളുടെ ലിസ്റ്റിൽ എത്തും. ബ്രക്സിറ്റ് വന്നപ്പോൾ ഫാമുകളിൽ ജോലി ചെയ്യാൻ യൂറോപ്യരെ കിട്ടാനില്ലാതായതും പ്രതിസന്ധി വളർത്തുകയാണ്. ഇതിൽ നിന്നും വേഗത്തിൽ ഒരു മോചനം ദൈവത്തിനു പോലും നൽകാനാകില്ല എന്ന വസ്തുതയാണ് ബ്രിട്ടന്റെ ബ്രക്സിറ്റ് കഷ്ടപ്പാട് തുടങ്ങിയിട്ടേയുള്ളു എന്ന് വെളിപ്പെടുത്തുന്നത്. അരനൂറ്റാണ്ടോളം ആപ്പിളും പെയറും കൃഷി ചെയ്തവർ പോലും പുതിയ സാഹചര്യത്തിൽ ഉൽപ്പാദനം തുടരാനാകില്ല എന്നാണ് കർഷക അസോസിയേഷനെ അറിയിച്ചിരിക്കുന്നത്.

സർക്കാരിന് തിരിഞ്ഞു നോക്കാൻ സമയമില്ല, സഹായം ചോദിക്കാനും ആരുമില്ല

ബ്രക്സിറ്റ് സർക്കാർ സൃഷ്ടി കൂടിയാണെങ്കിലും അത് സൃഷ്ടിച്ച പൊരുത്തക്കേടുകൾ മറികടക്കേണ്ടത് രാഷ്ട്രീയ തീരുമാനത്തിലൂടെയും സബ്‌സിഡി അടക്കമുള്ള പാക്കേജിലൂടെയും ആണെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ സർക്കാർ ഒരു സഹായവും കർഷകർക്ക് നൽകിയിട്ടില്ല. ഒപ്പം നാണയപ്പെരുപ്പത്തിന്റെ പേരിൽ അടിക്കടി വിലകയറ്റിയ സൂപ്പർ മാർക്കറ്റുകൾ അതിന്റെ വിഹിതം കർഷകർക്ക് നൽകാൻ തയ്യാറായതുമില്ല. ഇതോടെ നഷ്ടം സഹിച്ചു കൃഷി ചെയ്യുന്നതിൽ കാര്യമില്ല എന്ന ചിന്തയിലേക്ക് അതിവേഗം എത്തുകയാണ് ബ്രിട്ടീഷ് കർഷകർ.

വൈദ്യുതി ചെലവും തൊഴിലാളി ക്ഷാമവും മൂലം 23 ശതമാനം ഉൽപ്പാദന ചെലവാണ് പച്ചക്കറികളുടെ കാര്യത്തിൽ സംഭവിച്ചത്. എന്നാൽ വിൽപന വിലയിൽ വെറും ഒരു ശതമാനം വർധനയാണ് കർഷകർക്ക് ലഭിച്ചത്. സാധന വില പലതിനും ഇരട്ടിയായി മാറിയെങ്കിലും ലാഭം മുഴുവൻ ആരുടെ പോക്കറ്റിലേക്കാണ് പോയതെന്ന് ഇതോടെ വ്യക്തം. ഇക്കാരണത്താൽ ഇത്തവണ യുകെയിൽ തക്കാളിയുടെയും വെള്ളരിയുടെയും ഉൽപാദന കണക്ക് എടുക്കുമ്പോൾ 1985 ലെ വിളവെടുപ്പിനു തുല്യമായി താണിരിക്കുകയാണ് എന്ന് കർഷകർ വെളിപ്പെടുത്തുന്നു.

ആവശ്യമായ ഭക്ഷണ സാധനത്തിൽ 40 ശതമാനവും ഇറക്കുമതി ചെയ്യുന്ന ബ്രിട്ടൻ ഭക്ഷണ ക്ഷാമം ഉണ്ടായാൽ ഒരു അയൽരാജ്യവും സഹായവുമായി എത്തിലെന്ന പാഠമാണ് ഇപ്പോൾ പഠിക്കാൻ തയ്യാറാകേണ്ടത്. ബ്രക്സിറ്റ് മൂലം ആരോടും സഹായം ചോദിക്കാനും വയ്യാത്ത നിലയിലായിരിക്കുകയാണ് സൗഹൃദ രാഷ്ട്രങ്ങളുമായുള്ള ബന്ധം പോലും. ചുരുക്കത്തിൽ ബ്രിട്ടീഷ് ഭക്ഷണ ശൃംഖലയെ തകിടം മറിച്ചിരിക്കുന്ന പ്രത്യക്ഷവും പരോക്ഷവും ആയ കാരണങ്ങളിൽ ഉടൻ പരിഹാരം ആരുടെ കയ്യിലും ഇല്ലെന്നതാണ് സത്യം. ഇതോടെ കടകളിൽ കാണുന്ന ഒഴിഞ്ഞ സെൽഫുകളും കണ്ണ് തള്ളിക്കുന്ന വിലയും ഇനിയുള്ള കുറേക്കാലത്തേക്കു ബ്രിട്ടീഷ് ജീവിതത്തിന്റെ ഒഴിച്ച് കൂടാനാകാത്ത അവിഭാജ്യ ഘടകമായി കൂടെയുണ്ടാകും എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പുകൾ.