- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിറ്റാണ്ടുകൾ നീണ്ട അനധികൃത കുടിയേറ്റ അരാജകത്വത്തിന് ഒടുവിൽ അന്ത്യമാകുന്നു; അനധികൃതമായി യു കെയിൽ എത്തി പിടിക്കപ്പെട്ടാൽ ഉടൻ തിരിച്ചയയ്ക്കും; ജീവിതത്തിൽ മടങ്ങാനാവില്ല; അഭയാർത്ഥികളാകാനും കടമ്പകൾ; പി ആർ ഉം സിറ്റിസൺഷിപ്പും വിലക്കും; കടുത്ത നടപടികളിലേക്ക് കടക്കാൻ സുനക് സർക്കാർ
ലണ്ടൻ: കാലങ്ങളായി ബ്രിട്ടൻ അനുഭവിച്ചു വരുന്ന ഒരു തലവേദനയാണ് അനധികൃത കുടിയേറ്റം. നിയമങ്ങൾ ഏറെ കൊണ്ടുവന്നിട്ടും നിരീക്ഷണം ശക്തമാക്കിയിട്ടും അത് പൂർണ്ണമായും തടയാനായിട്ടില്ല. ഇപ്പോഴിതാ അനധികൃത കുടിയേറ്റത്തിനെതിരെ കൂടുതൽ കർശന നിയമങ്ങൾക്ക് ഒരുങ്ങുകയാണ് ഋഷി സുനക്. അനധികൃതമായി ബ്രിട്ടനിൽ എത്തി പിറ്റിക്കപ്പെടുന്നവർക്ക് പിന്നെ ബ്രിട്ടനിൽ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കേർപ്പെടുത്താനാണ് പുതിയ നിയമം ശുപാർശ ചെയ്യുന്നത്.
വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ അല്ലാതെ രാജ്യത്ത് എത്തുന്നവർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്നതോടെ ചാനൽ കടന്നെത്തുന്നവരെ തടയാൻ കഴിയും എന്ന് അധികൃതർ വിശ്വസിക്കുന്നു. ഇത്തരക്കാരെ പിടികൂടി ഉടൻ സ്വന്തം രാജ്യത്തേക്ക് തിരിച്ചയയ്ക്കുകയും ചെയ്യും. അതിനു പുറമെ, അഭയാർത്ഥി പദവി അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കുന്ന കാര്യവും ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന നിയമത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുന്നത് കൂടുതൽ എളുപ്പമാകും.
പുതിയ നിയമം പാർലമെന്റ് അംഗീകരിച്ചാൽ, ബ്രിട്ടനിലെ നിയമങ്ങൾ ദുരുപയോഗം ചെയ്ത് രാജ്യത്ത് തങ്ങാനുള്ള അഭയാർത്ഥികളുടെ ശ്രമങ്ങൾ നടക്കില്ല എന്നും ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ബ്രിട്ടനിൽ സ്ഥിരതാമസം ആക്കുകയോ ബ്രിട്ടീഷ് പൗരത്വം നേടുകയോ ഒന്നും തന്നെ മനുഷ്യാവകാശമല്ലെന്നും, മറിച്ച് രാജ്യം നൽകുന്ന ഒരു പരിഗണന മാത്രമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
അതുകൊണ്ടു തന്നെ വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ അല്ലാതെ അഭയം തേടി എത്തുന്നവരെ പുറത്താക്കാനും, ആജീവനാന്തം അവർ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കാനും ബ്രിട്ടന് കഴിയും. അനധികൃത കുടിയേറ്റം തടയും എന്നതായിരുന്നു ഋഷി സുനക് വോട്ടർമാർക്ക് നൽകിയ അഞ്ച് പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്. ബ്രിട്ടീഷ് നികുതി ദായകന്റെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന ഒന്നാണ് ഇത്തരത്തിലുള്ള കുടിയേറ്റം എന്ന് ഋഷി പറഞ്ഞു.
മാത്രമല്ല, ക്രിമിനൽ സംഘങ്ങൾ നടഥ്റ്റുന്ന മനുഷ്യക്കടത്തും തടയേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് കൂടുതൽ കർശന്മായ നിയമം കൊണ്ടുവരുന്നതെന്നും ഋഷി പറഞ്ഞു. അടുത്ത വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ സുപ്രധാന വിഷയമായിരിക്കും അനധികൃത കുടിയേറ്റം എന്നാണ് കരുതുന്നത്. എന്നാൽ, ലേബർ പാർട്ടി അവരുടെ പ്രധാന തെരഞ്ഞെടുപ്പ് അജണ്ടയായി ഇത് ഉപയോഗിച്ചേക്കില്ല.
നിലവിലെ നിയമം അനുസരിച്ച്, അനധികൃതമായി എത്തി പിടിക്കപ്പെട്ടാൽ പിന്നെ രണ്ട് മുതൽ അഞ്ച് വർഷക്ം വരെയാണ് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുന്നത്. പിടിക്കപ്പെട്ടയാൾ എത്താനിടയായ സാഹചര്യവും മറ്റും കണക്കിലെടുത്തായിരുന്നു വിലക്കിന്റെ കാലയളവ് നിശ്ചയിച്ചിരുന്നത്. വിദേശ കുറ്റവാളികൾക്ക് ആണെങ്കിൽ വിലക്ക് പത്ത് വർഷം വരെ ആയിരുന്നു.
മാത്രമല്ല, ചാനൽ വഴി എത്തുന്ന അഭയാർത്ഥികൾക്ക് ബ്രിട്ടനിൽ നിന്നും നാടുകടത്തുന്നതിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ നിയമങ്ങൾ ഉപയോഗിക്കുന്നതിനെയും പുതിയ നിയമം വിലക്കും. മാത്രമല്ല, അത്തരത്തിലുള്ള ഏതെങ്കിലും തരത്തിലുള്ള നിയമനടപടികൾക്ക് മുതിരുകയാണെങ്കിൽ അത് ബ്രിട്ടനിൽ നിന്ന് എടുക്കുന്നതിനു പകരം സ്വന്തം രാജ്യത്ത് മടങ്ങിയെത്തിയിട്ട് മാത്രം എടുക്കാവുന്ന രീതിയിൽ നിയമം മാറ്റും.ഋഷി സുനകും, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രൊണും തമ്മിൽ വെള്ളിയാഴ്‌ച്ച നടക്കാനിരിക്കുന്ന കൂടിക്കാഴ്‌ച്ചക്ക് മുൻപായി ബിൽ പ്രസിദ്ധീകരിക്കും.
യോഗത്തിൽ ഫ്രഞ്ച് തീരങ്ങളിലെ പട്രോൾ കൂടുതൽ ശക്തിപ്പെടുത്താൻ ഋഷി സുനക് ആവശ്യപ്പെട്ടേക്കും. കഴിഞ്ഞ വർഷം മാത്രം ചാനൽ വഴി 46,000 പേരാണ് ഫ്രഞ്ച് തീരങ്ങളിൽ നിന്നും ബ്രിട്ടനിലെത്തിയത്. ഏതായാലും, ഈ പുതിയ നിയമത്തിന് ശക്തമായ എതിർപ്പും കടുത്ത വിമർശനവും നേരിടേണ്ടി വരും എന്നതുറപ്പാണ്. പ്രധാനമായും, മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളുമായിരിക്കും എതിർപ്പുമായി എത്തുക. റെഫ്യുജി കൺവെൻഷന്റെ പല നിബന്ധനകളും ഇത് ലംഘിക്കുന്നു എന്നതായിരിക്കും പ്രധാന ആക്ഷേപം.
പലപ്പോഴും അഭയാർത്ഥികൾ നാടുകടത്തപ്പെടുന്നത് ഒഴിവാക്കാനായി ഉപയോഗിക്കുന്ന ആധുനിക അടിമത്ത നിയമവും കൂടുതൽ കർശനമാക്കുന്ന വ്യവസ്ഥ പുതിയ നിയമത്തിലുണ്ടായേക്കും. ചൂഷണം ചെയ്യപ്പെടുന്നു എന്നതിന്റെ വസ്തുതാപരമായ തെളിവ് വേണമെന്ന നിബന്ധന കൊണ്ടുവരും. ഇപ്പോൾ ചൂഷണം ചെയ്യപ്പെടുന്നു എന്ന് സംശയിച്ചാലും അഭയാർത്ഥികൾക്ക് ആനുകൂല്യം ലഭിക്കുന്നതാണ് നിയമത്തിലെ വ്യവസ്ഥ.
മറുനാടന് ഡെസ്ക്