ലണ്ടൻ: ഈ വർഷം മെയ്‌ ആരിന് നടക്കുന്ന ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചതായി ഹാരിയും മേഗനും സ്ഥിരീകരിച്ചു. എന്നാൽ, അതിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിനോട് പ്രതികരിക്കാൻ അവർ തയ്യാറായില്ല. ഇതു സംബന്ധിച്ച് ഹാരിക്ക് ഒരു ഇ-മെയിൽ ലഭിച്ചതായി ഹാരിയുടെ വക്താവ് അറിയിച്ചു.

ഏറ്റവും ഒടുവിൽ ഡോ. ഗാബോർറ്റ് മെയ്റ്റുമായി നടത്തിയ അഭിമുഖ സംഭാഷണങ്ങത്തിൽ, മുൻപ് നടന്നതു പോലെ സ്വന്തം കുടുംബത്തിനെതിരെ പരസ്യമായി ചെളി വാരിയെറിയാൻ ഹാരി തുനിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും തന്റെ വേദനിപ്പിച്ച ബാല്യകാലത്തെ കുറിച്ച് പറഞ്ഞുകൊണ്ട് ചാൾസ് രാജാവിനെ പരോക്ഷമായി വിമർശിച്ചിരുന്നു. ആലിംഗനത്തിനായി കൊതിച്ചിരുന്ന ഒരു ബാല്യകാലമായിരുന്നു തന്റേതെന്നായിരുന്നു ഹാരി പറഞ്ഞത്.

തന്റെ ഓർമ്മക്കുറിപ്പുകളുടെ പ്രചാരണാർത്ഥം ലൈവ് സ്ട്രീം ചെയ്ത അഭിമുഖത്തിൽ ഹാരി, ഒരു തകർന്ന കിൂടുംബത്തിലെ ജീവിതത്തെ കുറിച്ചും വീട്ടിൽ താൻ എങ്ങനെ ഒറ്റപ്പെട്ടു എന്നും വ്യക്തമാക്കിയിരുന്നു. അടുത്തിടെ, ഹാരിയെയും മേഗനെയും അവരുടെ യു കെയിലെ വസതിയായ ഫ്രോഗ്മോർ കോട്ടേജിൽ നിന്നും ഒഴിപ്പിക്കുന്നു എന്ന വാർത്ത പുറത്തു വന്നിരുന്നു. എന്നാൽ, കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ അവർ എത്തിയാൽ, ഈ വസതിയിൽ താമസിക്കാൻ അനുവദിച്ചേക്കുമെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ഗർഭിണിയായ യൂജിൻ രാജകുമാരി യു കെയിൽ ഉള്ളപ്പോഴൊക്കെ ഈ കോട്ടേജിലാണ് കുടുംബ സമേതം താമസിക്കുന്നത്. ഹാരിയുടെയും മെഗന്റെയും പല സാധനങ്ങളും ഇവിടെ നിന്നും അമേരിക്കയിലെക്ക് അയയ്ക്കാൻ യൂജിൻ സഹായിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഹാരിയുടെ ഓർമ്മക്കുറിപ്പുകൾ ഇറങ്ങിയതിന്റെ തൊട്ടടുത്ത ദിവസം, അതായത് ജനുവരി 11 ന് ഫ്രോഗ്മോർ കോട്ടേജ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഹാരിക്ക് നോട്ടീസ് അയയ്ക്കാൻ രാജാവ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി എന്നാണ് അറിയാൻ കഴിയുന്നത്.

ക്ഷണം ലഭിച്ച കാര്യം സ്ഥിരീകരിച്ചെങ്കിലും കിരീടധാരണ ചടങ്ങിൽ പങ്കെടുക്കുമെന്ന കാര്യം ഹാരിയും മേഗനും സ്ഥിരീകരിച്ചിട്ടില്ല. യു കെയിൽ എത്തിയാൽ തന്റെ കുടുംബാംഗങ്ങളുടെയും രാജ്യത്തെ ജനങ്ങളുടെയും പ്രതികരണം എപ്രകാരമായിരിക്കും എന്നത് ഹാരിയെ ആശങ്കപ്പെടുത്തുന്നതായി ചില സുഹൃത്തുക്കൾ പറയുന്നു. കാമിലയെ കുറിച്ചുള്ള പുസ്തകത്തിലെ പരാമർശം രാജാവിനെ കുപിതനാക്കിയിട്ടുണ്ട്.

അതുപോലെ വില്യമിനെ കുറിച്ചുള്ള പരാമർശം ഇരു സഹോദരങ്ങളേയും കൂടുതൽ അകറ്റാൻ മാത്രമെ സഹായകമായിട്ടുള്ളു. തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനായി കാമില രാജകുടുംബത്തിലെ കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്നായിരുന്നു പുസ്തകത്തിൽ ഹാരി ആരോപിച്ചിരുന്നത്. അതുപോലെ സഹോദരൻ വില്യം തന്നെ മർദ്ദിച്ചു എന്നും ഹാരി പറഞ്ഞിരുന്നു.