ലണ്ടൻ: ചെറുയാനങ്ങളിൽ കടലു താണ്ടിയെത്തുന്ന അനധികൃത അഭയാർത്ഥികളെ തടയുന്നതിനുള്ള നിയമം പാർലമെന്റിൽ. ബ്രിട്ടനിലെ നികുതിദായകർ അനധികൃത കുടിയേറ്റം മൂലം ഏറെ കഷ്ടതകൾ അനുഭവിക്കുന്നുവെന്ന് ഹോം സെക്രട്ടറിയുമായി ബന്ധപ്പെട്ട വൃത്തങ്ങൽ ചൂണ്ടിക്കാണിച്ചു. അതിനാൽ തന്നെ അനധികൃത കുടിയേറ്റം തടയുന്നതിനുള്ള കർശന നടൂപടികൾ എടുക്കും.

വളരെ വിരളമായി മാത്രം ഉപയോഗിക്കുന്ന മനുഷ്യാവകാശ നിയമത്തിലെ സെക്ഷൻ 19.1 ബി സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് പുതിയ നിയമം പാർലമെന്റിൽ പാസ്സാക്കി എടുക്കാനാണ് ഉദ്ദേശിക്കുന്നത് എന്നറിയുന്നു. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട യൂറോപ്യൻ കൺവെൻഷന് പുറത്താണെങ്കിലും പുതിയ നിർദ്ദേശങ്ങൾക്ക് നിയമ സാധുത ഉണ്ടെന്ന ഉപദേശമാണ് മന്ത്രിമാർക്ക് ലഭിച്ചിട്ടുള്ളത് എന്നറിയുന്നു.

പുതിയ നിയമം വഴി, ചെറുയാനങ്ങളിൽ കടൽ കടന്നെത്തുന്നവർക്ക് അഭയത്തിനായി അപേക്ഷ നൽകുന്നതിനുള്ള അവകാശം എടുത്തുകളയും അതുപോലെ മനുഷ്യാവകാശ നിയമപ്രകാരമുള്ള അപ്പീലിന് പോകാനും കഴിയുകയില്ല. അനധികൃത ,മാർഗ്ഗങ്ങളിലൂടെ ബ്രിട്ടനിൽ എത്തുന്നവർ നാടുകടത്തപ്പെടും. സ്വന്തം നാട്ടിൽ തിരിച്ചെത്തിയശേഷം മാത്രമെ ഇവർക്ക് അപ്പീൽ നൽകാൻ കഴിയുകയുള്ളു. കുട്ടികൾക്കും ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കും മാത്രം അപ്പീൽ പരിഗണിക്കുമ്പോൾ ബ്രിട്ടനിൽ തുടരാനുള്ള അവകാശം ഉണ്ടായിരിക്കും.

അനധികൃതമായി എത്തുന്ന ഏതൊരു കുടിയേറ്റക്കാരനെയും നാടുകടത്താനുള്ള പൂർണ്ണ അധികാരം ഹോം ഡിപ്പാർട്ട്മെന്റിന് ഉണ്ടായിരിക്കും. അഭയം നൽകുന്നതിനുള്ള വ്യവസ്ഥകളും കൂടുതൽ കർശനമായേക്കും എന്നാണറിയുന്നത്. അതിനിടയിൽ, അനധികൃത കുടിയേറ്റക്കാരുമായി റുവാൻഡയിലെക്കുള്ള ആദ്യ വിമാനം ഈ വർഷം തന്നെ അയയ്ക്കാനുള്ള പദ്ധതികളും നടക്കുന്നുണ്ട്. ആഫ്രിക്കൻ രാജ്യവുമായുള്ള കരാർ നിയമവിധേയമാണെന്ന ഡിസംബറിലെ കോറ്റഹ്തി വിധി ഇക്കാര്യത്തിൽ സർക്കാരിന് ഏറെ ആത്മവിശ്വാസം നൽകുന്നതാണ്.

അതേസമയം, ഈ നിയമം അനധികൃത കുടിയേറ്റം തടയാൻ പര്യാപ്തമാകില്ലെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ പ്രതിനിധാനം ചെയ്യുന്ന ഒരു ട്രേഡ് യൂണിയൻ ഉൾപ്പടെ നിരവധി പേർ പറയുന്നു. ഈ നിയമം അതീവ ഗുരുതരമായ പല പ്രതിസന്ധികളെ നേരിടുമെന്നും വിമർശകർ കണക്കുകൂട്ടുന്നു. അതേസമയം, അഭയാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനകളും പുതിയ നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തികച്ചും അപമാനകരവും അനാവശ്യ ഭീതി ഉയർത്തുന്നതുമാണ് ഈ നിയമം എന്നാണ് അവർ പറയുന്നത്.