- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എവിടെയും അതിർത്തി തർക്കം ഉണ്ടാക്കുന്ന പഴയ കാരണവന്മാരെ പോലെ; എല്ലാ അയൽവാസികളുമായി അതിർത്തി തർക്കം; ഷി ജിൻ പിങ്ങിന് ചൈനീസ് പ്രസിഡന്റായി മൂന്നാം വട്ടവും പാർലമെന്റിന്റെ അംഗീകാരം; മാവോക്ക്‌ശേഷം ഷി ചൈനയുടെ ചക്രവർത്തിയെ പോലെ; അഞ്ചുവർഷം കൂടി അടക്കി വാഴാൻ ഷി പുറപ്പാട് തുടങ്ങുമ്പോൾ മർക്കടമുഷ്ടിയെ നേരിടാൻ തന്നെ ഉറച്ച് ഇന്ത്യയും
ന്യൂഡൽഹി: ഷി ജിൻ പിങ് മൂന്നാം വട്ടവും ചൈനയുടെ പ്രസിഡന്റായി തുടരും. അഞ്ചുവർഷം കൂടി അദ്ദേഹം ചൈനയെ അടക്കി വാഴും. ഷിയെ വീണ്ടും പ്രസിഡന്റായി വാഴിച്ച് പാർലമെന്റ് അംഗീകാരം നൽകി. ചൈനീസ് കമ്യൂണിസ്റ്റ് സ്ഥാപകൻ മാവോ സേ തൂങ് മാത്രമാണ് ഇതുവരെ മൂന്നുവട്ടം പ്രസിഡന്റായിരുന്നത്. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയുടെ അധിപനായി ഷി ജിങ് പിങ് തുടരുമ്പോൾ, കമ്യൂണിസ്റ്റ് പാർട്ടിയും, സൈന്യവും എല്ലാം അദ്ദേഹത്തിന്റെ ചൊൽപ്പിടിയിലാണ്.
ഇന്ത്യയെ എങ്ങനെ ബാധിക്കും?
ഷി ജിങ് പിങ്ങിന്റെ കാലത്താണ് ചൈന കൗശലക്കാരനും, അക്രമകാരിയുമായ അയൽക്കാരന്റെ തനി സ്വഭാവം പുറത്തെടുത്തത്. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ ഉടനീളം അശാന്തി വിതയ്ക്കാൻ പീപ്പീൾസ് ലിബറേഷൻ ആർമി പരമാവധി കോപ്പുകൂട്ടി.
2020 ലെ ഗാൽവൻ സംഘർഷമാണ് ഇന്ത്യ-ചൈന ബന്ധം വഷളാക്കിയത്. പിന്നീടങ്ങോട്ട് അവിശ്വാസത്തിന്റെ അന്തരീക്ഷമായിരുന്നു. അതിർത്തിയിലെ അധിനിവേശ സ്വഭാവത്തിന് കാരണം ഷീയുടെ മർക്കടമുഷ്ടി തന്നെയാണ്. മുൻകാല നേതാക്കളേക്കാൾ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഷി സ്വീകരിച്ചത്. സൈന്യത്തെ വിദേശനയത്തിന്റെ ഉപാധിയാക്കി ഉപയോഗിക്കാൻ മടിയില്ലാത്ത ഷി മൂന്നാം വരവിൽ കൂടുതൽ ശക്തനാകുകയാണ്. ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ അധിനിവേശ ശ്രമങ്ങൾ ആഗോളതലത്തിലും സംഘർഷങ്ങൾക്ക് ആക്കം കൂട്ടിയേക്കും. ഇതിനെ നേരിടാനാണ് ഇന്ത്യയും, യുഎസും, ജപ്പാനും ഓസ്‌ട്രേലിയയും അടങ്ങുന്ന ക്വാഡ് സഖ്യം. ചൈനയെ ലക്ഷ്യംവച്ച് അമേരിക്കയുടെ നേതൃത്വത്തിൽ രൂപംകൊണ്ട തന്ത്രപ്രധാന സൈനിക സഹകരണ കൂട്ടായ്മയാണ് ക്വാഡ് ഉച്ചകോടി
സാമ്പത്തിക അധീശത്വത്തിനുള്ള ചൈനയുടെ ശ്രമം, ഇന്ത്യയ്ക്ക് ഒരേ സമയം അവസരങ്ങളും വെല്ലുവിളികളും നൽകുന്നു. ഷിയുടെ കടുപ്പമേറിയ സാമ്പത്തിക നയങ്ങൾ കാരണം, മിക്ക അന്താരാഷ്ട്ര കമ്പനികളും തങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിവിധ രാജ്യങ്ങളിലായി വൈവിധ്യവത്കരിക്കുകയാണ്. ചൈനയുടെ മേലുള്ള ആശ്രിതത്വം കുറയ്ക്കാനുള്ള ശ്രമങ്ങൾ കമ്പനികൾ തുടരുന്നത് ഇന്ത്യക്ക് നേട്ടമായി വരുന്നുണ്ട്. ആപ്പിളിന്റെ വിതരണക്കാരായ ഫോക്‌സ്‌കോൺ കർണാടകയിൽ പുതിയ നിർമ്മാണ യൂണിറ്റ് ഒരുക്കി ഇന്ത്യയിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ്.
ആപ്പിൾ ഐഫോൺ സ്മാർട്ട്‌ഫോണുകൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ നിർമ്മാണ യൂണിറ്റാണ് കർണാടകയിൽ ആരംഭിക്കുന്നത്. ഇതിലൂടെ സംസ്ഥാനത്ത് ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയും. 300 ഏക്കർ വിസ്തൃതിയുള്ള പുതിയ ഫാക്ടറിയിലാണ് ആപ്പിൾ ഫോണുകൾ നിർമ്മിക്കുന്നത്. 2025-ഓടെ ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കാനുള്ള ശ്രമങ്ങളിൽ ഇതൊരു ചുവടുവയ്പുമാണ്. എന്തായാലും, ഷിയുടെ മൂന്നാം വരവ് ഉയർത്തുന്ന വെല്ലുവിളികളെ നേരിടുക തന്നെ ചെയ്യുമെന്ന ഉറച്ച നിലപാടിലാണ് മോദി സർക്കാർ.
എവിടെയും അക്രമം; ആഗോള ഭീതി
എവിടെയും അതിർത്തി തർക്കം ഉണ്ടാക്കുന്ന പഴയ കാരണവന്മാരെപ്പോലെയാണ് ഷിയുടെ രീതി. എല്ലാ അയൽവാസികളുമായി ചൈനക്ക് അതിർത്തി തർക്കം നിലനിൽക്കയാണ്. ഷി അധികാരത്തിൽ കയറിയതിന് ശേഷമാണ് ഈ രീതിയിൽ ചൈന അക്രമാസക്തമായ ഒരു സൈനിക ശക്തിയായി പൂർണ്ണമായും മാറിയത്. ഷിയുടെ ഭരണകാലത്ത് ചൈനയുടെ സൈനികബലവും എത്രയോ ഇരട്ടിച്ചിട്ടുണ്ട്. നേവി, എയർഫോഴ്‌സ്, ആർമി എന്നിവ ഷിയുടെ കീഴിൽ കാലാനുസൃതമായ പരിഷ്‌ക്കാരങ്ങൾക്ക് വിധേയമായിട്ടുണ്ട്. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള എതിർപ്പിനും അന്താരാഷ്ട്ര നിയമങ്ങൾക്കും പുല്ലുവില കൽപ്പിച്ചുകൊണ്ട്, കഴിഞ്ഞ നാലഞ്ച് വർഷത്തിനിടെ സൗത്ത് ചൈന സീ ഏകദേശം മുഴുവനായും കയ്യേറി ചൈന സൈനിക ഔട്ട്‌പോസ്റ്റുകൾ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്.
ഹോങ്കോങ്ങിലും, തായ്വാനിലും, ലഡാക്കിലും സൗത്ത് ചൈനാ കടലിലുമൊക്കെ ചൈന അശാന്തി വിതക്കുന്നു. ലഡാക്ക് അതിർത്തിയിലൂടെ അടുത്തിടെ ഇന്ത്യൻ മണ്ണിലേക്കുണ്ടായ കടന്നു കയറ്റങ്ങൾ, അതിന്റെ പിന്നാലെ ഇരുപക്ഷത്തുമുള്ള സൈനികർക്ക് ജീവാപായമുണ്ടായ സംഘർഷങ്ങൾ, ഇന്തോനേഷ്യ വിയറ്റ്‌നാം അടക്കമുള്ള അയൽ രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങൾ തൊട്ട് ഷി ജിൻ പിങിന്റെ ഭരണത്തിന് കീഴിൽ ചൈന അശാന്തിയാണ് എവിടെയും ഉണ്ടാക്കുന്നത്.
ഉയിഗൂർ മുസ്ലീങ്ങളോട് ചൈന ചെയ്യുന്ന ക്രുരത പറയുകയും വേണ്ട. വടക്കൻ പ്രവിശ്വകളിൽ ഉയിഗൂർ മുസ്ലീങ്ങളെ പാർപ്പിച്ചിരിക്കുന്ന പുനർവിദ്യാഭ്യാസ കേന്ദ്രങ്ങൾ പോൾപോട്ടിന്റെ കാലത്തിലെ റി എഡ്യുക്കേഷൻ സെന്ററുകളുടെ മിനി പതിപ്പുകളാണു എന്നതാണ് മറ്റൊരു ആക്ഷേപം.
മാവോക്ക്‌ശേഷം ചൈനയുടെ ചക്രവർത്തി
ബൂർഷ്വെയെ തോൽപ്പിക്കാൻ ബൂർഷ്വയുടെ അപ്പനാവണമെന്ന് കരുതുന്ന സേച്ഛാധിപതിയാണ് ഷി. മാവോക്ക്‌ശേഷം സകല അധികാരങ്ങളും കേന്ദ്രീകരിക്കപ്പെട്ട ചൈനയിലെ ഏക വ്യക്തി. ഡെങ് സിയാവോ പിങിന്റെ കൂട്ടായ നേതൃത്വം എന്ന ആശയം തന്നെ ഷി എടുത്തുകളഞ്ഞു.
അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ ചൈനയുടെ ചക്രവർത്തിയെന്ന് ഇപ്പോൾ വിളിക്കുന്നത്. ഷി ജിൻ പിങിന്റെ ചൈന ഒരു സോഷ്യലിസ്റ്റ് രാജ്യം ആണ് എന്ന് പറയുന്നതിൽ യാതൊരു വസ്തുതയും ഇല്ല. ഇപ്പോൾ അവിടെ നിലവിലുള്ളത് 'സ്റ്റേറ്റ് ഡിക്ടേറ്റഡ് കാപ്പിറ്റലിസം' മാത്രമാണ്. ഷിയുടെ ഭരണത്തിന് കീഴിൽ, തികഞ്ഞ 'അതോറിറ്റേരിയൻ ഭരണക്രമത്തിലേക്ക് രാജ്യം മാറുകയാണ് എന്നും നിരീക്ഷകർ പറയുന്നു. എതാണ്ട് മൂവായിരം അംഗങ്ങളുള്ള നാഷനൽ പീപ്പിൾസ് കോൺഗ്രസിൽ രണ്ടു വെറും രണ്ടു പേരാണ് ഷി ജിൻ പിങിന് എതിരായി വോട്ട് ചെയ്തത്. ചൈനയിലെ തിരഞ്ഞെടുപ്പ് എന്തുവലിയ പ്രഹസനമാണ് എന്നതിന്റെ ലക്ഷണമാണിത്. ഷിയുടെ മുൻഗാമി ആയിരുന്ന ഹൂ ജിന്താവോയുടേ കാലത്ത് ധാരാളം വിഭാഗങ്ങൾ ഉള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അഭിപ്രായം പറയുന്നതിനുള്ള വേദികളുണ്ടായിരുന്നു, നാഷണൽ ഡിബേറ്റുകൾ നടക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. അത്തരം ഡിബേറ്റുകൾ ഇല്ലാതാകുന്നതും, എതിരഭിപ്രായങ്ങൾ ഉള്ളവർ ഇല്ലാതെ വരുന്നതും ഒരു സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ സ്വഭാവങ്ങളല്ല എന്നും വിമർശകർ പറയുന്നു.
2017 -ൽ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് ഷി ജിങ് പിൻ പറയുന്നത്, 'ലോകത്തിലെ ഏറ്റവും നിർണായകമായ കേന്ദ്രശക്തിയായി മാറുക എന്നതാണ് ചൈനയുടെ നിയോഗം' എന്നാണ്. ഇപ്പോൾ ആ സ്ഥാനത്ത് കയറി ഇരിക്കുന്ന അമേരിക്കയെ ആയുധ ബലത്തിന്റെയും, സമ്പത്തിന്റെയും സ്വാധീന ശക്തിയുടെയും എല്ലാം കണക്കിൽ പിന്നിലാക്കി, അവിടേക്ക് കയറിപ്പറ്റാൻ വേണ്ടിയുള്ള പരിശ്രമങ്ങളാണ് അധികാരത്തിലേറിയ അന്നുതൊട്ടുതന്നെ ഷി ജിൻപിങ് നടത്തിവരുന്നത്. അതിന് അദ്ദേഹം മുന്നോട്ടു വെക്കുന്നത് 'സോഷ്യലിസം വിത്ത് ചൈനീസ് ക്യാരക്റ്ററിസ്റ്റിക്‌സ് ' എന്ന തന്റെ ചിന്താധാരയാണ്. മാനവ രാശി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് ചൈനീസ് ബുദ്ധിയും ചൈനീസ് നിലപാടുകളും വെച്ച് താൻ പരിഹാരം കണ്ടെത്തും എന്നാണ് അദ്ദേഹം പറയുന്നത്.
ലോകത്തിനു മുഴുവൻ അനുകരിക്കാവുന്ന മാതൃകയാണ് ചൈന എന്ന് ചെയർമാൻ മാവോക്കു ശേഷം ആത്മവിശ്വാസത്തോടെ ഉറക്കെ വിളിച്ചു പറയുന്ന ആദ്യത്തെ നേതാവാണ് ഷി. പക്ഷേ മാവോയുടെ കാലമൊക്കെ ചൈനയുടെ പട്ടിണിക്കാലം ആയിരുന്നു. ഡെങ്ങ് സിയാവോ പിങ്ങ് ക്യാപിറ്റലിസ്റ്റ് രീതിയിലുള്ള വികസനം തുടങ്ങിയ ശേഷമാണ് ചൈന രക്ഷപ്പെട്ടത്. അതിനെ ഒന്നുകൂടി വികസിപ്പിച്ച് പക്കാ ക്യാപിറ്റലിസ്റ്റ് രാജ്യമാക്കി മാറ്റുകയാണ് ഷി ചെയ്യുന്നത്.
മറുനാടന് ഡെസ്ക്