ലണ്ടൻ: കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി ബ്രിട്ടൻ ഇന്ത്യക്ക് നൽകിയ 19000 കോടി രൂപയിൽ അധികം വരുന്ന സഹായം കൊണ്ട് ദാരിദ്ര്യം കുറയ്ക്കാനോ വികസനം കൊണ്ടു വരാനോ ഇന്ത്യയ്ക്ക് കഴിഞ്ഞില്ലെന്ന് ആരോപണം ഉയരുന്നു. 2016 നും 2021 നും ഇടയിലായി നൽകിയ 2.3 ബില്യൺ പൗണ്ടിന്റെ സഹായം, സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ലക്ഷ്യം കണ്ടെത്തിയില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇൻഡിപെൻഡന്റ് കമ്മീഷൻ ഓഫ് എയ്ഡ് ഇംപാക്ട് എന്ന സംഘടനയുടെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

മാത്രമല്ല, ഇന്ത്യയിൽ സ്വാതന്ത്ര്യവും മനുഷ്യാവകാശവും ഉറപ്പാക്കാൻ ഇതുകൊണ്ട് കഴിഞ്ഞില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു. വികസ്വര രാജ്യങ്ങൾക്ക് ധനസഹായം നൽകുന്ന യു കെയുടെ ഈ മാതൃക തീർത്തും പരാജയമാണെന്നും റിപ്പോർട്ട് പറയുന്നു. 2021-ൽ ബ്രിട്ടനിൽ നിന്നും സഹായം ലഭിച്ച രാജ്യങ്ങളുടെ കൂട്ടത്തിൽ 11-ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ബംഗ്ലാദേശിനേക്കാളും കെനിയയേക്കാളും സഹായം ലഭിച്ചത് ഇന്ത്യക്കാണെന്ന് ഐ സി എ ഐ ചീഫ് കമ്മീഷണർ ഡോ. ടാംസിൻ ബാർടൺ ചൂണ്ടിക്കാണിക്കുന്നു.

അതുകൊണ്ടു തന്നെ ഓരോ പൗണ്ടും ഇന്ത്യ സൂക്ഷിച്ച് ഉപയോഗിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട മേഖലയിൽ ചില നേട്ടങ്ങൾ കൈവരിക്കാൻ ഇന്ത്യക്കായിട്ടുണ്ടെങ്കിലും വികസന കാര്യത്തിൽ കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ ആയിട്ടില്ലെന്നാണ് അവർ കുറ്റപ്പെടുത്തുന്നത്. സഹായത്തിൽ 1 ബില്യൺ പൗണ്ട് നിക്ഷേപമാണ്. ബാക്കിയുള്ള തുക പൊതുകാര്യങ്ങൾക്കായി ചെലവഴിക്കേണ്ടതും.

അതേസമയം, 2015 ന് ശേഷം ബ്രിട്ടൻ നേരിട്ട് ഇന്ത്യക്ക് ധനസഹായം നൽകുന്നില്ല എന്ന് വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചു. ഇപ്പോൾ നടത്തുന്ന ഫണ്ടിങ് എല്ലാം തന്നെ ഇന്ത്യയിലും ബ്രിട്ടനിലും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യം വച്ചുള്ള നിക്ഷേപങ്ങളാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

ഇന്ത്യ ഒരുവിധ സഹായവും അഭ്യർത്ഥിച്ചിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. മാത്രമല്ല, ഇന്ത്യൻ സർക്കാർ ഇത്തരത്തിലുള്ള സഹായങ്ങൾ സ്വീകരിക്കുന്നത് 2015 മുതൽ നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള വാദഗതികൾ ഭാവിയിൽ ഉയരാതിരിക്കാൻ സഹായങ്ങൾ സ്വീകരിക്കുന്നത് ഇന്ത്യ നിയന്ത്രിക്കണം എന്ന വാദവും ഉയരുന്നുണ്ട്.