മോസ്‌കോ: കരിങ്കടലിനു മുകളിൽ റഷ്യൻ യുദ്ധവിമാനവും അമേരിക്കൻ ഡ്രോണും കൂട്ടിയിടിച്ചു. രാജ്യാന്തര വ്യോമസ്ഥലത്തായിരുന്നു സംഭവം നടന്നത്. റഷ്യയുടെ സുഖോയ് -27 വിമാനവും അമേരിക്കയുടെ എം ക്യൂ- 9 റീപ്പർ ഡ്രോണുമാണ് കൂട്ടിയിടിച്ചത്. എം ക്യു - ഡ്രോൺ പൂർണ്ണമായും തകർന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഒരു പ്രകോപനവും ഇല്ലാതെയാണ്, രാജ്യാന്തര വ്യോമസ്ഥലത്ത് പതിവ് നിരീക്ഷണം നടത്തുകയായിരുന്ന ഡ്രോണിനെ ആക്രമിച്ചതെന്ന് അമേരിക്ക ആരോപിക്കുന്നു.

ഇതേതുടർന്ന് അമേരിക്കയിലെ റഷ്യൻ സ്ഥാനപതി അനറ്റൊലി ആന്റൊനോവിനെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. രാജ്യാന്തര വ്യോമസ്ഥലത്ത് രണ്ട് റഷ്യൻ സുഖോയ് -27 വിമാനങ്ങൾ തീർത്തും അപകടകരമാം വിധം പ്രവർത്തിച്ചതിനാൽ എം ക്യൂ 9 നിരീക്ഷണ ഡ്രോൺ താഴെ വീണതായി അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

ഡ്രോണിനു മേൽ ഇന്ധനം ഒഴിക്കുകയും അതുപോലെ അതിന്റെ മുൻപിൽ പറന്ന് പാത തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്നാണ് അമേരിക്ക ആരോപിക്കുന്നത്. അതിനു ശേഷം അതിൽ ഒരു യുദ്ധവിമാനം ഡ്രോണിന്റെ പ്രൊപ്പെല്ലറിൽ ഇടിക്കുകയും ചെയ്തു. ഇതോടെ ഡ്രോൺ പൂർണ്ണമായും തകർന്ന് കരിങ്കടലിൽ പതിക്കുകയായിരുന്നു. അതേസമയം റഷ്യ ഈ ആരോപണം നിഷേധിക്കുകയാണ്. സംഭവം നടന്നത് രാജ്യാന്തര പാതയിലാണെങ്കിലും, യുക്രെയിൻ യുദ്ധം നടക്കുന്ന മേഖലയിൽ നിന്നും അധികം അകലെയല്ല.

അമേരിക്കൻ ഡ്രോൺ ട്രാൻസ്പോണ്ടർ പ്രവർത്തിപ്പിക്കാതെ തങ്ങളുടെ വ്യോമാതിർത്തിയിലെക്ക് കടക്കുവാൻ ശ്രമിക്കുകയായിരുന്നു എന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നത്. തുടർന്ന് അതിനെ നിരീക്ഷിക്കുവാൻ രണ്ട് റഷ്യൻ ഫൈറ്റർ വിമാനങ്ങളെ അയച്ചിരുന്നതായും അവർ പറഞ്ഞു. റഷ്യൻ വിമാനങ്ങൾ ആകാശത്ത് ആയുധങ്ങൾ ഉപയോക്കുകയോ ഡ്രോണുമായി സമ്പർക്കത്തിൽ വരികയോ ചെയ്തിട്ടില്ല എന്നുമ്രഷ്യൻ പ്രതിരോധ മന്ത്രാലയം പറയുന്നു.

നിയുന്ത്രണം നഷ്ടപ്പെട്ട ഡ്രോൺ സമുദ്രത്തിൽ പതിക്കുകയായിരുന്നു എന്നാണ് റഷ്യ പറയുന്നത്. അമേരിക്കയിൽ റഷ്യൻ സ്ഥാനപതിയെ വിളിച്ച് പ്രതിഷേധം അറിയിച്ചതിനു പുറമെ റഷ്യൻ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ടും പ്രതിഷേധം അറിയിക്കുമെന്ന് വൈറ്റ്ഹൗസ് വക്താവ് കിർബി അറിയിച്ചു. രാജ്യാന്തര പാതയിൽ സഞ്ചരിക്കുന്നതിനു മുൻപായി റഷ്യയുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തുകയോ സമ്മതം വാങ്ങുകയോ ചെയ്യേണ്ട കാര്യമില്ലെന്നും കിർബി പറഞ്ഞു.

അത്തരമൊരു നയമാണ് റഷ്യയുടെതെങ്കിൽ അതിന് വഴങ്ങുകയില്ലെന്നും കിർബി കൂട്ടിച്ചേർത്തു. കരിങ്കടലിൽ അമേരിക്ക യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടില്ലെങ്കിലും സ്ഥിരമായി വ്യോമ നിരീക്ഷണം നടത്തുന്നുണ്ട്. അതിൽ ശേഖരിച്ചിട്ടുള്ള ഡാറ്റ എടുക്കുന്നതിനു വേണ്ടിയായിരിക്കും റഷ്യ ഡ്രോണിനെ ആക്രമിച്ച് വീഴ്‌ത്തിയത് എന്നാണ് ചില പാശ്ചാത്യ യുദ്ധവിദഗ്ധരുടെ വിലയിരുത്തൽ.