മോസ്‌കോ: യുക്രെയിൻ യുദ്ധത്തിൽ നാറ്റോ സഖ്യം നേരിട്ട് ഇടപെട്ടാൽ, സമുദ്രാന്തര ആണവ മിസൈലുകൾ ഉപയോഗിച്ച് ബ്രിട്ടനെ തുടച്ചു നീക്കണമെന്ന് റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമം പുടിനോട് ആവശ്യപ്പെട്ടിരിക്കുന്നു. ആയിരം അടി ഉയരത്തിൽ വരെ റേഡിയോ ആക്ടീവ് സുനാമി തിരമാലകൾ പുറപ്പെടുവിക്കാൻ കെൽപുള്ളവയാണ് ഈ മിസൈലുകൾ. വിരമിച്ച റഷ്യൻ ജനറൽ യേവ്ഗെനി ബുഷിൻസ്‌കിയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

റഷ്യൻ സെന്റർ ഫോർ പോളിസി റിസർച്ച് ചെയർമാൻ കൂടിയാന ബുഷിൻസ്‌കി പറയുന്നത് സമുദ്രാന്തര ആണവ മിസൈൽ പ്രയോഗിച്ചാൽ ബ്രിട്ടൻ എന്നൊരു ഭൂപ്രദേശം ഈ ഭൂമുഖത്ത് കാണില്ല എന്നാണ്. അതുകൂടാതെ റഷ്യയുടെ ഏറ്റവും വലിയ മിസൈൽ ആയ സർമറ്റ് 2 ഉപയോഗിച്ചും ബ്രിട്ടനെ ആക്രമിക്കുമെന്നാണ് ബുഷിൻസ്‌കി ഉയർത്തുന്ന ഭീഷണി. പുടിന്റെ ശബ്ദം എന്നറിയപ്പെട്ജുന്ന വ്ളാഡിമിർ സൊളോയൊവും ഇതിനോട് യോജിക്കുന്നു.

യുക്രെയിൻ യുദ്ധത്തിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിയാതെപോയ റഷ്യൻ സൈന്യത്തിന്റെ മറ്റ് സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിലാണ് പുടിന്റെ അനുയായികൾ ഇത്തരത്തിലുള്ള മുന്നറിയിപ്പുകളുമായി വന്നത്. മണിക്കൂറിൽ 6670 മൈൽ വേഗതയിൽ പോകുന്ന ഹൈപ്പർസോണിക് മിസൈൽ സിർകോൺ, പരിശോധനക്ക് ശേഷം യുദ്ധത്തിൽ ഉപയോഗിക്കുമെന്നും ബുഷിൻസ്‌കി മുന്നറിയിപ്പ് നൽകി. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ടി വി ചാനൽ ആയ റോസ്സ്യ 1 ൽ ആണ് അദ്ദേഹം ഇത് പറഞ്ഞത്.

യുക്രെയിൻ യുദ്ധം ആരംഭിച്ചതിനു ശേഷം ബ്രിട്ടനെതിരെ ആണവ ഭീഷണി മുഴക്കുക എന്നത് റഷ്യൻ പ്രചാരണ സംഘത്തിന്റെ പതിവായിരിക്കുകയാണ്. യുക്രെയിന് ശക്തമായ പിന്തുണ നല്കുന്നതാണ് റഷ്യയെ പ്രകോപിപ്പിക്കുന്നത്. യുക്രെയിന് ആദ്യമായി സൈനിക സേവനം നൽകിയത് ബ്രിട്ടനായിരുന്നു. ബ്രിട്ടന്റെ ഈ നടപടി മറ്റ് സഖ്യരാജ്യങ്ങൾക്ക് പ്രചോദനമാവുകയായിരുന്നു. മാത്രമല്ല, റഷ്യക്ക് എതിരെഉപരോധം ഏർപ്പെടുത്തുന്നതിലും അമേരിക്കക്കൊപ്പം മുൻകൈ എടുത്തതും ബ്രിട്ടനായിരുന്നു.

അതിനിടയിൽ, റഷ്യ കനത്ത നഷ്ടമാണ് യുദ്ധത്തിൽ നേരിടുന്നത് എന്നതിന്റെ നേർക്കാഴ്‌ച്ചയായി ചില ദൃശ്യങ്ങൾ പുറത്തുവന്നു.മ്യുസിയങ്ങളിൽ സൂക്ഷിച്ചിരുന്നത് ഉൾപ്പടെയുള്ള സോവ്യറ്റ് യൂണിയൻ കാലത്തെ ടി-62 ടാങ്കുകൾ ഫാക്ടറിയിൽ എത്തിച്ച് നവീകരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യുക്രെയിന് അത്യാധുനിക ആയുധങ്ങൾ ലഭിക്കുമ്പോൾ, പഴയ ടാങ്കുകൾ ആശ്രയിക്കേണ്ട അവസ്ഥ സംജാതമായിരിക്കുകയാണ് റഷ്യയ്ക്കെന്ന് പാശ്ചാത്യ നിരീക്ഷകർ പറയുന്നു.