വാഷിങ്ടൻ: ഇത് ഇന്ത്യയുടെ നയതന്ത്ര വിജയം. അരുണാചൽ പ്രദേശിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള രാജ്യാന്തര അതിർത്തിയായ മക്മഹോൻ രേഖ അംഗീകരിച്ച് യുഎസ് പ്രമേയം എത്തുന്നതിന് പിന്നിൽ ഇന്ത്യയുടെ വിദേശാകാര്യ ഇടപെടലിന്റെ ഫലമാണ്. അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും യുഎസ് സെനറ്റിൽ അവതരിപ്പിച്ച ഉഭയകക്ഷി പ്രമേയം വ്യക്തമാക്കി. സെനറ്റർമാരായ ഡെമോക്രാറ്റ് അംഗം ജെഫ് മെർക്‌ലിയും റിപ്പബ്ലിക്കൻ അംഗം ബിൽ ഹാഗെർട്ടിയും ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾക്ക് ബ്രിട്ടീഷ് കാലത്തോളം പഴക്കമുണ്ട്. 1914ൽ ബ്രിട്ടീഷ് ഇന്ത്യയും തിബറ്റും തമ്മിൽ ഒപ്പുവെച്ച കരാർ പ്രകാരമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി നിർണയിക്കുന്നത്. ഇതാണ് മക്മഹോൻ രേഖ എന്നറിപ്പെടുന്നത്. നിലവിൽ ഇന്ത്യൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, കശ്മീർ എന്നിവയുമായാണ് ചൈന അതിർത്തി പങ്കിടുന്നത്. മക്മഹോൻ രേഖ പ്രകാരം ഇത് 3488 കിലോമീറ്റർ ഉണ്ട്. എന്നാൽ രണ്ടായിരം മീറ്ററേ ഉള്ളൂവെന്നാണ് ചൈനയുടെ വാദം. ഇതാണ് അമേരിക്ക തള്ളിക്കളയുന്നത്.

അരുണാചൽ പ്രദേശിൽ കഴിഞ്ഞ 6 വർഷത്തിനിടെ ഏറ്റവും സംഘർഷഭരിതമായ സ്ഥിതിവിശേഷമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ളത്. ഈ സന്ദർഭത്തിലാണ് മക്മഹോൻ രേഖയുടെ കാര്യത്തിൽ ഇന്ത്യൻ നിലപാടിനെ അമേരിക്ക ശക്തമായി പിന്തുണയ്ക്കുന്നത്. ഇത് ആഗോള തലത്തിൽ തന്നെ ഇന്ത്യയുടെ നിലപാടുകൾക്ക് ഭാവിയിൽ കരുത്ത് പകരം. അരുണാചൽ ചൈനയുടെ ഭാഗമാണെന്ന അവകാശവാദത്തെ അമേരിക്കൻ പ്രമേയം പൂർണമായി നിരാകരിച്ചു. ചൈന പ്രകോപനം സൃഷ്ടിക്കുന്നതായി കുറ്റപ്പെടുത്തി. എല്ലാ അർത്ഥത്തിലും ഇന്ത്യയുടെ നിലപാടാണ് അമേരിക്ക പ്രമേയത്തിൽ ഉയർത്തിക്കാട്ടുന്നത്.

അതിർത്തിയിലെ തർക്കപ്രദേശത്ത് ചൈന ഗ്രാമങ്ങൾ സൃഷ്ടിക്കുന്നതിനെയും അരുണാചലിന്റെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം പുറത്തുവിടുന്നതിനെയും ഭൂട്ടാനിൽ അവകാശവാദം ഉന്നയിക്കുന്നതിനെയും അപലപിച്ചു. ചൈനയുടെ ഭീഷണി നേരിടാനും പ്രതിരോധം ശക്തമാക്കാനും ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രമേയം പുകഴ്‌ത്തി. സ്വാതന്ത്ര്യത്തെയും നിയമവ്യവസ്ഥയിൽ അധിഷ്ഠിതമായ ഭരണത്തെയും പിന്താങ്ങുന്ന അമേരിക്കൻ നിലപാടാണ് പ്രമേയത്തിനു പിന്നിലെന്ന് പ്രമേയം വിശദീകരിക്കുന്നു.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിരേഖ യഥാർഥ നിയന്ത്രണരേഖ അഥവാ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽ.എ.സി.) എന്നാണ് അറിയപ്പെടുന്നത്. പ്രധാനമായും മൂന്ന് മേഖലകളിലാണ് ഇന്ത്യ ചൈനയുമായി അതിർത്തി പങ്കിടുന്നത്. ഇന്ത്യയിലെ ലഡാക്ക് ഉൾപ്പെടുന്ന പടിഞ്ഞാറൻ സെക്ടർ, ഉത്തരാഖണ്ഡും ഹിമാചൽ പ്രദേശുമായി അതിർത്തി പങ്കിടുന്ന മധ്യ സെക്ടർ, അരുണാചൽ പ്രദേശിലെ കിഴക്കൻ സെക്ടർ. 1959 നവംബർ ഏഴിന് അന്നത്തെ ചൈനീസ് പ്രധാനമന്ത്രി ചൗ എൻലാ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് അയച്ച കത്തിൽ സൂചിപ്പിക്കുന്ന നിയന്ത്രണരേഖയാണ് ചൈന യഥാർഥ നിയന്ത്രണ രേഖയായി അംഗീകരിക്കുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ നെഹ്‌റു തയ്യാറായില്ല.

ചൈനീസ് അധിനിവേശത്തെത്തുടർന്ന് ടിബറ്റിൽ നിന്ന് തന്റെ സംഘവുമൊത്ത് രക്ഷപ്പെട്ട 14-ാം ദലൈലാമ ടെൻസിങ് ഗ്യാസ്റ്റോയ്ക്ക് ഇന്ത്യ അഭയം നൽകിയത് മുതലാണ് ചൈന അതിർത്തിയിൽ പ്രകോപനം തുടങ്ങുന്നത്. 1959 മാർച്ചിൽ തന്റെ 23-ാം വയസ്സിൽ ദലൈലാമ ഇന്ത്യയിൽ അഭയം തേടി. അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു അവരെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചൗ എൻലായുമായുള്ള പഞ്ചശീല ഉടമ്പടി നിലനിൽക്കുന്ന കാലത്തായിരുന്നു നെഹ്‌റു ഇത്തരമൊരു തീരുമാനം എടുത്തത്. ചൈനയെ അത് പ്രകോപിപ്പിച്ചു. ഇന്ത്യൻ നീക്കത്തിൽ അതൃപ്തിപൂണ്ട ചൈന അതിർത്തിയിൽ അവകാശവാദം ഉന്നയിച്ച് ഇന്ത്യയോട് തർക്കം ആരംഭിച്ചു.

അതിർത്തിയിലെ മക്‌മോഹൻ രേഖ സ്വീകാര്യമല്ലെന്നും ലഡാക്ക് ഭാഗത്ത് കാരക്കോണം മലനിരകളുടെ ജലപാതനിര അതിർത്തിയായി അംഗീകരിക്കണമെന്നുമായിരുന്നു ചൈനയുടെ നിലപാട്. ഇത് അംഗീകരിക്കാൻ ഇന്ത്യ തയ്യാറായില്ല. ഒടുവിൽ ഇന്ത്യയും ചൈനയും യുദ്ധത്തിലേക്ക് എത്തി. 1962-ൽ ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധം. 1962-ലെ ഇന്ത്യാ ചൈന യുദ്ധത്തിന്റെ ഒരു രംഗവേദി അരുണാചൽ പ്രദേശിന്റെ അതിർത്തി കേന്ദ്രീകരിച്ചാണ്.