- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിലെ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലും ഇനി ഇമിഗ്രേഷൻ പരിശോധന; ബ്രിട്ടീഷ് പൗരത്വമില്ലാത്തവർ വിസ കോപ്പി നൽകേണ്ടി വരും; വർക്ക് പെർമിറ്റ് ഇല്ലാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ റദ്ദാക്കും; കുടിയേറ്റക്കാരിൽ പിടിമുറുക്കി ബ്രിട്ടീഷ് അന്വേഷകർ
ലണ്ടൻ: അനധികൃത കുടിയേറ്റം തടയാനുള്ള നടപടികളുമായി മുൻപോട്ട് പോകുന്ന ബ്രിട്ടീഷ് സർക്കാർ, കുടിയേറ്റക്കാർക്കുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കുകയാണ്. കറന്റ് അക്കൗണ്ട് ഉള്ളവരിൽ ഇമിഗ്രേഷൻ പരിശോധന നടത്താൻ ബാങ്കുകൾക്കും ബിൽഡിങ് സൊസൈറ്റികൾക്കും ഹോം ഓഫീസ് നിർദ്ദേശം നൽകിക്കഴിഞ്ഞു. 2023 മാർച്ച് 13 ന് ആയിരുന്നു പ്രത്യേക ഓർഡർ പുറത്തിറക്കിയത്.
ഈ നിർദ്ദേശപ്രകാരം രാജ്യത്ത് കറന്റ് അക്കൗണ്ട് തുറക്കുവാനും കൈകാര്യം ചെയ്യുവാനും അർഹതയില്ലാത്തവരുടെ പട്ടിക ഹോം ഓഫീസ് ഒരു നിശ്ചിത ആന്റി ഫ്രോഡ് സംഘടനക്ക് കൈമാരും. ഈ വിവരത്തിനനുസൃതമായി, നിലവിലുള്ള കറന്റ് അക്കൗണ്ട് ഉടമകളുടെയും, കറന്റ് അക്കൗന്റ് തുറക്കാൻ അപേക്ഷ നൽകിയവരുടെയു വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള ക്രമീകരണം ബാങ്കുകളും ബിൽഡിങ് സൊസൈറ്റികളും ചെയ്യണം. ഇതുവഴി, അക്കൗണ്ട് ഉടമകൾ കറന്റ് അക്കൗണ്ട് തുറക്കാനും ഇടപാടുകൾ നടത്താനും യോഗ്യതയുള്ളവരാണോ എന്ന കാര്യം സ്ഥിരീകരിക്കാൻ കഴിയും.
2023 മാർച്ച് 13 ന് അപ്ഡേറ്റ് ചെയ്ത ഈ നിർദ്ദേശത്തിൽ പറയുന്നത്, ഓരോ മൂന്നു മാസക്കാലയളവിലും നിലവിലുൾല അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങൾ പരിശോധിക്കണം എന്നാണ്. ഇത്തരത്തിൽ, ഹോം ഡിപ്പാർട്ട്മെന്റ് നൽകിയ അർഹതയില്ലാത്തവരുടെ ലിസ്റ്റിലെ ഏതെങ്കിലും മൂന്ന് പോയിന്റുകളുമായി ഏതെങ്കിലും ഒരു അക്കൗണ്ട് ഉടമയുടെ വിശദാംശങ്ങൾ ഒത്തു പോകുന്നുവെങ്കിൽ അയാളുടെ അക്കൗണ്ട് നിർത്തലാക്കും.
യു കെയിൽ താമസിക്കുവാൻ നിയമപരമായി അർഹതയില്ലാത്തവർക്കാണ് ഇവിടെ കറന്റ് അക്കൗണ്ട് തുറക്കാൻ അർഹതയില്ലാത്തത്. യു കെയിൽ നിയമപരമായി താമസിക്കാൻ ആവശ്യമായ ഇമിഗ്രേഷൻ സ്റ്റാറ്റസ് ഇല്ലാത്തവർക്ക് അക്കൗണ്ട് തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.ഇമിഗ്രേഷൻ സ്റ്റാറ്റസ് ഇല്ലാത്തതിനാൽ അക്കൗണ്ട് തുറക്കാൻ അർഹതയില്ലാത്തവർക്ക് അതിനുള്ള സൗകര്യം ഒരുക്കരുതെന്ന് ബാങ്കുകൾക്കും ബിൽഡിങ് സൊസൈറ്റികൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
നിങ്ങൾക്ക് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള അർഹത നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യുകയോ ഇടപാടുകളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയോ ചെയ്യാൻ ബാങ്കുകൾക്ക് അധികാരമുണ്ടായിരിക്കും. അതുപോലെ, ഏതെങ്കിലും ഒരു അക്കൗണ്ട് ക്ലോസ് ചെയ്യാൻ ഹോം ഓഫീസ് നിർദ്ദേശിച്ചാൽ അപ്രകാരം ചെയ്യാൻ ബാങ്കുകൾ ബാദ്ധ്യസ്ഥരാണ്.
അതേസമയം അക്കൗണ്ട് ഉടമയിൽ നിന്നും വായ്പ, പലിശ തുടങ്ങിയവ പിരിഞ്ഞു കിട്ടാനുണ്ടെങ്കിൽ അത് പിരിച്ചെടുക്കുന്നതുവരെ അക്കൗണ്ട് ക്ലോസ്സ് ചെയ്യാതിരിക്കാൻ ബാങ്കുകൾക്ക് ആകും. അതേസമയം, അക്കൗണ്ട് ക്ലോസ് ചെയ്യുവാനോ, ഇടപാടുകളിൽ നിയന്ത്രണം ഏർപ്പെടുത്തുവാനുള്ള കാരണങ്ങൾ ബാങ്കുകളും ബിൽഡിങ് സൊസൈറ്റികളും ഉപഭോക്താക്കളെ അറിയിക്കെണ്ടതുണ്ട്.
അത്തരത്തിൽ ബാങ്ക് അക്കൗണ്ട് പൂട്ടിയാൽ പിന്നെ നിങ്ങൾക്ക് യു കെയിൽ താമസിക്കുവാൻ നിയമപരമായ ഒരു അവകാശവുമില്ല എന്ന് ഹോം ഓഫീസ് വ്യക്തമാക്കുന്നു. രാജ്യം വിട്ട് സ്വന്തം രാജ്യത്തേക്ക് മടങ്ങുക എന്നതു മാത്രമാണ് ഏക പോംവഴി. ഇക്കാര്യത്തിൽ ഏതെങ്കിലും വിധത്തിലുള്ള സഹായം ആവശ്യമെങ്കിൽ ഹോം ഓഫീസ് വോളന്ററി റിട്ടേൺസ് സർവീസ് ടീമിനെ ബന്ധപ്പെടാവുന്നതാണെന്നും ഹോം ഓഫീസ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ