നാറ്റോ ഡ്രോണുകളെ തകർക്കാൻ വ്ളാഡിമിർ പുടിൻ തന്റെ പൈലറ്റുകൾക്ക് എല്ലാ സ്വാതന്ത്ര്യവും നൽകിയിരിക്കുകയാണോ ? അങ്ങനെയാണ് ടോറി എമ്പിമാർ പറയുന്നത്. അമേരിക്കൻ റീപ്പർ ഡ്രോണിനെ തകർത്ത റഷ്യൻ നടപടിക്കെതിരെ കടുത്ത രോഷമാണ് എം പിമാർ പ്രകടിപ്പിക്കുന്നത്. സംഘർഷം എത്രവേഗമാണ് ഗുരുതരമാകുന്നതെന്ന് ഓർക്കണമെന്നും അവർ പറയുന്നു. ഇത് റഷ്യയ്ക്ക് കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

ഇത് പൈലറ്റുമാർ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാവാം എന്ന വാദഗതിയെ അവർ എതിർക്കുന്നു. ക്രെംലിനിലെ ഉന്നതങ്ങളിൽ നിന്നുള്ള അറിവോ സമ്മതമോ ഇല്ലാതെ ഇത്തരമൊരു നടപടി ഉണ്ടാകില്ലെന്ന് അവർ തീർത്തു പറയുന്നു. ഒരുപക്ഷെ പുടിൻ തന്നെയായിരിക്കാം ഈ ആശയത്തിന്റെ കേന്ദ്രബിന്ദു എന്നും അവർ പറയുന്നു.

പെന്റഗൺ പുറത്തുവിട്ട ഡ്രോൺ ക്യാമറ ദൃശ്യങ്ങളിൽ കാണുന്നത് സുഖോയ് 27 ജെറ്റ് വിമാനം ഡ്രോണിന്റെ പുറകിൽനിന്നും അതിനെ സമീപിക്കുന്നതാണ്. പിന്നീട് ഡ്രോണിന്റെ പ്രൊപ്പല്ലറുകൾ തകർക്കുന്നതും അതിനു മെൽ ഇന്ധനം ഒഴിക്കുന്നതും കാണാം. തുടർന്ന് ആ ഡ്രോൺ താഴേക്ക് പതിക്കുകയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ ചർച്ചക്ക് വിഷയമായ സംഭവമാണിത്..

യുക്രെയിൻ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് റഷ്യയും അമേരിക്കയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്നത്. തീർത്തും പ്രകോപനമുണ്ടാക്കുന്ന നടപടി എന്നായിരുന്നു അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചത്. ഇത് അന്താരാഷ്ട്ര വ്യോമ പാതയിൽ നടന്ന ഒരു സംഭവമാണെന്നും ഇത് മറുപടി നൽകാതെ വിട്ടുകളയേണ്ട ഒന്നല്ലെന്നും ചില ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.

അന്താരാഷ്ട്ര വ്യോമപാത ഉപയോഗിക്കുവാൻ മറ്റേതൊരു രാജ്യത്തെയും പോലെ അമേരിക്കക്കും അവകാശമുണ്ടെന്ന് ബ്രിട്ടീഷ് എം പിമാരും പറയുന്നു. നാറ്റൊ ഇതുവരെ റഷ്യയുമായി നേരിട്ടൊരു ഏറ്റുമുട്ടലിന് തിനിഞ്ഞട്ടില്ലെന്നും, അത്തരത്തിൽ ഒരു ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ റഷ്യയും ശ്രമിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി.

റഷ്യൻ സൈന്യവും സർക്കാരും യുദ്ധ പരാജയത്തിൽ പരിഭ്രാന്തരാണെന്നും, അതിനാൽ തന്നെ കൂടുതൽ വിഢിത്തങ്ങൾക്ക് പുറപ്പെടരുതെന്നും അവർ പറഞ്ഞു. ഈ പ്രകോപന പ്രസ്താവനകൾ യുദ്ധം കടുക്കുമെന്നതിന്റെ സൂചന കൂടിയാണ്.