- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിൽ എത്തുന്ന അഭയാർത്ഥികളെ തർക്കം തീരുന്നതുവരെ റുവാണ്ടയിൽ പാർപ്പിക്കും; അഭയം നൽകിയാൽ യു കെയിൽ എത്തിക്കും; ഇല്ലെങ്കിൽ റുവാണ്ടയിൽ നിന്നു മടക്കും; തീരുമാനത്തിലുറച്ച് സുവെല്ല; റുവാണ്ട സന്ദർശിച്ച് ആദ്യ വിമാനത്തിന് ഒരുങ്ങി
ലണ്ടൻ: എക്കാലത്തും ബ്രിട്ടന്റെ തീരാതലവേദനയായ അനധികൃത കുടിയേറ്റ പ്രശ്നം കർശനമായി കൈകാര്യം ചെയ്യാൻ തീരുമാനിച്ചുറച്ച് തന്നെയാണ് ഹോം സെക്രട്ടരി സുവെല്ല ബ്രാഡർമാൻ. ഈ വരുന്ന വേനലിൽ തന്നെ അനധികൃത അഭയാർത്ഥികളേയും വഹിച്ചുകൊണ്ട് റുവാണ്ടയിലേക്കുള്ള ആദ്യ വിമാനം പറക്കും എന്ന ശുഭാപ്തി വിശ്വാസമാണ് അവർക്ക്. ബ്രിട്ടനിൽ നിന്നെത്തുന്ന ആയിരക്കണക്കിന് അഭയാർത്ഥികളെ സ്വീകർക്കാൻ റുവാണ്ടയിൽ നടത്തുന്ന തയ്യാറെടുപ്പുകൾ സുവെല്ല നേരിട്ട് വീക്ഷിച്ചു.
നാടുകടത്തൽ ഉത്തരവിനെ തുടർന്ന് ഉണ്ടായേക്കാവുന്ന നിയമനടപടികൾ തടയുന്നതിനായി നിയമത്തിലെ പഴുതുകൾ എല്ലാം അടയ്ക്കാൻ കഴിയുമെന്ന വിശ്വാസവും അവർ പ്രകടിപ്പിച്ചു. അന്തമില്ലാതെ നീണ്ടുപോകുന്ന നിയമനടപടികൾ അനധികൃത അഭയാർത്ഥികളുടെ നാടു കടത്തൽ വൈകിപ്പിക്കുന്നത് ഇനി അനുവദിക്കില്ലെന്നും അവർ പറഞ്ഞു. റുവാണ്ടയിലേക്ക് ആദ്യ വിമാനം പറക്കുന്നത് എത്രയും വേഗത്തിൽ ആക്കുമെന്നു
നിലവിൽ പാർലമെന്റിന്റെ പരിഗണനയിലിരിക്കുന്ന അനധികൃത കുടിയേറ്റ ബിൽ , പഴയ നിയമത്തിലെ പഴുതുകൾ അടയ്ക്കും എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ, അനധികൃതമായി ചെറുയാനങ്ങളിൽ ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്നവർ യു കെയിൽ തുടരാൻ കൈക്കൊള്ളുന്ന നിയമനടപടികൾ ഇല്ലാതെയാകും. നാടുകടത്തലിനെതിരെ ഏതെങ്കിലുംനിയമനടപടി സ്വീകരിക്കണമെങ്കിൽ അത് തിരിച്ച് സ്വന്തം നാട്ടിൽ എത്തിയതിനു ശേഷം മാത്രമെ സാധിക്കു എന്ന് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
റുവാണ്ടൻ തലസ്ഥാനമായ കൈഗലിയിൽ, യു കെയിൽ നിന്നുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ ഈ ആഫ്രിക്കൻ രാജ്യം നടത്തുന്ന തയ്യാറെടുപ്പുകൾ പരിശോധിക്കുവാൻ എത്തിയതായിരുന്നു സുവെല്ല. സന്ദർശനത്തിനിടെയാണ്, വരുന്ന ഏപ്രിലിൽ തന്നെ അഭയാർത്ഥികളുമായി ആദ്യ വിമാനം റുവാണ്ടയിൽ പറന്നിറങ്ങും എന്ന് അവർ പ്രഖ്യാപിച്ചത്. റുവാണ്ടയുമായുള്ള പങ്കാളിത്തത്തിൽ തികഞ്ഞ വിശ്വാസമുണ്ടെന്നും, റുവാണ്ട അഭയാർത്ഥികളെ സ്വീകരിക്കുവാൻ പൂർണ്ണമായും ഒരുങ്ങിക്കഴിഞ്ഞു എന്നും അവർ സൂചിപ്പിച്ചു.
ചാനൽ കടന്ന് ബോട്ടുകൾ എത്തുന്നത് തടയുന്നതിൽ ഋഷി സുനക് ഉറച്ച നിലപാടാണ് കൈക്കൊള്ളുന്നത് എന്നും സുവെല്ല പറഞ്ഞു. പുതിയതായി ഒരുക്കിയ താമസ സൗകര്യങ്ങൾ പരിശോധിച്ച സുവെല്ല, റുവണ്ടയെ കുറിച്ച് യു കെയിൽ ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടെന്നും പറഞ്ഞു. കഴിഞ്ഞ 15 വർഷത്തിനിടയിൽ ഇത് തന്റെ മൂന്നാമത്തെ റുവാണ്ടൻ സന്ദർശനമാണെന്ന് പറഞ്ഞ സുവെല്ല, റുവാണ്ട തീർച്ചയായും സുരക്ഷിതമായ ഒരു രാജ്യമാണെന്നും പറഞ്ഞു.
ബ്രിട്ടന്റെ പുതിയ കുടിയേറ്റ നയങ്ങൾ പൂർണ്ണമായും അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചുള്ളതാണെന്നും യൂറോപ്യൻ കൺവെൻഷൻ ഓൻ ഹ്യൂമൻ റൈറ്റ്സുമായും റെഫ്യുജി കൺവെൻഷനുമായുംഒത്തുപോകുന്നതാണെന്നും സുവെല്ല ചൂണ്ടിക്കാട്ടി. പാർലമെന്റിന്റെ പരിഗണനയിൽ ഇരിക്കുന്ന ബിൽ എത്രയും പെട്ടെന്ന് പാസ്സായാൽ അത്രയും പെട്ടെന്ന് തുടർനടപടികൾ കൈക്കൊള്ളുമെന്നുംഅവർ പറഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബറിൽ റുവാണ്ടൻ പദ്ധതി നിയമാനുസൃതമാണെന്ന് ഒരു യു കെ കോടതി വിധിച്ചിരുന്നു. ഒരുവിധത്തിലും അത് യു എൻ റെഫ്യുജി കൺവെൻഷനെ ലംഘിക്കില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ, കേസിൽ തോറ്റവരിൽ ചിലർക്ക് ഈ റൂളിംഗിന്റെ ചില ഭാഗങ്ങൾക്കെതിരെ അപ്പീൽ നൽകാമെന്ന് ജനുവരിയിൽ ഹൈക്കോടതി വിധിക്കുകയായിരുന്നു. അതിനെ തുടർന്നായിരുന്നു റുവാണ്ടൻ പദ്ധതി തത്ക്കാലത്തേക്ക് മരവിപ്പിച്ചത്.
അടുത്തമാസം അവസാനത്തോടെ ഈ കേസിൽ അപ്പീൽ കോടതിയുടെ വിധി ഉണ്ടാകും എന്നാണ് കരുതുന്നത്. അതുവരെ റുവാണ്ടൻ പദ്ധതി പ്രാവർത്തികമാക്കാൻ കാത്തിരിക്കേണ്ടതായി വരും. നേരത്തേ അഭയാർത്ഥികളായി എത്തുന്നവരെ മാത്രമായിരുന്നു റുവാണ്ടയിലേക്ക് നാടുകടത്താൻ തീരുമാനിച്ചിരുന്നതെങ്കിൽ, 140 മില്യൺ പൗണ്ടിന്റെ പദ്ധതിയിൽ ചില മാറ്റങ്ങൾ വരുത്തി യു കെയിൽ അനധികൃതമായി എത്തുന്ന ആരെയും റുവാണ്ടയിലേക്ക് അയയ്ക്കുവാനാണ് ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
മറുനാടന്‍ ഡെസ്‌ക്