സാൻഫ്രാൻസിസ്‌കോ: യുഎസിലെ സാൻഫ്രാൻസിസ്‌കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. കോൺസുലേറ്റിൽ എത്തിയ ഒരു കൂട്ടം ആളുകൾ ഗ്ലാസ് ഡോറുകളും വാതിലുകളും അടിച്ചു തകർക്കുകയായിരുന്നു. കൂടാതെ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് 'ഫ്രീ അമൃത്പാൽ' എന്ന് വലുതായി എഴുതുകയും കെട്ടിടത്തിനു മുകളിൽ ഖലിസ്ഥാൻ പതാക പാറിക്കുകയും ചെയ്തു. ലണ്ടനിലെ ഹൈക്കമ്മിഷൻ ഓഫിസിനു മുന്നിലെ ഇന്ത്യൻ പതാക നീക്കിയതിനു പിന്നാലെയാണ് സാൻഫ്രാൻസിസ്‌കോയിലെ ആക്രമണം.

അമൃത്പാൽ സിങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അക്രമകാരികൾ സാൻ ഫ്രാൻസിസ്‌കോയിലെ കോൺസുലേറ്റിൽ അതിക്രമം നടത്തിയത്. കെട്ടിടത്തിന്റെ ചുമരിൽ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് അമൃത് പാലിനെ മോചിപ്പിക്കണമെന്ന് ഖലിസ്ഥാൻവാദികൾ എഴുതി. കുറ്റക്കാർക്കെതിരെ കർശനം നടപടി സ്വീകരിക്കണമെന്ന് അമേരിക്കയിലെ ഇന്ത്യൻ പൗരന്മാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയയിലെ പാർലമെന്റിനു പുറത്തും അമൃത്പാലിനായി ഖലിസ്ഥാൻവാദികൾ പ്രതിഷേധ പ്രകടനം നടത്തി.

ഖലിസ്ഥാൻവാദികളുടെ അതിക്രമത്തിൽ ഇന്ത്യയിലെ യു എസ് പ്രതിനിധികളെ ശക്തമായ പ്രതിഷേധം അറിയിച്ചു. നയതന്ത്ര മേഖലയുടെ സുരക്ഷ യുഎസ് സർക്കാരിന്റെ ബാധ്യതയെന്നും ഇന്ത്യ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണം. വാഷിങ്ടണിലെ ഇന്ത്യൻ എംബസി അധികൃതരും അമേരിക്കൻ സ്റ്റേറ്റ് വകുപ്പിനോട് പ്രതിഷേധം അറിയിച്ചു. ഇന്ത്യയിൽ ഖലിസ്ഥാൻ അനുകൂല ട്വിറ്റർ അക്കൗണ്ടുകൾ സസ്‌പെന്റ് ചെയ്തു. ചില കനേഡിയൻ സർക്കാർ അധികൃതരുടെ അക്കൗണ്ടുകൾക്കും വിലക്ക് ഏർപ്പെടുത്തി.

ആക്രമണം നടക്കുന്ന സമയത്ത് പശ്ചാത്തലത്തിൽ പഞ്ചാബി സംഗീതം മുഴങ്ങുന്നുണ്ട്. ആക്രമണത്തിന്റെ വിവിധ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനായി പഞ്ചാബിൽ നടത്തുന്ന തിരച്ചിലിൽ പ്രതിഷേധിച്ചാണ് വിവിധയിടങ്ങളിൽ ഖലിസ്ഥാൻ അനുകൂലികൾ അക്രമം അഴിച്ചുവിടുന്നത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിനു മുന്നിൽ ഇന്ത്യയുടെ ദേശീയപതാക ഖലിസ്ഥാൻ അനുകൂലികൾ നീക്കിയതിൽ ഇന്ത്യ ബ്രിട്ടനെ പ്രതിഷേധം അറിയിച്ചിരുന്നു.

സുരക്ഷാവീഴ്ചയിൽ വിശദീകരണം തേടിയ ഇന്ത്യ, അലംഭാവം അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ലണ്ടനിൽ നടന്നത് പ്രതിഷേധാർഹമാണെന്നും ശക്തമായി അപലപിക്കുന്നതായും ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷൻ അലക്‌സ് എല്ലിസ് ട്വീറ്റ് ചെയ്തിരുന്നു.