ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഖാലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ പതാക താഴ്‌ത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഡെപ്യുട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ വിശദീകരണം തേടിയതിന് പിന്നാലെ അതിവേഗ നടപടികൾ. ഒരാളെ അറസ്റ്റു ചെയ്തു. ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഉണ്ടായ സുരക്ഷാ വീഴ്‌ച്ചയെ പറ്റിയായിരുന്നു വിശദീകരണം തേടിയത്. കടുത്ത ഭാഷയിൽ തന്നെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

ഇന്ത്യൻ നയതന്ത്രകാര്യാലയത്തിനും അതിലെ ഉദ്യോഗസ്ഥർക്കും സുരക്ഷയും സംരക്ഷണവും ഒരുക്കുന്നതിൽ ബ്രിട്ടൻ കാണിച്ച അലംബാവം തികച്ചും സ്വീകാര്യമല്ലെന്ന് വിദേശകാര്യ മന്ത്രാലയം ബ്രിട്ടൻ ഡെപ്യുട്ടി ഹൈക്കമ്മീഷണറെ അറിയിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് ഡൽഹിക്ക് പുറത്ത് ആയതിനാലാണ് ഡെപ്യുട്ടി ഹൈക്കമ്മീഷണർ ക്രിസ്റ്റിന സ്‌കോട്ടിനെ വിളിച്ചു വരുത്തിയത്.

ബ്രിട്ടീഷ് നയതന്ത്ര കാര്യാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ വിഘടനവാദികൾ നടത്തിയ അതിക്രമത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിയന്ന കൺവെൻഷൻ പ്രകാരം യു കെ സർക്കാരിനുള്ള അടിസ്ഥാന കടമകളെ കുറിച്ച് ബ്രിട്ടീഷ് പ്രതിനിധിയെ ഓർമ്മിപ്പിച്ചതായും വിദേശകാര്യ വക്താവ് അറിയിച്ചു.

സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ കണ്ടെത്തി നിയമനടപടികൾ എടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് സർക്കാർ ഇക്കാര്യത്തിൽ ത്വരിത നടപടികൾ സ്വീകരിക്കുമെന്ന് പ്രതിക്ഷിക്കുന്നതായി വിദേശകാര്യ വക്താവ് പറഞ്ഞു. മാത്രമല്ല, ഭാവിയിൽ ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നടപടികളും ബ്രിട്ടീഷ് സർക്കാർ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു എന്നും വക്താവ് പറഞ്ഞു.

അതിനിടയിൽ, ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ഇന്നലെ നടന്ന അക്രമ സംഭവങ്ങളെ ശക്തമായി അപലപിക്കുന്നതായി ബ്രിട്ടീഷ് ഹൈക്കമ്മീഷണർ എല്ലിസ് ട്വീറ്റ് ചെയ്തു. ചില്ലുകൾ തകർന്ന ജനലുകളുടെയും ആളുകൾ ഇന്ത്യൻ ഹൈക്കമ്മീഷൻ കെട്ടിടത്തിന്റെ മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ പതാക നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു വിഘടനവാദിയുടെ കൈയിൽ നിന്നും അത് പിടിച്ചു വാങ്ങുന്ന ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥന്റെ ദ്രുശ്യവും ഇതിൽ ഉൾപ്പെടും. അക്രമികൽ ഖാലിസ്ഥാൻ പതാക വീശുന്നുമുണ്ടായിരുന്നു.

സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതായി സ്‌കോട്ട്ലാൻഡ് യാർഡ് സ്ഥിരീകരിച്ചുവെങ്കിലും ഇനിയും ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. മഞ്ഞയും കറുപ്പും നിറങ്ങളിലുള്ള ഖാലിസ്ഥാൻ പതാകയേന്തി ഹൈക്കമ്മീഷന് മുൻപിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുന്ന ഒരു ചെറു കൂട്ടത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. അതിനിടയിലാണ് ഒരു പ്രതിഷേധക്കാരൻ കെട്ടിടത്തിനു മുകളിൽ ഇടിച്ചു കയറി ഇന്ത്യൻ പതാക വലിച്ചു താഴ്‌ത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.

അതേസമയം, വിഘടനവാദികളുടെ അക്രമത്തിൽ പ്രതിഷേധിച്ചും ഇന്ത്യൻ ഹൈക്കമ്മീഷനു പിന്തുണ പ്രഖ്യാപിച്ചും ലണ്ടനിലെ മലയാളി സമൂഹം ഒന്നടങ്കം രംഗത്ത് വന്നിട്ടുണ്ട്. യൂണിയൻ ഓഫ് യു കെ മലയാളി അസ്സോസിയേഷൻസും, മലയാളി അസ്സോസിയേഷൻ ഓഫ് യു കെയും രാജ്യദ്രോഹികളുടെ നടപടിയെ ശക്തമായി അപലപിച്ചു. ഒരു രാജ്യത്തിന്റെ നയങ്ങളോടുള്ള പ്രതിഷേധം സൂചിപ്പിക്കാൻ ആ രാജ്യത്തിന്റെ പതാകയെ അപമാനിക്കുന്നത് അസ്വീകാര്യമായ നടപടിയാണെന്ന് ബേസിങ്സ്റ്റോക്ക് ബറോ കൗൺസിലർ സജിഷ് ടോം പറഞ്ഞു.

ഇന്ന് ഇന്ത്യൻ ഹൈക്കമ്മീഷനോട് ഐക്യദാർഢ്യം പ്രഖാപിച്ചുകൊണ്ട് ലണ്ടനിലെ ഇന്ത്യൻ സമൂഹം ഇന്ത്യാഹൗസിൽ ഒത്തു ചേരും. അതിനിടയിൽ അംഗ സംഘടനകളോടെ സംഭവത്തിൽ സമാധാനപരമായ പ്രതിഷേധം രേഖപ്പെടുത്താൻ യൂണിയൻ ഓഫ് യു കെ മലയാളീ അസ്സോസിയേഷൻ പ്രസിഡണ്ട് ഡോ. ബിജു പെരിങ്ങതറ ആഹ്വാനം ചെയ്തു. ഇന്ത്യൻ പതാകയെ അപമാനിക്കുന്നത് ഇന്ത്യയുടെ അഭിമാനത്തെ ആക്രമിക്കുന്നതിന് തുല്യമാണെന്നായിരുന്നു യു യു കെ എം എ നാഷണൽ കമ്മിറ്റി പ്രസ്താവിച്ചത്. അതേസമയം, ഇന്ത്യൻ ഹൈക്കമ്മീഷൻ എക്കാലവും ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന വിഘടനവാദികളുടെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു എന്ന് മലയാളി അസ്സോസിയേഷൻ ഓഫ് യു കെ സെക്രട്ടർ ശ്രീജിത്ത് ശ്രീധരൻ പറഞ്ഞു. ലോക കേരള സഭ യു കെ ചാപ്റ്ററും പ്രതിഷേധം രേഖപ്പെടുത്തി.