കീവ്: ചൈനീസ് പ്രസിഡന്റിന്റെ ഷി ജിൻ പിങിന്റെ റഷ്യൻ സന്ദർശനത്തിന് പിന്നാലെ യുക്രൈയിനിൽ ആക്രമണം കടുപ്പിച്ചു റഷ്യ. വ്യാപകമായ മിസൈൽ ആക്രമണമാണ് റഷ്യ നടത്തിയത്. ജനവാസമേഖലകളിലെ റഷ്യൻ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റതായാണ് വിവരം. ബുധനാഴ്ച നടന്ന രൂക്ഷമായ മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുക്രൈൻ പ്രസിഡന്റ് വ്‌ലോദിമിർ സെലൻസ്‌കി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

യുക്രൈനിലെ സപോർഷിയ മേഖലയിലാണ് പട്ടാപ്പകൽ റഷ്യൻ മിസൈൽ ആക്രമണമുണ്ടായത്. തിരക്കേറിയ റോഡിന് സമീപത്തെ കെട്ടിടത്തിന് നേരെ നടന്ന ഷെല്ലാക്രമണത്തിന്റെ ദൃശ്യങ്ങളാണ് സെലൻസ്‌കി പുറത്ത് വിട്ടത്. സാധാരണ ജനങ്ങളും കുട്ടികളും താമസിക്കുന്ന ജനവാസ മേഖലകളിലേക്കാണ് റഷ്യൻ മിസൈലുകളെത്തുന്നെന്നാണ് സെലൻസ്‌കി വിശദമാക്കുന്നത്. റഷ്യൻ ഭീകരത ചെറുക്കുന്നതിനും സംരക്ഷണത്തിനുമായി കൂടുതൽ ഐക്യം വേണമെന്നും സെലൻസ്‌കി ആവശ്യപ്പെടുന്നു.

റഷ്യൻ രണ്ടും കൽപ്പിച്ചു നീങ്ങുന്നു എന്ന സൂചനകളാണ് മിസൈൽ ആക്രമണം ശക്തമാക്കിയതിലൂടെ വ്യക്തമാകുന്നത്. ബുധനാഴ്ച റഷ്യ വ്യാപക ആക്രമണമാണ് യുക്രൈനെതിരെ നടത്തിയത്. കീവിലെ വിദ്യാർത്ഥികുടെ ഹോസ്റ്റലിന് നേരെ നടന്ന ഷെല്ലാക്രമണത്തിൽ മാത്രം ഏഴു പേർ കൊല്ലപ്പെട്ടതായാണ് വിവരം. ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനത്തിന് പിന്നാലെയാണ് ഈ ആക്രമണമെന്നതും ശ്രദ്ധേയമാണ്.

റഷ്യയുടെ അധിനിവേശത്തിന് ശേഷവും ചൈന റഷ്യയുടെ അടുത്ത സുഹൃത്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഷി ജിൻ പിങിന്റെ മോസ്‌കോ സന്ദർശനം. സന്ദർശനം റഷ്യ - ചൈന ബന്ധത്തിന്റെ ആക്കം കൂട്ടുമെന്നും റഷ്യയും ചൈനയും നല്ല അയൽക്കാരും വിശ്വസനീയ പങ്കാളികളുമാണെന്നും ഷീ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പറഞ്ഞത്. അന്താരാഷ്ട്ര ക്രിമിനൽ കോടതി വ്‌ലാദിമിർ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറത്തിറക്കിയതിന് ദിവസങ്ങൾക്ക് പിന്നാലെയായിരുന്നു ചൈനീസ് പ്രസിഡന്റിന്റെ റഷ്യാ സന്ദർർശനം.

അതേസമയം യുക്രൈൻ യുറേനിയം ടാങ്ക് നൽകി ബ്രിട്ടൻ സഹായിക്കാൻ എത്തിയതാണ് പുടിനെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്. കീവിലെ സൈനികർക്ക് ചലഞ്ചർ 2 യുദ്ധ ടാങ്കുകളും യുറേനിയം വെടിക്കോപ്പുകളും നൽകാനാാണ് ബ്രിട്ടൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് റഷ്യൻ സ്വേച്ഛാധിപതി രോഷാകുലനായി പ്രതികരിച്ചിരിക്കുന്നത്. ഇതിനുള്ള മറുപടി ആണവായുധങ്ങൾ ഉപയോഗിച്ചായിരിക്കുമെന്നാണ് പുടിൻ പ്രഖ്യാപിച്ചിരിക്കുന്നത്.

മനുഷ്യന് മാത്രമല്ല, സർവ്വ ജീവജാലങ്ങൾക്കും വിനാശകരമായ നാളുകളായിരിക്കും ബ്രിട്ടന്റെ സഹായം സമ്മാനിക്കുക എന്നാണ് പുടിൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. റേഡിയോ ആക്ടീവ് മെറ്റീരിയൽ അടങ്ങിയ ടാങ്ക് ഷെല്ലുകൾ മനുഷ്യ ജീവനുകൾക്ക് ഭീഷണിയാകുന്നവയാണ്. ശോഷണം സംഭവിച്ച യുറേനിയം ശരീരത്തിൽ പ്രവേശിച്ചാൽ ഗുരുതരമായ റേഡിയേഷൻ ഏൽക്കുന്നതിന് കാരണമാകും.

ഉദാഹരണത്തിന്, സ്ഫോടനം നടന്ന പ്രദേശത്ത് നിന്ന് ശ്വസിക്കുക വഴി കാൻസറും മറ്റു രോഗങ്ങളും ബാധിക്കുവാൻ ഇടയാകും. യുക്രൈനെ സഹായിക്കാനുള്ള തീരുമാനവുമായി ബ്രിട്ടൻ മുന്നോട്ടു പോയാൽ കടുത്ത തീരുമാനങ്ങൾ സ്വീകരിക്കുവാൻ താൻ നിർബന്ധിതനാകുമെന്നാണ് പുടിൻ പറഞ്ഞിരിക്കുന്നത്. റഷ്യൻ തലസ്ഥാനത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു പുടിന്റെ പ്രതികരണം.

'യുക്രെയിന് ടാങ്കുകൾ മാത്രമല്ല, യുറേനിയം കുറഞ്ഞ ഷെല്ലുകളും നൽകുമെന്നാണ് യുണൈറ്റഡ് കിങ്ഡം പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സംഭവിക്കുകയാണെങ്കിൽ, പാശ്ചാത്യ രാജ്യങ്ങൾ സംയുക്തമായി ഇതിനകം തന്നെ ആണവ ഘടകമുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നതിനാൽ, അതിനനുസരിച്ച് പ്രതികരിക്കാൻ റഷ്യയും നിർബന്ധിതരാകും. അവസാന യുക്രൈൻ പൗരനും ഇല്ലാതാകുന്നതു വരെ റഷ്യയുമായി യുദ്ധം ചെയ്യുവാൻ ബ്രിട്ടൻ ഉദ്ദേശിക്കുന്നതായി തോന്നുന്നുവെന്നാണ്' പുടിൻ വ്യക്തമാക്കിയിരിക്കുന്നത്.