കുറ്റാരോപിതൻ സ്വയം വിചാരണ നടത്തി ശിക്ഷ വിധിക്കുന്ന അപൂർവ്വ സാഹചര്യം ഇസ്രയേലിലും രൂപപ്പെടുന്നു. ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും കാതലായ ഒന്നാണ് സ്വതന്ത്ര ജുഡിഷറി എന്നത്. ജുഡീഷറിയെ സർക്കാരിന് കീഴിൽ കൊണ്ടുവർജുന്ന നിയമഭേദഗതികളിൽ ആദ്യത്തേത് ഇസ്രയേൽ പാർലമെന്റ് പാസ്സാക്കി കഴിഞ്ഞു.അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രക്ഷപ്പെടാൻ നടത്തുന്ന നീക്കമാണിതെന്ന ആരോപണം ശക്തമാകുന്നുണ്ട്.

ആദ്യത്തെ ഭേദഗതി പാസ്സാക്കിയതോടെ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിലിറങ്ങി. ജനാധിപത്യത്തെ ഇല്ലാതെയാക്കി, രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കാനുള്ള ശ്രമമാണിതെന്ന് ആരോപിച്ചു കൊണ്ടായിരുന്നു ജനങ്ങൾ പ്രതിഷേധവുമായി ഇറങ്ങിയത്. പല പ്രധാന ഹൈവേകളും ഉപരോധിക്കപ്പെട്ടപ്പോൾ ഒട്ടനവധി പേർ അറസ്റ്റിലായതായും റിപ്പോർട്ടുകൾ പറയുന്നു.

120 അംഗങ്ങൾ ഉള്ള പാർലമെന്റിൽ 47 ന് എതിരെ 61 വോട്ടുകൾക്കാണ് പുതിയ നിയമം പാസ്സാക്കിയത്. ഇതനുസരിച്ച് ആരോഗ്യപരമായ കാരണങ്ങളാലോ മാനസിക പ്രശ്നങ്ങളാലോ മാത്രമെ പ്രധാനമന്ത്രിയെ പുറത്താക്കാൻ കഴിയുകയുള്ളു. കൂടാതെ, പ്രധാനമന്ത്രിയെ പുറത്താക്കാനുള്ള അധികാരം സർക്കാരിന് മാത്രമായിരിക്കും. പ്രധാനമന്ത്രിയോ മന്ത്രി സഭയിലെ മൂന്നിൽ രണ്ട് അംഗങ്ങളോ തീരുമാനിച്ചാൽ മാത്രമെ ഇനി മുതൽ പ്രധാനമന്ത്രിയെ തത്സ്ഥാനത്തു നിന്നുംനീക്കം ചെയ്യാൻ സാധിക്കുകയുള്ളു.

അതിനിടയിൽ ഇന്നലെ ഉച്ചക്ക് പുതിയ നിയമത്തിനെതിരെ പ്രതിരോധ മന്ത്രി ഒരു പ്രസ്താവന നടത്തിയേക്കും എന്നൊരു റിപ്പോർട്ട് പുറത്തു വന്നിരുന്നു. ജുഡീഷറിയിൽ മാറ്റങ്ങൾ വരുത്തുന്നതിനുള്ള നീക്കങ്ങൾ തത്ക്കാലത്തേക്ക് നിർത്തിവയ്ക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇസ്രയേലി സൈന്യത്തിന്റെ ധാർമ്മിക ശക്തി ചോർന്നു പോകുമെന്നും, ഒരു ജാനധിപത്യ രാജ്യത്തെയല്ല സേവിക്കുന്നത് എന്ന തോന്നൽ സർവ്വ ശക്തിയും എടുത്ത് പോരാടുന്നതിൽ നിന്നും അവരെ പിൻവലിക്കുമെന്നുമായിരുന്നു പ്രതിരോധ മന്ത്രി വാദിച്ചത്.

എന്നാൽ, പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പ്രതിരോധ മന്ത്രി യോവ ഗാലന്റിനെ വിളിപ്പിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ചക്ക് ശേഷം പുറത്തുവനൻ ഗാലന്റ്, താൻ പ്രസ്താവന ഇറക്കുന്നത് ഇനിയും വൈകുമെന്ന് അറിയിച്ചു. പല വിദേശ രാജ്യങ്ങളും ഇസ്രയേലിലെ പുതിയ നിയമത്തിന്റെ കാര്യത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. രാജ്യത്തിനു തന്നെ അപമാനകരമായ നിയമം എന്നാണ് ഇതിനെ ഇസ്രയേലി പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്.

അഴിമതി കേസിലോ മറ്റേതെങ്കിലും കേസുകളിലോ പെടുന്ന പ്രധാനമന്ത്രി ആ പദത്തിന് അർഹതയില്ല എന്ന് പറയാനുള്ള അധികാരം സുപ്രീം കോടതിക്ക് ഉണ്ടാവുകയില്ല. ഒരു അഴിമതി നിറഞ്ഞ സർക്കാരിന് അധികാരത്തിൽ തുടരാൻ വേണ്ടി അവർ ഇസ്രയേലിനെ ബലികൊടുക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

അധികാരത്തിൽ ഇരിക്കുമ്പോൾ കേസിൽ പ്രതിയായി കോടതി കയറേണ്ടി വന്ന ഏക ഇസ്രയേൽ പ്രധാനമന്ത്രിയാണ് നേതന്യാഹു.തട്ടിപ്പ്, വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങൾക്ക് ഇപ്പോൾ അദ്ദേഹം വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.