- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാൻ ആക്രമണത്തിൽ അമേരിക്കൻ കോൺട്രാക്ടർ കൊല്ലപ്പെട്ടതിന് പകരം എട്ട് ഇറാനികളെ കൊന്ന് അമേരിക്ക; അമേരിക്കൻ ക്യാമ്പിലെക്ക് തുരുതുരെ മിസൈൽ അയച്ച് ഇറാന്റെ പ്രതികാരം; സിറിയയിൽ ഇറാനും അമേരിക്കയും നേർക്കുനേർ ഏറ്റുമുട്ടുന്നു
വടക്ക് കിഴക്കൻ സിറിയയിലെ അമേരിക്കൻ ക്യാമ്പിന് നേരെ ഇറാൻ ആക്രമണം. സിറിയയിലെ ഇറാൻ റെവലൂഷണറി ഗാർഡ് ആസ്ഥാനങ്ങളിൽ അമേരിക്ക ആക്രമണത്തിന് ഉത്തരവിട്ടതിന് പ്രതികരണമായി ഏഴോളം റോക്കറ്റുകളാണ് ഇറാൻ സേന അമേരിക്കൻ ക്യാമ്പുകൾക്ക് നേരെ അയച്ചത്. പ്രാഥമികമായി ലഭിച്ച വിവരങ്ങൾ അനുസരിച്ച് അമേരിക്കൻ ക്യാമ്പിൽ കാര്യമായ നഷ്ടങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ആളപായവുമില്ല.
വടക്ക് കിഴക്കൻ സിറിയയിൽ ഇറാൻ നിർമ്മിത ഡ്രോണുകളുടെ ആക്രമണത്തിൽ ഒരു അമേരിക്ക കോൺട്രാക്ടർ കൊല്ലപ്പെടുകയും മറ്റ് ആറ് അമേരിക്കക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതോടെയാണ് അമേരിക്ക ആക്രമണത്തിന് ഉത്തരവിട്ടത്. വടക്ക് കിഴക്കൻ സിറിയയിലെ ഹസാക്കയിലെ ഒരു ബിൽഡിംഗിലേക്ജ്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചു കയറ്റുകയായിരുന്നു ഇറാൻ സൈന്യം എന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് വക്താവ് അറിയിച്ചു.
ആക്രമണത്തിൽ ഒരു അമേരിക്കൻ കൊൺട്രാക്ടർ കൊല്ലപ്പെട്ടു. മറ്റൊരു കോൺട്രാക്ടർക്കും ചില അമേരിക്കൻ സൈനികർക്കും പരിക്കേറ്റതായും പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രോൺ ഇറാൻ നിർമ്മിതമാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചതായി പറഞ്ഞ പ്രതിരോധ വകുപ്പ് വക്താവ് പക്ഷെ ആക്രമണത്തിൽ ഇറാന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന മറ്റ് തെളിവുകൾ ഒന്നും തന്നെ പുറത്തുവിട്ടില്ല.
സിറിയയിലെ ഒരു സഖ്യകക്ഷി ആസ്ഥാനത്തിനു നേരെയായിരുന്നു ആക്രമണം. ഈ ആക്രമണത്തിനും, അടുത്തിടെ സഖ്യകക്ഷികളുടെ സൈന്യത്തിനു നേരെ നടന്ന ആക്രമണങ്ങൾക്കും പ്രതികരണമായിട്ടാണ് ഇറാൻ ക്യാമ്പുകൾ ആക്രമിക്കാൻ ഉത്തരവിട്ടത്. ഇറാൻ ഇസ്ലാമിക് റെവലൂഷണറി ഗാർഡുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളുടെ എല്ലാം ആസ്ഥാനങ്ങളിൽ വ്യോമാക്രമണം നടത്താൻ പ്രസിഡണ്ട് ജോ ബൈഡൻ തന്നെയാണ് ഉത്തരവിറക്കിയത്.
അമേരിക്ക നടത്തിയ രണ്ട് ആക്രമണങ്ങളിലായി ചുരുങ്ങിയത് എട്ട് ഇറാൻ സൈനികർ എങ്കിലും കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. ഹരാബെഷിലെ ഒരു ആയുധ ശാലക്ക് നേരെ നടന്ന ആക്രമണത്തിൽ ഇറാന്റെ പിന്തുണയുള്ള വിമത വിഭാഗത്തിലെ ആറു പേർ മരണമടഞ്ഞതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. സിറിയൻ സൈന്യവും ഇറാന്റെ പിന്തുണയുള്ള വിമതരും ഒരുപോലെ ശക്തമായ ഈ മേഖലയിൽ കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഇസ്രയേലും വ്യോമാക്രമണം നടത്തിയിരുന്നു.
മയാദീൻ പട്ടണത്തിനടുത്ത് നടത്തിയ രണ്ടാമത്തെ അമേരിക്കൻ ആക്രമണത്തിൽ രണ്ട് വിമതർ കൊല്ലപ്പെട്ടു. ഖത്തറിലെ അൽ ഉദൈദ് വ്യോമസേന ആസ്ഥാനത്തു നിന്നും പറന്നുയർന്ന എഫ്- 15 ഫൈറ്റർ ജെറ്റുകളായിരുന്നു ആക്രമണം നടത്തിയതെന്ന് അമേരിക്കൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഇറാനിയൻ പരമാധികാരി ആയത്തൊള്ള അലി ഖമേനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പാരാമിലിറ്ററി റെവലൂഷണറി ഗാർഡാണ് ഡ്രോൺ ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു.
മറുനാടന്‍ ഡെസ്‌ക്