ലണ്ടൻ: അഭയാർത്ഥികളായി മരുഭൂമിയും കടലും താണ്ടി അനധികൃതമായി ബ്രിട്ടനിൽ എത്തിയവർ താമസിക്കുന്നത് ആഡംബര ഹോട്ടലുകളിൽ. പണച്ചെലവില്ലാതെ ബ്രിട്ടനിലെ പാവപ്പെട്ട നികുതിദായകരുടെ ചെലവിൽ ഉണ്ടുമുറങ്ങിയും കഴിയുന്നവർക്ക് ഇപ്പോൾ മടുപ്പ് തോന്നുന്നുവത്രെ! മോശപ്പെട്ട ഭക്ഷണം കഴിച്ച്, ജയിലിൽ കഴിയുന്നത് പോലെയാണത്രെ അവർ ജീവിക്കുന്നത്!

പരാതികളുടെ ചുരുളുകൾ അഴിയുമ്പോൾ, അനധികൃതമായി എത്തുന്നവരെ ഹോട്ടലുകളിൽ താമസിപ്പിക്കുന്ന രീതി ഉപെക്ഷിക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ. പകരം ഉപയോഗ ശൂന്യമായ സൈനിക കേന്ദ്രങ്ങളിൽ അവരെ പർപ്പിക്കും. നിലവിൽ 395 ഹോട്ടലുകളിലായി 51,000 അഭയാർത്ഥികളാണ് യു കെയിൽ ഉള്ളത് എന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇവരുടെ ചെലവിലെക്കായി പൊതുഖജനാവിൽ നിന്നും സർക്കാർ ഒരു ദിവസം ചെലവഴിക്കുന്നത് 6.8 മില്യൺ പൗണ്ടും.

പരമാവധി ഹോട്ടലുകൾ ഇപ്പോൾ തന്നെ ഉപയോഗിച്ചു കഴിഞ്ഞ സാഹചര്യത്തിൽ ഈ നയം തിരുത്തണമെന്നാണ് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാനും ആഗ്രഹിക്കുന്നത്. മാത്രമല്ല, പല നഗരങ്ങളിലും, പട്ടണങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ ഇത്തരത്തിൽ അഭയാർത്ഥികളെ താമസിപ്പിക്കുന്നതിന് ഹോട്ടലുകൾ ഉപയോഗിക്കുന്നത് പല വിവാദങ്ങളും സൃഷ്ടിച്ചു കഴിഞ്ഞു. തീവ്ര വലതുപക്ഷക്കാരുടെയും ഫാസിസ്റ്റ് വിരുദ്ധരുടെയും പ്രതിഷേധങ്ങൾ ലിവർപൂൾ, കോൺവെൽ തുടങ്ങിയ പലയിടങ്ങളിലും നടന്നു കഴിഞ്ഞു. അഭയാർത്ഥികളെ താമസിപ്പിച്ച ഹോട്ടലുകൾക്ക് സമീപമാണ് ഇരുവിഭ്യാഗങ്ങളും പ്രതിഷേധിച്ചത്.

അതിനിടയിലാണ് സ്ട്രാറ്റ്ഫോർഡ് അപ്പോൺ ഏവണിലെ ഗ്രോസ്വെനോർ എന്ന ത്രീ സ്റ്റാർ ഹോട്ടലിൽ താമസിക്കുന്ന 150 ഓളം അഭയാർത്ഥികൾ അവർക്കൊരുക്കിയ സൗകര്യത്തിൽ അസംതൃപ്തരാണെന്ന റിപ്പോർട്ട് ഡെയ്ലി മെയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹോട്ടലിൽ ഒരുമിച്ച് താമസിക്കുന്നതിൽ താത്പര്യമില്ലെന്നും വീടുകളിലായിരുന്നെങ്കിൽ സ്വതന്ത്രമായി താമസിക്കാമായിരുന്നു എന്നുമാണത്രെ അവർ പറയുന്നത്.

അതേസമയം എസ്സെക്സിലെ ഗ്രെയ്റ്റ് ഹാലിങ്ബറി മാനർ ഹോട്ടലിൽ ആഫ്രിക്കൻ അഭയാർത്ഥികളെയും അഫ്ഗാൻ അഭയാർത്ഥികളെയും താമസിപ്പിച്ചിരിക്കുന്നതിനാൽ തദ്ദേശവാസികൾക്ക് ഹോട്ടൽ സേവനം ലഭ്യമാകുന്നില്ല എന്ന പരാതി ഉയരുന്നു. മാത്രമല്ല, അഭയാർത്ഥികളിൽ പലരും തെരുവിലിറങ്ങി നടക്കുന്നത് തദ്ദേശവാസികളിൽ ആശങ്കയുണർത്തുന്നുമുണ്ട്. പലരും വീടുകളിൽ എത്തി വാതിലിൽ മുട്ടി പണവും മറ്റും ചോദിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഒരു ബൈക്ക് ഉൾപ്പടെ പല വസ്തുക്കളും പ്രദേശത്തു നിന്ന് മോഷണം പോയിട്ടുമുണ്ട്.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അഭയാർത്ഥികളെ താമസിപ്പിക്കുന്നതിനായി പുതിയൊരു പദ്ധതി തയ്യാറാക്കാൻ ഋഷി സുനക് ഒരുങ്ങുന്നത്. ഉപയോഗശൂന്യമായ ഫെറികളും സൈനിക ആസ്ഥാനങ്ങളും ഇതിനായി ഉപയോഗിക്കുവാനാണ് ഋഷി ഉദ്ദേശിക്കുന്നത്. അഭയാർത്ഥികളെ ഹോട്ടലിൽ താമാസിപ്പിക്കുന്നത് അവസാനിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനം അടുത്ത ആഴ്‌ച്ച നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.