കീവ്: ഏതാനും ദിവസങ്ങൾക്കുള്ളിൽ വിജയം ഉറപ്പാക്കാമെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ വാക്കുകൾ വിശ്വസിച്ച് യുദ്ധത്തിനിറങ്ങിപ്പുറപ്പെട്ട പുടിൻ, വർഷം ഒന്നു കഴിഞ്ഞിട്ടും എടുത്തു കാട്ടാൻ പോന്ന ഒരു വിജയം നേടാനാകാത്തതിന്റെ അരിശത്തിലാണ്. അതോടെ യുക്രെയിനിനെ പൂർണ്ണമായും നശിപ്പിക്കാനാണത്രെ പുടിന്റെ തീരുമാനം. വീടുവീടാന്തരം കയറി ഭീകരാവസ്ഥ സൃഷ്ടിക്കുക, യുക്രെയിൻ യുവാക്കളെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ തടവിലാക്കുക എന്നിവയൊക്കെയാണ് ഇപ്പോൾ പുടിൻ ആലോചിക്കുന്നത് എന്ന് ചില പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

റഷ്യൻ രഹസ്യാന്വേഷണ സംഘടനയായ എഫ് എസ് ബി യുടെ ഉന്നതങ്ങളിൽ നിന്നും ചോർന്നതെന്ന് പറയപ്പെടുന്ന ചില ഈമെയിൽ സന്ദേശങ്ങളിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. അന്താരാഷ്ട്ര ക്രിമിനൽ കോടതി പുടിനെ യുദ്ധകുറ്റവാളിയായി പ്രഖ്യാപിച്ച് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഈ സന്ദേശങ്ങൾ ചോർന്നത്. തുടർച്ചയായി റഷ്യൻ സൈന്യം തിരിച്ചടികൾ നേരിടുന്നതിനിടെ ചില റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ, പ്രത്യേകിച്ചും ബുച്ച മേഖലയിൽ കോൺദൻട്രേഷൻ ക്യാമ്പുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.

മാറ്റത്തിന്റെ കാറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു എഫ് എസ് ബി സ്രോതസ്സിൽ നിന്നാണ് മനുഷ്യാവകാശ പ്രവർത്തകനായ വ്ളാഡിമിർ ഒസേഷ്‌കിന് ഈ സന്ദേശം ലഭിച്ചത് എന്ന് പറയപ്പെടുന്നു. പിന്നീട് ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. ഖെർസൺ മേഖലയിൽ ഒരു വലിയ ഭീകരതയാണ് വരാൻ പോകുന്നതെന്ന് ദുരൂഹമായ ഈ സ്രോതസ്സ് മുന്നറിയിപ്പ് നൽകുന്നു.

റഷ്യൻ സൈന്യത്തിനെതിരെയുള്ള എതിർപ്പുകൾ അടിച്ചമർത്തിയതിനു ശേഷം പിന്നീട് വീടുവീടാന്തരം കയറിയായിരിക്കും അക്രമങ്ങൾ നടത്തുക എന്ന് ഈ സന്ദേശത്തിൽ പറയുന്നു. പാതിരാത്രിക്ക് വീടുകളിൽ എത്തുന്ന റഷ്യൻ സൈന്യം, പ്രതിഷേധക്കാരെ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് കൊണ്ടുപോകുമെന്നുംഇതിൽ പറയുന്നുണ്ട്. ഇത്തരത്തിലുള്ള കടുത്ത നടപടികൾ റഷ്യക്കെതിരെയുള്ള പ്രതിരോധം കുറക്കാൻ സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇതുവരെയുള്ള യുദ്ധത്തിൽ ഏറ്റവും ക്രൂരമായ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വന്നത് ബുച്ച മേഖലയിലുള്ളവരായിരുന്നു. പുടിന്റെ സ്വകാര്യ സേന എന്നറിയപ്പെടുന്ന വാഗ്നാർ ഗ്രൂപ്പായിരുന്നു ഇതിന്റെയെല്ലാം പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തേ റഷ്യയുടെ ചില റേഡിയോ സന്ദേശങ്ങൾ ചോർത്തിയതിൽ നിന്നായിരുന്നു ഇത് അറിയാൻ കഴിഞ്ഞത് എന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതിനിടയിൽ കഴിഞ്ഞയാഴ്‌ച്ച റഷ്യയിൽ നിന്നും യുക്രെയിൻ തിരിച്ചു പിടിച്ച ഒരു നഗരത്തിൽ സാധാരണക്കാരെ കൂട്ടക്കൊല ചെയ്യാൻ റഷ്യൻ സൈന്യം ചർച്ചകൾ നടത്തിയതുമായി ബന്ധപ്പെട്ട ചില സന്ദേശങ്ങൾ ജർമ്മൻ രഹസ്യാന്വേഷണ സംഘടനയയ ബി എൻ ഡിക്ക് ലഭിച്ചു. ബുച്ചയിലെ ചില പ്രത്യേക സംഭവങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണ് ജർമ്മനിക്ക് ലഭിച്ചത്. അതിൽ ഒന്നിൽ ഒരു റഷ്യൻ സൈനികൻ, സൈക്കിളിൽ യാത്ര ചെയ്യുന്ന രണ്ടുപേരെ വെടിവെച്ചു കൊന്ന കാര്യം പറയുന്നുണ്ട്. സാധാരണക്കാരെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തതിനു ശേഷം കൊല്ലണമെന്ന് മറ്റൊരാൾ പറയുന്നതും അതിലുണ്ട്.

റഷ്യൻ അധിനിവേശത്തിന്റെ മറവിൽ സ്വകാര്യ സേനയായ വാഗ്നാർ ഗ്രൂപ്പാണ് ഈ ക്രൂരതകൾ എല്ലാം ചെയ്യുന്നത് എന്ന് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മാത്രമല്ല, അതിർത്തിയിലുള്ള റഷ്യൻ സൈനികർ പിന്തിരിയാതിരിക്കാനും വാഗ്നാർ സേന മുൻകരുതൽ എടുത്തിട്ടുണ്ട്.