ലണ്ടൻ: കുടിയേറ്റ വിരുദ്ധരും കുടിയേറ്റക്കാരെ അനുകൂലിക്കന്നവരും സംഘചേർന്ന് പ്രതിഷേധത്തിനെത്തിയതോടെ സംഭവം കലാശിച്ചത് കൂട്ടത്തല്ലിൽ. ന്യുക്വേയിലെ അഭയാർത്ഥികളെ പാർപ്പിച്ചിരിക്കുന്ന ഹോട്ടലിനു മുൻപിലായിരുന്നു സംഭവം. 200 ഓളം അഭയാർത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ബെറെസ്ഫോർഡ് ഹോട്ടലിനു മുൻപിലെ പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ഇടപെട്ടു.

എകദേശം അമ്പതോളം കുടിയേറ്റ വിരുദ്ധരായൈരുന്നു പ്രതിഷേധിക്കാനായി ഹോട്ടലിന് മുൻപിൽ തടിച്ചു കൂടിയത്. അതേസമയം കുടിയേറ്റക്കാർക്ക് പിന്തുണ നൽകുന്ന 150 ഓളം പേർ ഹോട്ടലിന്റെ മുൻപിലേക്ക് എത്തുകയായിരുന്നു. ഉച്ചക്ക് 1 മണിയോടെയായിരുന്നു പ്രതിഷേധങ്ങൾ അക്രമാസക്തമായത്.ൽ ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ഡെവൺ ആൻഡ് കോൺവാൾ പൊലീസ് അറിയിച്ചു. ഒരാൾക്ക് പരിക്ക് പറ്റിയതായും പൊലീസ് അറിയിച്ചു.

തദ്ദേശവാസികൾ തെരുവുകളിൽ ഉറങ്ങുമ്പോൽ അനധികൃത കുടിയേറ്റക്കാർക്ക് സർക്കാർ ചെലവിൽ ഹോട്ടൽ താമസം എന്നെഴുതിയ പ്ലക്കാർഡുകളും ഏന്തിയായിരുന്നു കുടിയേറ്റ വിരുദ്ധർ പ്രതിഷേധിക്കാൻ എത്തിയത്. കുടിയേറ്റം അവസാനിപ്പിക്കണം, തദ്ദേശവാസികൾക്ക് ആദ്യം താമസമൊരുക്കണം തുടങ്ങിയ മുദ്രാവാക്യങ്ങളും അവർ ഉയർത്തിയിരുന്നു.

അതേസമയം, കറുത്ത വസ്ത്രമണിഞ്ഞെത്തിയ, കുടിയേറ്റക്കാരെ അനുകൂലിക്കുന്ന സംഘം, കോൺവെൽ വംശീയതക്ക് എതിര്, വെറുപ്പിന്ീവിടെ ഇടമില്ല, അഭയാർത്ഥികൾക്ക് സ്വാഗതം തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളായിരുന്നു ഉയർത്തിപ്പിടിച്ചത്. ഈ കുടിയേറ്റ അനുകൂലികളുടെ സംഘത്തിൽ പെട്ട ഒരു വ്യക്തി തദ്ദേശവാസിയായ ഒരു സ്ത്രീയെ ആക്രമിച്ചതായി ഒരു പ്രാദേശിക പത്ര ലേഖകൻ പറഞ്ഞു. ആക്രമിച്ചതിനു ശേഷം അയാൾ ആൾക്കൂട്ടത്തിൽ മറയുകയും ചെയ്തതായി റിപ്പോർട്ടർ പറഞ്ഞു.

പരസ്പരം അശ്ലീല ഭാഷകൾ ഉപയോഗിച്ച് വെല്ലുവിളി നടത്തിയ ഇരു സംഘങ്ങളും കൂടുതൽ അടുത്തെത്താതെ പൊലീസ് അവർക്കിടയിൽ മനുഷ്യ മതിൽ തീർത്തു. അതിനിടെ, മുഖം മൂടിയണിഞ്ഞെത്തിയ അഭയാർത്ഥി അനുകൂലികളെ ഭീരുക്കൾ എന്ന് വിളിച്ച് മറുപക്ഷം ആക്ഷേപിക്കുന്നുണ്ടായിരുന്നു. അനധികൃതമായി ഇവിടെ എത്തിയ കുടിയേറ്റക്കാരെ കമ്മ്യുണിസ്റ്റുകൾ പിന്തുണക്കുകയാണെന്നും കുടിയേറ്റ വിരുദ്ധർ ആക്രോശിക്കുന്നുണ്ടായിരുന്നു.

കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകർ പറയുന്നത് തങ്ങൾ ഹോട്ടലിനു മുൻപിൽ തികച്ചും സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു എന്നാണ്. ആ സമയം കുടിയേറ്റ അനുകൂലികൾ അവിടെയെത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു എന്നും അവർ പറയുന്നു. തദ്ദേശീയർ താമസിക്കാൻ ഒരിടമില്ലാതെ നിരത്തരികിൽ അഭയം പ്രാപിക്കുമ്പോൾ, അവർ കൂടി നൽകുന്ന നികുതിയിൽ നിന്നും പണമെടുത്ത് അനധികൃതമായി രാജ്യത്തെത്തിയവരെ തീറ്റിപ്പോറ്റുകയാണെന്നും അവർ ആരോപിച്ചു.