- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധമോ ഭൂകമ്പമോ ദുരന്തങ്ങളോ ഉണ്ടായാൽ അവിടെ ടൂറടിക്കാൻ പോകുന്ന ബ്രിട്ടീഷുകാരനെ ഓർമ്മയില്ലെ? അഫ്ഗാനിൽ താലിബാൻ പിടിച്ചപ്പോൾ ഒരുവിധം രക്ഷപ്പെട്ട അതേയാൾ; താലിബാൻകാർക്കൊപ്പം ഫോട്ടോഷൂട്ടിന് പോയി ഇപ്പോൾ അഫ്ഗാനിൽ അകത്ത്; സാഹസികനായ വിനോദ സഞ്ചാരി പ്രതിസന്ധിയിൽ
മൈൽസ് റൂട്ട്ലെഡ്ജ് എന്ന പേര് ബ്രിട്ടീഷുകാർക്ക് ഏറെ സുപരിചിതമാണ്. സാഹസികനായ വിനോദ സഞ്ചാരി എന്നറിയപ്പെടുന്ന ഇയാളുടെ പ്രധാന വിനോദം യാത്രകൾ തന്നെ. എന്നാൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഇയാൾ എന്നും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നത് അശാന്തിയുടെ തണൽ വിരിഞ്ഞു നിൽക്കുന്ന ഭൂമികകളിലൂടെയാണെന്ന് മാത്രം. യുദ്ധഭൂമികളും ദുരന്തഭൂമികളുമൊക്കെയാണ് ഇയാൾക്ക് ഏറെ പ്രിയം.
ഇപ്പോഴിതാ, ഇയാൾ താലിബാൻകാരുടെ പിടിയിലായിരിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. നേരത്തെ 2021-ൽ അഫ്ഗാനിൽ നീണ്ട ഒരു ഇടവേളക്ക് ശേഷം അശാന്തിയുടെ വിത്തുകൾ മുളക്കാൻ തുടങ്ങിയപ്പോൾ അയാൾ അവിടെയെത്തിയിരുന്നു. താലിബാൻ അധികാരത്തിലെത്തിയതോടെ മരണത്തെ പോലും മുഖാമുഖം കണ്ട സന്ദർഭങ്ങൾ ഇയാൾക്ക് ഉണ്ടായി. അന്ന് ഏറെ കഷ്ടപ്പെട്ടാണ് ബ്രിട്ടീഷ് സേന ഇയാളെ അഫ്ഗാനിസ്ഥാനിൽ നിന്നും ഒഴിപ്പിച്ചു കൊണ്ടുവന്നത്.
അപകട സാധ്യത ഏറെയുള്ളിടങ്ങളിൽ കറങ്ങി നടക്കുന്നത് താൻ എന്നും ഇഷ്ടപ്പെടുന്നു എന്ന് ഒരിക്കൽ ട്വീറ്റ് ചെയ്ത ഇയാൾ വീണ്ടും അഫ്ഗാനിസ്ഥാനിൽ എത്തിയത് അവിടത്തെ അശാന്തി ഇനിയും അവസാനിക്കാത്തതിനാൽ ആയിരുന്നു. ഒരു ചാരിറ്റി സംഘടനക്ക് വേണ്ടി പ്രവർത്തിക്കുന്ന കെവിൻ കോൺവെൽ എന്ന ഒരു ബ്രിട്ടീഷ് പൗരനേയും കാബുളിൽ ഹോട്ടൽ നടത്തുന്ന, പേര് വെളിപ്പെടുത്താത്ത മറ്റൊരു ബ്രിട്ടീഷുകാരനെയും സാഹസിക സഞ്ചാരിക്കൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്.
തന്റെ ഹോട്ടൽ മുറിയിൽ അനധികൃതമായി തോക്കുകൾ സൂക്ഷിച്ചു എന്നാണ് കോൺവെല്ലിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. മറ്റു രണ്ടുപേർക്കും എതിരെ ചുമത്തിയ കുറ്റം എന്താണെന്നോ, അവരെ ഇപ്പോൾ എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്നോ വ്യക്തമല്ല. താലിബാൻ അധികാരത്തിൽ എത്തിയതിനു പിന്നാലെ യു കെ അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. എന്നിരുന്നാലും, അറസ്റ്റ് ചെയ്യപ്പെട്ട ബ്രിട്ടീഷുകാരുമായി സംസാരിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചു വരികയാണ്.
അതിനുപുറമെ റമദാൻ മാസത്തിൽ പാട്ട് പ്രക്ഷേപണം ചെയ്തു എന്ന് ആരോപിച്ച് ഒരു വനിതാ റേഡിയോ സ്റ്റേഷൻഅടച്ചുപൂട്ടിയതായി ഒരു താലിബൻ വക്താവ് അറിയിച്ചു. തദ്ദേശ ഭാഷയിൽ പൂർണ്ണമായും സ്ത്രീകളാൽ നടത്തപ്പെടുന്നത് എന്നർത്ഥം വരുന്ന സദായ് ബനോവാൻ എന്ന പേരുള്ള റേഡിയോ സ്റ്റേഷനാണ് അടച്ചു പൂട്ടിയത്. 10 വർഷം മുൻപ് തുടങ്ങിയ ഈ റേഡിയോ സ്റ്റേഷനിൽ 8 ജീവനക്കാരാണ് ഉള്ളത്. അതിൽ ആറുപേർ സ്ത്രീകളാണ്.
മറുനാടന് മലയാളി ബ്യൂറോ