മുൻ അമേരിക്കൻ പ്രസിഡണ്ടിന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ സംഭവിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഉച്ചയോടെ തന്റെ സ്വകാര്യ ജെറ്റിൽ ന്യുയോർക്കി പറന്നെത്തിയ ട്രംപ് ഇനിഅഭിമുഖീകരിക്കാൻ പോകുന്നത് സ്റ്റോമി ഡാനിയൽസിന് പണം നൽകി വായ് മൂടിക്കെട്ടാൻ ശ്രമം നടത്തി എന്ന കേസിലെ നടപടികൾ. ഒരു സാധാ ക്രിമിനലിനെ പോലെ വിരലടയാളം പകർത്തിയും, ഫോട്ടോ എടുത്തുമെല്ലാം ക്രിമിനൽ നടപടികൾക്ക് വിധേയനാകുന്ന ആദ്യ മുൻ അമേരിക്കൻ പ്രസിഡണ്ടായി ചരിത്രത്തിൽ ഇടം പിടിക്കുകയാണ് ട്രംപ്.

ഉച്ച തിരിഞ്ഞ് ലാ ഗാർഡിയ വിമാനത്താവളത്തിൽ, തന്റെ ട്രംപ് ഫോഴ്സ് വൺ വിമാനത്തിൽ പറന്നിറങ്ങിയ ട്രംപിനെ സ്വീകരിക്കാൻ അനേകം ആരാധകരാണ് എത്തിച്ചേർന്നത്. അനേകം വാഹനങ്ങളുടെ അകമ്പടിയോടെയാണ് ട്രംപ് വിമാനത്താവളത്തിൽ നിന്നും ട്രംപ് ടവറിലേക്ക് യാത്ര തിരിച്ചത്. ക്യുൻസിൽ നിന്നും ട്രംപ് ടവറിലേക്കുള്ള 16 കിലോമീറ്ററിലധികം വരുന്ന യാത്ര അവസാനിച്ചപ്പോൾ, ടവറിനു വെളിയിൽ കാത്തുനിന്ന ആരാധക വൃന്ദത്തിനു നേരെ കൈവീശി അഭിവാദ്യം ചെയ്തശേഷമായിരുന്നു ട്രംപ് അതിനകത്തേക്ക് പ്രവേശിച്ചത്.

സാധാരണയായി ട്രംപ് ടവറിനകത്തേക്ക് പ്രവേശിക്കാറുള്ള മുൻവാതിലിൽ നിരവധി പേർ തടിച്ചു കൂടിയിരുന്നതിനാൽ, വശത്തുള്ള ഒരു കവാടത്തിലൂടെയായിരുന്നു അദ്ദേഹം അകത്ത് കടന്നത്. ചൊവ്വാഴ്‌ച്ച ഉച്ച തിരിഞ്ഞ് 2.15 ന് ബിസിനസ്സ് ഫ്രോഡ് കേസിലെ നടപടികൾ ആരംഭിക്കുന്നതിന് മുൻപ് ഒരു രാത്രികൂടി ട്രംപ് ടവറിൽ അദ്ദേഹം ചെലവിടും.

അതേസമയം, കനത്ത പ്രതിഷേധമാകും ന്യുയോർക്ക് ദർശിക്കുക എന്ന വിലയിരുത്തലിൽ പൊലീസ് മുൻകരുതൽ നടപടികൾ എടുത്തിട്ടുണ്ട്. ട്രംപ് ടവറിനു ചുറ്റുമുള്ള സൈഡ് വാക്കിൽ പൊലീസ് ബാരിക്കേഡുകൾ തീർത്തിട്ടുണ്ട്. മാൻഹാട്ടൻ ക്രിമിനൽ കോടതി കെട്ടിടത്തിനു നേരത്തെ തന്നെ പൊലീസ് സംരക്ഷണം ഏർപ്പെടുത്തി കഴിഞ്ഞു. നേരത്തെ, ഫ്ളോറിഡയിൽ തന്റെ വാഹനവ്യുഹം വിമാനത്തിനടുത്തു വരെ എത്തിച്ചശേഷം ട്രംപ് ഏകനായിട്ടായിരുന്നു മുൻവാതിലിലൂടെ വിമാനത്തിൽ കയറിയത്. അഭിഭാഷകർ അടങ്ങുന്ന സഹായികൾ പിൻവാതിലിലൂടെയായിരുന്നു കയറിയത്.

പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞതിനു ശേഷം ട്രംപിനുള്ള അകമ്പടി വാഹനങ്ങളുടെ എണ്ണം നാലായി ചുരുക്കിയിരുന്നു. എന്നാൽ, ഇന്ന് ദർശിച്ചത് ഒരു വൻ അകമ്പടി കൂട്ടമായിരുന്നു. അദ്ദേഹത്തിന്റെ കാമ്പെയിൻ മാനേജർമാരായ സൂസി വിൽസ്, ക്രിസ് ലാസിവിറ്റ, മുതിർന്ന ഉപദേഷ്ടാവ് ജാസൺ മിലർ, വക്താവ് സ്റ്റീവൻ ചിയുങ്ങ് എന്നിവ അദ്ദേഹത്തെ അകമ്പടി സേവിക്കുന്നുണ്ട്. കോടതിയിൽ താൻ നിരപരാധിയാണെന്ന നിലപാടായിരിക്കും സ്വീകരിക്കുക എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ പറഞ്ഞു. ജഡ്ജി കടുത്ത നടപടികളിലേക്ക് കടന്നേക്കും എന്ന് സംശയമുള്ളതിനാൽ, ഒരു ഭരണഘടനാ വിദഗ്ധനെ കൂടി അഭിഭാഷക സംഘത്തിൽ കൂട്ടിയിട്ടുണ്ട്.

ട്രംപിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ, പോൺസ്റ്റാർ സ്റ്റോമി ഡാനിയൽസിന് 1,30,000 ഡാളർ നൽകി എന്ന ആരോപണത്തിൽ നടത്തിയ അന്വേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിശ്വസിച്ചാലും ഇല്ലെങ്കിലും, ചൊവ്വാഴ്‌ച്ച ഞാൻ കോടതിയിലേക്ക് പോവുകയാണ്. അമേരിക്ക ഇതേ നിലയിലേക്ക് അധപതിക്കും എന്ന് കരുതിയിരുന്നില്ല, ഞായറാഴ്‌ച്ച ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ച വരികളാണിത്.

തങ്ങളുടെ നേതാവ് കേസിൽ നിന്നും ഊരിപ്പോരും എന്ന് തന്നെയാണ് ട്രംപിന്റെ അനുയായികൾ വിശ്വസിക്കുന്നത്. യഥാർത്ഥ ക്രിമിനൽ ജോ ബൈഡനാണെന്ന് ഒരു അനുയായി പറഞ്ഞു. എന്നാൽ, ബൈഡന്റെ ഈ കളി ട്രംപിന് കൂടുതൽ സഹതാപം നേടിയെടുക്കാനേ സഹായിക്കൂ എന്ന് കരുതുന്നവരും ഉണ്ട്. അതിനിടയിൽ ട്രംപിന്റെ അഭിഭാഷക സംഘത്തിലെ മുതിർന്ന അഭിഭാഷകനായ ബോബ് കുൻസ്റ്റ്, വിധി പ്രഖ്യാപിച്ച മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. തന്റെ സ്വന്തം നഗരത്തിലെ കൊലപാതകികളെയും ക്രിമിനലുകളെയും ശിക്ഷിക്കാതെ അറ്റോർണി ട്രംപിന്റെ പുറകെ നടക്കുകയാണ് എന്നായിരുന്നു അദ്ദേഹം വിമർശിച്ചത്.

ട്രംപിനോട് സർക്കാർ ചെയ്യുന്നത് നല്ലതല്ല എന്ന അഭിപ്രായമുള്ളവർ ഏറേയാണ് അമേരിക്കയിൽ താൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന് പ്രഖ്യാപിച്ചതു മുതൽ ട്രംപിനെ ഭരണകൂടം വേട്ടയാടുകയാണ് എന്ന് ചിലർ ആരോപിക്കുന്നു. ട്രംപിന്റെ എക്കാലത്തേയുംമുദ്രാവാക്യമായ മേക്ക് അമേരിക്ക ഗ്രെയ്റ്റ് എഗൈൻ (എം എ ജി എ) എന്നെഴുതിയ തൊപ്പികളും, ട്രംപ് 24 എന്നെഴുതിയ ബാനറുകളുമായിട്ടായിരുന്നു ആരാധകർ ട്രംപിനെ വരവേൽക്കാൻ എത്തിയത്.