- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ കാമില രാജ്ഞി എന്നു തന്നെ വിളിക്കപ്പെടുമെന്ന് സ്ഥിരീകരിച്ച് ചാൾസ് രാജാവ്; കിരീടധാരണ ചടങ്ങിൽ വരില്ലെന്നും ഭാര്യയെ അയക്കാമെന്നും അറിയിച്ച് ജോ ബൈഡൻ; ഒരു മാസം ബാക്കിയുള്ളപ്പോൾ ചടങ്ങുകൾ അടിപൊളിയാക്കാൻ നെട്ടോട്ടം
ലണ്ടൻ: കിരീടധാരണത്തിനു ശേഷം കാമില, കാമില രാജ്ഞി എന്നായിരിക്കും ഔദ്യോഗികമായി അറിയപ്പെടുക എന്ന് ബക്കിങ്ഹാം കൊട്ടാരം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ മാസം 2000 അതിഥികൾക്ക് അയയ്ക്കാൻ പോകുന്ന ക്ഷണക്കത്ത് ഔദ്യോഗികമായി പുറത്തിറക്കിയശേഷമായിരുന്നു കൊട്ടാരം വക്താക്കൾ ഇക്കാര്യം അറിയിച്ചത്. ഈ വരുന്ന മെയ് 6 ന് വെസ്റ്റ്മിനിസ്റ്റർ അബെയിൽ വച്ചായിരിക്കും കിരീടധാരണ ചടങ്ങുകൾ നടക്കുക.
തന്റെ പ്രിയപത്നിയെ തനിക്കൊപ്പം രാജ്ഞിയായി കിരീടധാരണം നടത്തണം എന്ന ചാൾസിന്റെ ഏറെക്കാലത്തെ മോഹമാണ് ഇപ്പോൾ യാഥാർത്ഥ്യമാകാൻ പോകുന്നത്. ക്ഷണക്കത്തിൽ തന്നെ പറയുന്നത് ചാൾസ് മൂന്നാമൻ രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണത്തിന് ക്ഷണിക്കുന്നു എന്നാണ്. ഇതുവരെ രാജപത്നി (ക്യുൻ കൺസോർട്ട്) എന്ന പദവിയായിരുന്നു കാമിലക്ക് ഉണ്ടായിരുന്നത്. ഇതിനു മുൻപുണ്ടായിരുന്ന രാജപത്നിമാർ എല്ലാവരും തന്നെ കിരീടധാരണത്തിനു ശേഷം രാജ്ഞി എന്നു തന്നെയായിരുന്നു അറിയപ്പെട്ടിരുന്നത്.
ഈ മാറ്റം പ്രതിഫലിപ്പിക്കാനായി അടുത്ത മാസം ബക്കിങ്ഹാം കൊട്ടാരം അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. ഒരുകാലത്ത് ആലോചിക്കുവാൻ പോലും സാധിക്കാത്ത ഒരു കാര്യമായിരുന്നു കാമില രാജ്ഞി ആകും എന്നത്. 2005-ൽ അന്ന് വെയിൽസ് രാജകുമാരനായിരുന്ന ചാൾസ് കാമിലയെ വിവാഹം കഴിച്ചപ്പോൾ പറഞ്ഞിരുന്നത്, ചാൾസ് രാജാവാകുമ്പോൾ പ്രിൻസസ് കൺസോർട്ട് എന്നായിരിക്കും കാമിൽ അറിയപ്പെടുക എന്നായിരുന്നു.
ഈ വിവാഹത്തിൽ തീരെ താല്പര്യമില്ലാതിരുന്ന എലിസബത്ത് രാജ്ഞി വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. ചാൾസിന്റെയും ഡയാനയുടെയും വിവാഹ ബന്ധം തകർന്നതിന് ഉത്തരവാദിയായിൽ പലരും ചൂണ്ടിക്കാട്ടിയിരുന്നത് കാമിലയെ ആയിരുന്നു. എന്നാൽ, വിവാഹശേഷം തന്റെ ഊഷ്മളവും മാന്യവുമായ പെരുമാറ്റത്താൽ കാമില എല്ലാവരെയും ആകർഷിക്കുകയായിരുന്നു. നർമ്മബോധവും പരാതികൾ പറയാത്ത സ്വഭാവവും അവരെ രാജകുടുംബത്തിന് പ്രിയപ്പെട്ടവൾ ആക്കി.
അതേസമയം, ഗാർഹിക പീഡനങ്ങളുടെ ഇരകൾക്കായുള്ള കാമിലയുടെ പ്രവർത്തനങ്ങളും സാക്ഷരതാ പ്രവർത്തനങ്ങളും അവരെ രാജ്യത്തിനും പ്രിയപ്പെട്ടവളാക്കുകയായിരുന്നു. രാജാവിന്റെയും രാജ്ഞിയുടെയും പേജസ് ഓഫ് ഓണർ നയിക്കുക രാജാവിന്റെ ചെറുമകൻ ജോർജ്ജ് രാജകുമാരനായിരിക്കും എന്നും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പിതാവിന്റെ കിരീടധാരണ സമയത്ത് 11 വയസ്സ് മാത്രമുണ്ടായിരുന്ന എലിസബത്ത് രാജ്ഞിക്ക് ചടങ്ങിൽ ഔദ്യോഗിക പങ്കുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതുപോലെ രാജ്ഞിയുടെ കിരീടധാരണ സമയത്ത് ചാൾസിന് വെറും നാല് വയസ്സ് മാത്രമായിരുന്നു.
ഒട്ടുമിക്ക രാഷ്ട്രത്തലവന്മാർക്കും നാളെ മുതൽ ക്ഷണക്കത്ത് അയച്ചു തുടങ്ങും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പക്ഷെ കിരീട ധാരണ ചടങ്ങുകളിൽ പങ്കെടുക്കില്ല എന്ന് അറിവായിട്ടുണ്ട്. പകരം, ചടങ്ങിനെത്തുന്ന അമേരിക്കൻ സംഘത്തെ നയിക്കുക ബൈഡന്റെ പത്നി ജിൽ ബൈഡനായിരിക്കും. ഇക്കാര്യം ബൈഡൻ തന്നെ നേരിട്ട് രാജാവിനെ വിളിച്ച് പറഞ്ഞതായി ആണ് റിപ്പോർട്ടുകൾ.
കിരീടധാരണം നടക്കുന്ന സമയമാണ് ബൈഡന്റെ സന്ദർശനത്തിന് വിലങ്ങ് തടിയാകുന്നത് എന്നൊരു സംസാരവും ഉയരുന്നുണ്ട്. കിരീടധാരണം നടക്കുന്നത് ബൈഡന്റെ നോർത്തേൺ അയർലൻഡ്, അയർലൻഡ് റിപ്പബ്ലിക് സന്ദർശനങ്ങൾക്ക് ശേഷമാണ്. ഐറിഷ് വേരുകൾ ഉള്ള ബൈഡൻ ഒരു കാലത്തും അത് തുറന്നു പറയാൻ മടിച്ചട്ടില്ല. മാത്രമല്ല, ഗുഡ് ഗ്രൈഡേ എഗ്രിമെന്റിനെ മനസ്സറിഞ്ഞ് പിന്തുണക്കുന്ന ഒരു വ്യക്തി കൂടിയാണ് ബൈഡൻ. ബ്രിട്ടൻ ബ്രെക്സിറ്റ് കരാറിൽ ചർച്ചകൾ നടത്തുമ്പോഴും ഗുഡ് ഫ്രൈഡെ കരാർ സംരക്ഷിക്കണമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ വ്യക്തികൂടിയാണ് ബൈഡൻ.
മറുനാടന് ഡെസ്ക്