ഫ്‌ളോറിഡ: കുടുംബക്കാരെല്ലാം ഉണ്ടായിരുന്നു, ഒരാളൊഴിച്ച്. ആ ആളുടെ പേര് മാത്രം ഡൊണൾഡ് ട്രംപ് പറഞ്ഞതുമില്ല. ചൊവ്വാഴ്ച രാത്രി ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള മാറ ലാഗോ വസതിയിൽ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തന്നെ ശിക്ഷിക്കുകയും, അറസ്റ്റ് ചെയ്യുകയും ചെയ്ത ജഡ്ജിക്കും, അറ്റോർണിക്കും എതിരെ നിശിത വിമർശനങ്ങൾ ഉതിർത്ത് ട്രംപ് ആവേശഭരിതനായി. എന്നിരുന്നാലും, എല്ലാവരും അന്വേഷിച്ചത് ഒരാളെയാണ്. ഭാര്യ മെലാനിയ ട്രംപിനെ.

പോൺതാരവുമായി ബന്ധപ്പെട്ട കേസിൽ ട്രംപിനെ ശിക്ഷിച്ചതിന്റെ നാണക്കേടിൽ, മെലാനിയ പുറത്തിറങ്ങാത്തതാണെന്ന് ചിലർ അടക്കം പറഞ്ഞു.അതല്ല, ട്രംപുമായി ഉടക്കിലാണെന്ന് മറ്റുചിലർ. നീലച്ചിത്ര താരം സ്റ്റോമി ഡാനിയൽസും, പ്ലേ ബോയ് മോഡൽ കാരൻ മക്ഡ്യൂഗലും ഒക്കെ ട്രംപിനെ ലൈംഗികാരോപണങ്ങളിൽ കുടുക്കിയപ്പോൾ, മെലാനിയ പുറത്തിറങ്ങാതെയൊന്നും ഇരുന്നില്ല. കഴിഞ്ഞാഴ്ച ട്രംപിനെ കുറ്റക്കാരനായി മാൻഹാട്ടൻ കോടതി വിധിച്ചപ്പോൾ, മെലാനിയ ഭർത്താവിന് പിന്തുണ നൽകാൻ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ഇരുവരും വിരുന്നിന് പോയി. നല്ല തിളങ്ങുന്ന ചുവപ്പ് വേഷമിട്ട് വന്ന മെലാനിയെ എളുപ്പം തിരിച്ചറിയാമായിരുന്നു.

എന്നിരുന്നാലും ചൊവ്വാഴ്ച മെലാനിയയെ ആ പരിസരത്തെങ്ങും കാണാനുണ്ടായിരുന്നില്ല. തനിക്ക് പിന്തുണ നൽകിയ മറ്റുകുടുംബാംഗങ്ങൾക്കെല്ലാം ട്രംപ് പ്രസംഗത്തിൽ നന്ദി പറയുകയും ചെയ്തു.

എന്നാൽ, മെലാനിയയുടെ കാര്യം മറന്നുപോയതോ എന്തോ, മിണ്ടിയില്ല. കോടതി വിധിക്ക് മുമ്പേ തന്നെ 52 കാരിയായ മെലാനിയ തന്റേതായ ജീവിതം നയിക്കുകയാണെന്നും സന്തുഷ്ടയാണെന്നും ടാബ്ലോയിഡുകൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പോൺതാരത്തിന്റെ കേസും മറ്റും തനിക്ക് കേൾക്കുകയേ വേണ്ട എന്നുപറഞ്ഞ് കോപത്തിലാണത്രേ. ദേഷ്യത്തിലാണെങ്കിലും, ഭർത്താവിനെ അവർ പിന്തുണയ്ക്കുന്നു.

കഴിഞ്ഞ ഏഴുവർഷമായി തന്റെ കുടുംബത്തിന് നേരേ തുടരുന്ന ആക്രമണങ്ങളിൽ മറ്റൊന്ന് മാത്രമാണിതെന്ന് മെലാനിയയ്ക്ക് അറിയാം. അതുകൊണ്ട് കുടുംബത്തോട് ചേർന്ന് നിന്ന് നേരിടുക തന്നെയാണ് അവരെന്ന് ഡെയ്‌ലി മെയിൽ റിപ്പോർ്ട്ട് ചെയ്യുന്നു.

അതേസമയം, ട്രംപ് തന്റെ പ്രംഗത്തിൽ ജഡ്ജി യുവാൻ മെർക്കന്റെ കുടുംബത്തെ അടക്കം വിമർശിച്ചു. അറ്റോർണി ആൽവിൻ ബ്രാഗിനെ ക്രിമിനൽ എന്നാണ് വിശേഷിപ്പിച്ചത്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മെർക്കന്റെ മുന്നറിയിപ്പൊന്നും ട്രംപ് വകവച്ചില്ല. ജോ ബൈഡൻ ഭരണകൂടത്തിനെതിരെ ട്രംപ് ആഞ്ഞടിച്ചു. അമേരിക്ക നാശത്തിലേക്ക് പോകുന്നുവെന്ന് ട്രംപ് ആരോപിച്ചു. ഇത് അമേരിക്കയിൽ സംഭവിക്കാം. അങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല. നശിപ്പിക്കാൻ ശ്രമിക്കുന്നവരിൽ നിന്ന് നമ്മുടെ രാജ്യത്തെ നിർഭയമായി പ്രതിരോധിച്ചതാണ് താൻ ചെയ്ത ഒരേയൊരു കുറ്റം. തുടക്കം മുതൽ ഡെമോക്രാറ്റുകൾ തന്റെ പ്രചാരണത്തിൽ ചാരവൃത്തി നടത്തി. വഞ്ചനാപരമായ അന്വേഷണങ്ങളുടെ കടന്നാക്രമണമാണ് തനിക്ക് നേരെ നടന്നതെന്ന് ഓർക്കണമെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽസുമായുള്ള ബന്ധം മറച്ചുവെക്കാൻ പണം നൽകിയെന്ന കേസിലാണ് ഡോണൾഡ് ട്രംപ് കോടതിയിൽ ഹാജരായി അറസ്റ്റ് വരിച്ചത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് ന്യൂയോർക്കിലെ ലോവർ മാൻഹാട്ടൻ ഫെഡറൽ കോടതിയിലെത്തിയത്. കുറ്റപത്രം വായിച്ചുകേട്ട ട്രംപ് കുറ്റം ചെയ്തിട്ടില്ലെന്ന് ജഡ്ജി യുവാൻ മാനുവൽ മെർക്കൻ മുമ്പാകെ ബോധിപ്പിച്ചു.എന്തായാലും സാധാരണക്കാർ അന്വേഷിക്കുന്നത് മെലാനിയ എവിടെയെന്നാണ്. മകൾ ഇവാങ്ക ട്രംപാകട്ടെ അച്ഛന്റെ പുതിയ അദ്ധ്യായത്തിൽ താൻ ഒരു പങ്കും വഹിക്കുന്നില്ല എന്ന് ഡിസംബറിൽ ക്രിസ്മസിന് മുമ്പേ വ്യക്തമാക്കിയിരുന്നു.