മേരിക്കൻ സ്പീക്കർ കെവിൻ മെക്കാർത്തിയുമായി തായ് വാൻ പ്രസിഡണ്ട് സാീംഗ് വെൻ നടത്തിയ ചർച്ചകൾ ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും ദ്വീപ് രാഷ്ട്രത്തിനു ചുറ്റും ചൈനയുടെ യുദ്ധവിമാനങ്ങൾ വട്ടമിട്ടു പറന്നു. യുദ്ധക്കപ്പലുകളും തായ് വാനെ ചുറ്റിയിട്ടുണ്ട്. ചൈനയുടെ മൂന്ന് യുദ്ധക്കപ്പലുകളാണ് തായ് വാനെ വലം വയ്ക്കുന്നത്. ഒരു ഫൈറ്റർ ജെറ്റും ഒരുഅന്തർവാഹിനിവേധ ഹെലികോപ്റ്ററും തായ്വാന്റെ വ്യോമ പ്രതിരോധ മേഖല ലംഘിച്ചതായും റിപ്പോർട്ടുകൾ വരുന്നു.

ബുധനാഴ്‌ച്ച ലോസ് ഏഞ്ചലസിൽ വെച്ച് സായ് മെക്കാർത്തിയെ കാണുന്നതിന് അല്പം മുൻപായി ചൈനയുടെ ഒരു വിമാനവാഹിനി കപ്പൽ തായ് വാന്റെ തെക്ക് പടിഞ്ഞാറൻ സമുദ്രാതിർത്തിയിലൂടെ കടന്നു പോയി. തായ് വാനിലെ ജനങ്ങൾക്ക് സ്വതന്ത്രവും ജനാധിപത്യപരവുമായ ഒരു ജീവിതം ഉറപ്പു വരുത്തുന്നതിൽ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ലോസ് ഏഞ്ചലസിൽ നിന്നും തിരിക്കുന്നതിനു മുൻപായി സായ് പറഞ്ഞു. ലാറ്റിൻ അമേരിക്കൻ സന്ദർശനത്തിനു ശേഷം തിരിച്ചു വരുമ്പോഴായിരുന്നു അവർ ലോസ് ഏഞ്ചലസിൽ വെച്ച് സ്പീക്കറുമായി കൂടിക്കാഴ്‌ച്ച നടത്തിയത്.

ചൈനയുമായി സമാധാനമാണ് ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞ അവർ മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിന്നു കാണാൻ ആഗ്രഹിക്കുന്നതായും പറഞ്ഞു. അതേസമയം, മേഖലയിലെ സംഘർഷത്തിന് മൂർച്ഛ കൂട്ടുന്നതായിരുന്നു ചൈനയുടെ പ്രതികരണം. തായ് വാൻ ചൈനയുടെ അവിഭാജ്യ ഘടകമാണെന്നായിരുന്നു ചൈന പ്രതികരിച്ചത്. മാത്രമല്ല, അമേരിക്കൻ സ്പീക്കറുമായി കൂടിക്കാഴ്‌ച്ച നടത്തുന്നതിനെതിരെ താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്.

ചൈനയുടെ പരമാധികാരവും അഖണ്ഡതയും ചോദ്യം ചെയ്യപ്പെടാൻ അനുവദിക്കില്ല എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു. ചൈന മെയിൻലാൻഡുമായി കൂടിച്ചേരുന്നതിലൂടെ മാത്രമാണ് തായ് വാന്റെ ഭാവി എന്നും വക്താവ് പറഞ്ഞു. തായ് വാൻ ഒരു സ്വതന്ത്ര രാഷ്ട്രമാണെന്ന് പറയുമ്പോഴും, സ്വയംഭരണാവകാശമുള്ള ഒരുചൈനീസ് പ്രവിശ്യയായി മാത്രമെ ചൈന തായ് വാനെ കാണുന്നുള്ളൂ.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അന്നത്തെ അമേരിക്കൻ സ്പീക്കർ നാൻസി പെലോസി തായ് വാൻ സന്ദർശിച്ച സമയത്തും ചൈന ഈ ദ്വീപുരാഷ്ട്രത്തിനു ചുറ്റുമായി മിസൈലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ചിരുന്നു. എന്നാൽ, അത്രയും പ്രകോപനപരമായ ഒരു സമീപനം ഇത്തവണ ചൈന സ്വീകരിച്ചില്ല എന്നത് ശ്രദ്ധേയമാണ്. എന്നാലും, തായ് വാൻ കരുതലിലാണ്. ദ്വീപിനടുത്തായി ചൈനയുടെ ഒരു യുദ്ധക്കപ്പൽ കണ്ടെന്നും ചൈനീസ് നേവൽ ഹിലികോപറ്ററുകൾ വ്യോമാതിർത്തി ലംഘിച്ചെന്നും തായ് വാൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ തായ് വാനെ സൈനികമായും സാമ്പത്തികമായും സമ്മർദ്ദത്തിലാക്കരുതെന്നും, നയതന്ത്ര ചർച്ചകൾ വഴി പ്രശ്നം പരിഹരിക്കണമെന്നും അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടു. തുറന്ന ചർച്ചകൾക്കാണ് അമേരിക്ക പ്രാധാന്യം നൽകുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് അറിയിച്ചു. അമേരിക്കൻ അധികാര ശ്രേണിയിൽ പ്രസിഡണ്ടിനും വൈസ് പ്രസിഡണ്ടിനും കീഴിൽ മൂന്നാം സ്ഥാനത്തുള്ള മെക്കാർത്തി ആദ്യം തായ് വാൻ സന്ദർശനത്തിന് പദ്ധതി തയ്യാറാക്കിയിരുന്നു എങ്കിലും പിന്നീറ്റ് തായ് വാൻ പ്രധാനമന്ത്രിയെ കാലിഫോർണിയയിൽ കാണാൻ തീരുമാനിക്കുകയായിരുന്നു.

ചൈനയുമായി അനാവശ്യമായ ഒരു സംഘർഷം ഒഴിവാക്കാനുള്ള നയതന്ത്ര നീക്കമായിരുന്നു അത്.. അത് വിജയം കണ്ടു എന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നത്. അതേസമയം, നേരത്തെ ചൈനയെ പ്രകോപിപ്പിച്ച, തായ് വാന് ആയുധം നൽകുന്ന അമേരിക്കയുടെ നടപടി ഇനിയും തുടരുമെന്നും മെക്കാർത്തി വ്യക്തമാക്കിയിട്ടുണ്ട്. ഉപരോധം കൊണ്ടു മാത്രം ആരെയും തടുത്തു നിർത്താൻ ആകില്ലെന്ന് യുക്രെയിനിൽ നിന്നും പഠിച്ച പാഠമാണെന്നും അവർ പറഞ്ഞു. ആയുധങ്ങൾ നൽകുമെന്ന് വ്യക്തമാക്കിയെങ്കിലും, അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തായ് വാൻ പ്രധാനമന്ത്രിയും തയ്യാറായില്ല.