സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയിൽ വൻ വിവാദം സൃഷ്ടിച്ചിരിക്കുന്ന ഫണ്ട് തിരിമറി കേസിൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ പാർട്ടിയുടെ എക്സ്റ്റേണൽ ഓഡിറ്റർമാർ രാജിവെച്ചു. അക്കൗണ്ടൻസി സ്ഥാപനമായ കാർമിഷേ എസ്. എൻ. പിയുമായുള്ള ബന്ധം തന്നെ വിച്ഛേദിച്ചിരിക്കുകയാണ്. പാർട്ടിയുടെ ആസ്ഥാനത്തും, മുൻ ഫസ്റ്റ് മിനിസ്റ്റർ നിക്കോള സർജന്റിന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തുകയും, നിക്കോളയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണിത്.

ഇതിനോടകം തന്നെ അഭ്യന്തര കലാപം ശക്തി പ്രാപിച്ച പാർട്ടിക്ക് ഈ സംഭവം കനത്ത തിരിച്ചടിയായിരിക്കുകയാണ്. നേതൃസ്ഥാനത്തേക്ക് മറ്റൊരു തവണ മത്സരം നടത്തണമെന്ന ആവശ്യത്തിന് ശക്തി വർദ്ധിച്ചതോടെ, ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫിന്റെ നിലയും പരുങ്ങലിലായിരിക്കുന്നു. ഭർത്താവ് പീറ്റർ മ്യൂറലിനെതിരെ നടപടി ഉണ്ടാകും എന്നറിഞ്ഞുകൊണ്ട് തന്നെയാണ് സ്റ്റർജൻ രാജിവെച്ചതെന്ന വാദവും ശക്തി പ്രാപിക്കുകയാണ്.

പീറ്റർ മ്യുറൽ പാർട്ടിയുടെ ചീഫ് എക്സിക്യുട്ടീവ് ആയിരിക്കുന്ന കാലത്ത്, സ്‌കോട്ട്ലാൻഡിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രണ്ടാം റെഫറണ്ടത്തിനായി പിരിഞ്ഞു കിട്ടിയ 6 ലക്ഷം പൗണ്ടിന് എന്തു സംഭവിച്ചു എന്നതാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്. അതിനിടയിലാണ് എക്സ്റ്റേണൽ ഓഡിറ്റർ ചുമതലയിൽ നിന്നും സ്വയം മാറിയത്.

സ്റ്റർജൻ രാജിവെച്ചതോടെ നേതൃസ്ഥാനത്തേക്ക് നടന്ന പാർട്ടി തെരഞ്ഞെടുപ്പിൽ കേയ്റ്റ് ഫോർബ്സിനെ പരാജയപ്പെടുത്തിയായിരുന്നു ഹംസ യൂസഗ് ഫസ്റ്റ് മിനിസ്റ്റർ ആയത്. എന്നാൽ, സ്റ്റർജനും ഹംസക്കും പീറ്ററിന്റെ അറസ്റ്റിനെ കുറിച്ച് അറിയാമായിരുന്നു എന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ഇപ്പോഴത്തെ സംഭവ വികസങ്ങളുടെ പശ്ചാത്തലത്തിൽ, നേതൃസ്ഥാനത്തേക്ക് വീണ്ടും റ്റെരഞ്ഞെടുപ്പ് നടത്തണം എന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ഇപ്പോൾ ആവശ്യപ്പെടുന്നത്.

ഇനിയൊരിക്കൽ കൂടി നേതൃസ്ഥാനത്തേക്ക് മത്സരം ഉണ്ടായാൽ കെയ്റ്റ് ഫോർബ്സിനായിരിക്കും വിജയം എന്നാണ് ചില പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ബുധനാഴ്‌ച്ചയായിരുന്നു ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് സ്റ്റർജന്റെ ഭർത്താവ് പീറ്റർ മ്യൂ്യൂറലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് അദ്ദെഹത്തെ വിട്ടയച്ചു. പീറ്ററും നിക്കോളയും താമസിക്കുന്ന ഗ്ലാസ്ഗോയിലെ വീട്ടിൽ രണ്ടു ദിവസമായിരുന്നു പൊലീസ് പരിശോധന നടത്തിയത്.