ലണ്ടൻ: സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയുടെ ഫണ്ട് തിരിമറി കേസ് പുതിയ വഴിത്തിരിവിലേക്ക്. നേരത്തേ, മുൻ ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജന്റെ ഭർത്താവ ്പീറ്റർ മ്യുറലിലെ ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നിക്കോള സ്റ്റർജന്റെ വീട്ടിൽ റെയ്ഡും നടത്തിയിരുന്നു. ഇപ്പോഴിതാ നിക്കോളയുടെ ഭർതൃമാതാവിന്റെ വീട്ടിൽ നിന്നും ആഡംബര കാരവൻ പൊലീസ് പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. 1,10,000 പൗണ്ട് വില വരുന്ന കാരവനാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്.

നിക്കോള സ്റ്റർജന്റെ ഗ്ലാസ്ഗോയിലുള്ള വീട്ടിൽ നിന്നും 80 കിലോമീറ്റർ മാറിയാണ് പീറ്റർ മ്യൂറലിന്റെ മാതാവ് 92 കാരീയായ മാർഗരറ്റ് മ്യൂറൽ താമസിക്കുന്നത്. അവരുടെ വീടിന്റെ പുറത്തായിരുന്നു ഈ അത്യാഡംബര കാരവൻ സൂക്ഷിച്ചിരുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്‌ച്ചയായിരുന്നു ഇത് പിടിച്ചെടുത്തത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 58 കാരനായ മ്യൂറലിനെ അറസ്റ്റ് ചെയ്ത് ഉടൻ തന്നെയായിരുന്നു പൊലീസ് ഈ നടപടിയിലേക്ക് തിരിഞ്ഞത്.

പാർട്ടി ഫണ്ടിൽ നിന്നും 6 ലക്ഷം പൗണ്ട് കാണാതായ സംഭവത്തിൽ പൊലീസ് നിക്കോള സ്റ്റർജന്റെ വീടും എഡിൻബർഗിലെ പാർട്ടി ആസ്ഥാനവും റെയ്ഡ് ചെയ്തിരുന്നു. അതിനു ശേഷമായിരുന്നു ഡൺഫേംലൈനിലെ സ്വകാര്യ എസ്റ്റേറ്റ് റെയ്ഡ് ചെയ്ത് കാരവൻ പിടിച്ചെടുത്തത്. 2021 ജനുവരിയിലായിരുന്നു ഈ കാരവൻ ഇവിടെ എത്തിയത് എന്നാണ് അയൽക്കാർ പറയുന്നത്. ബോർഡ് വയ്ക്കാത്ത രണ്ട് കാറുകളിലും ഒരു എസ് യു വിയിലും ആയി പൊലീസ് എത്തിയാണ് കാരവൻ കൊണ്ടുപോയതെന്നും അയല്ക്കാർ പറയുന്നു.

വലിയൊരു ടോവ് ട്രക്കിലായിരുന്നു ഈ ആഡംബര വാഹനം പൊലീസ് കൊണ്ടു പോയത്. ഭർതൃമാതാവിന്റെ വീടിനകത്തേക്ക് പൊലീസ് കയറിയില്ല എന്ന് അയൽക്കാർ പറയുന്നു. പ്രായമായ സ്ത്രീ എന്ന പരിഗണന നൽകിയായിരിക്കും അതെന്നും അവർ കരുതുന്നു. അവരുടെ വീടിന്റെ ഡ്രൈവ് വേയിൽ ഉണ്ടായിരുന്ന ആഡംബര വാഹനം എടുത്തു കൊണ്ടുപോവുകമാത്രമായിരുന്നു പൊലീസ് ചെയ്തത്. രണ്ട് വർഷത്തിലധികമായി ഈ ആഡംബര കാരവൻ അവിടെ കിടക്കുകയാണെന്നും, ആരും ഇത് ഉപയോഗിച്ചതായി കണ്ടിട്ടില്ല എന്നും അവർ പറയുന്നു.

2017- ലും 2019-ലും ആയി ശേഖരിച്ച സംഭാവനകളിലാണ് തിരിമറി നടന്നിരിക്കുന്നത്. 6 ലക്ഷം പൗണ്ടിലധികം സംഭാവനയായി ലഭിച്ചുവെങ്കിലും എസ് എൻ പിയുടെ അക്കൗണ്ടിൽ 1 ലക്ഷത്തിൽ താഴെ തുക മാത്രമെ 2019 അവസാനം ഉണ്ടായിരുന്നുള്ളു. ഇത് കണ്ടെത്തിയതിനെ തുടർന്ന് 19-ഓളം ക്രിമിനൽ കേസുകളാണ് റെജിസ്റ്റർ ചെയ്യപ്പെട്ടത്. അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങിയതോട് പാർട്ടിക്കുള്ളിലും പ്രശ്നങ്ങൾ മൂർദ്ധന്യത്തിൽ എത്തിയിരിക്കുകയാണ്.