- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലിനു നേരെ സിറിയയിൽ നിന്നും റോക്കറ്റ് ആക്രമണം; നോക്കി നിൽക്കാതെ സിറിയയിലേക്കും ഇസ്രയെൽ ബോംബുകൾ വർഷിച്ചു; റമദാൻ കാലത്തെ പതിവ് യുദ്ധം പശ്ചിമേഷ്യയിൽ ചൂടുപിടിക്കുന്നു; അടിക്ക് തിരിച്ചടിയുമായി കളം നിറഞ്ഞ് ഇസ്രയേൽ
ടെൽ അവീവ്: സിറിയയിൽ നിന്നുണ്ടായ റോക്കറ്റാക്രമണത്തിന് പ്രതികാരമെന്നോണം സിറിയയിലെ വിവിധയിടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. ഇസ്രയേലിന്റെ അധീനതയിലുള്ള ഗോലാൻ കുന്നുകളിലേക്ക് രണ്ടു തവണയായിട്ടായിരുന്നു ഇസ്രയേൽ ആക്രമണം നടത്തിയത്. ആറോളം റോക്കറ്റുകൾ അയച്ചെങ്കിലും അതിൽ മൂന്നെണ്ണം മാത്രമെ ഇസ്രയേലിന്റെഅധികാര പരിധിയിലുള്ള സ്ഥലത്ത് പതിച്ചുള്ളു. ആർക്കും പരിക്ക് പറ്റിയതായി റിപ്പോർട്ടുകൾ ഇല്ല.
ജെറുസലേമിലെ ഏറ്റവും വിശുദ്ധമായ മുസ്ലിം പള്ളിയിൽ ഇസ്രയേലി സൈന്യം റെയ്ഡ് നടത്തിയ പശ്ചാത്തലത്തിൽ ആയിരുന്നു സിറിയയിൽ നിന്നുള്ള ആക്രമണം. പള്ളിക്കകത്ത് ഇസ്രയേലി പൊലീസ് വിശ്വാസികളെ മർദ്ദിക്കുന്ന വീഡീയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇന്നലെ രാത്രി ഉണ്ടായ രണ്ടാം വട്ട റോക്കറ്റ് ആക്രമണത്തിനു ശേഷമായിരുന്നു, സിറിയയിൽ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്തിയ കാര്യം ഇസ്രയേൽ സ്ഥിരീകരിച്ചത്.
സിറിയൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രമണം. സിറിയയുടെ നാലാം ഡിവിഷന്റെ റഡാർ സംവിധാനങ്ങൾ, ആർട്ടിലറി പോസ്റ്റുകൾ എന്നിവ ആക്രമണത്തിൽ തകർന്നു. സിറിയയുടെ അതിർത്തിക്കുള്ളിൽ നിന്നുമുണ്ടാകുന്ന ഏത് പ്രവൃത്തികൾക്കും സിറിയൻ ഭരണകൂടം തന്നെയാണ് ഉത്തരവാദിയെന്നും, ഇസ്രയേലിന്റെ പരമാധികാരം ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തിയും അനുവദിക്കുകയില്ലെന്നും ഇസ്രയെൽ വ്യക്തമാക്കി.
സിറിയൻ ഭരണകൂടത്തോട് ആത്മാർത്ഥത പുലർത്തുന്ന, ഡമാസ്‌കസ് ആസ്ഥാനമായ ഫലസ്തീൻ സംഘടന അൽ ക്വദ്സ് ബ്രിഗേഡ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ലെബനീസ് ടി വി ചാനലായ അൽ മയാദീൻ ടി വി റിപ്പോർട്ട് ചെയ്തു. അൽ അഖ്സ മോസ്‌കിൽ ഇസ്രയേൽ കയറിയതിന്റെ പ്രതികാരമായിട്ടായിരുന്നു ആക്രമണം എന്ന് സംഘടനാ വക്താക്കൾ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
റമദാൻ എത്തിയതോടെ ലെബനൺ, ഗസ്സ, കിഴക്കൻ ജറുസലേം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ അതിർത്തി കടന്നുള്ള ആക്രമണം ശക്തിപ്പെട്ടിട്ടുണ്ട്. അൽ അഖ്സ മോസ്‌കിൽ ഇസ്രയെൽ പൊലീസ് റെയ്ഡ് നടത്തുക കൂടി ചെയ്തതോടെ സംഘർഷം കൂടുതൽ കനക്കുകയായിരുന്നു. ശനിയാഴ്‌ച്ചത്തെ ആദ്യ റോക്കറ്റ് ആക്രമണത്തിൽ ഇസ്രയേലിന്റെ അധീനതയിലുള്ള ഗോലാൻ കുന്നിലെ ഒരു പാടത്തായിരുന്നു വീണത്. ആകാശത്തു വെച്ചു തന്നെ തകർത്ത മറ്റൊരു റോക്കറ്റിന്റെ അവശിഷ്ടങ്ങൾ സിറയയോട് ചേര്ന്നുള്ള ജോർദ്ദാൻ അതിർത്തിയിലായിരുന്നു വീണത്.
രണ്ടാമത്തെ ആക്രമണത്തിൽ രണ്ടു റോക്കറ്റുകൾ ഇസ്രയേൽ അതിർത്തി കടന്നെത്തി. ഒന്നിനെ തകർത്തു. മറ്റെത് വീണത് വിജനമായ, തുറസ്സായ ഒരു സ്ഥലത്തായിരുന്നു. അതിനിടയിൽ ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യം 20 കാരനായ ഒരു ഫലസ്തീൻ കാരനെ വധിച്ചു. സൈന്യത്തിനു നേരെ കല്ലുകളും സ്ഫോടക വസ്തുക്കളുമായി ആക്രമിക്കാനെത്തിയ ജനക്കൂട്ടത്തിനു നേരെ നിറയൊഴിച്ചപ്പോഴായിരുന്നു ഇയാൾ: മരണപ്പെട്ടതെന്ന് ഇസ്രയേലി സൈനിക വക്താവ് പറഞ്ഞു.
ഈ വർഷം ഇതുവരെ 90 ഓളം പാൽസ്തീൻ കാർ ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. തിരിച്ചുള്ള ആക്രമണത്തിൽ 19 ഇസ്രയേലികൾക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് സഹോദരിമാരും ഒരു ഇറ്റാലിയൻ വിനോദ സഞ്ചാരിയും ഉൾപ്പടെ പല സാധാരണ പൗരന്മാരും തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
മറുനാടന് ഡെസ്ക്