ലണ്ടൻ: ബ്രിട്ടണിലസുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഞെട്ടിക്കുന്ന വിവരമാണ് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം ഇംഗ്ലീഷ് ചാനൽ കടന്ന് ചെറുയാനങ്ങളിൽ എത്തിയ അനധികൃത കുടിയേറ്റക്കാരിൽ ഐസിസുമായി ബന്ധമുള്ള 19 പേരും ഉൾപ്പെടുന്നു എന്നതാണ് ഞെട്ടിക്കുന്ന ആ വിവരം. വടക്കൻ ഫ്രാൻസിൽ നിന്നാണ് ഐസിസ് ഉൾപ്പടെയുള്ള ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള വിദേശികൾ ബ്രിട്ടനിൽ എത്തിയിരിക്കുന്നത്.

എത്തിയ ഉടൻ തന്നെ അവരെല്ലാവരും അഭയം അഭ്യർത്ഥിച്ച് അപേക്ഷകളും നൽകി. അതുകൊണ്ടു തന്നെ മനുഷ്യാവകാശ നിയമങ്ങളുടെ പേരിൽ ഇവരെ നാടുകടത്താൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടനിലെ നികുതിദായകരുടെ ചെലവിൽ ഈ 19 പേരും ഇപ്പോൾ വിവിധ ഹോട്ടലുകളിൽ സുഖവാസത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടനിൽ എത്തുന്നതിനു മുൻപ് തന്നെ ഇവരിൽ ഏഴു പേർ മറ്റു രാജ്യങ്ങളുടെ നിരീക്ഷണത്തിൽ ആയിരുന്നു എന്നും പറയുന്നുണ്ട്.

ഈ 19 പേരിൽ പലരെയും ഇപ്പോൾ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമായ എം 15 നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് അറിയുന്നു. അവരുടെ ജന്മനാടുകളിൽ അവർക്ക് പീഡനങ്ങൾ ഏൽക്കേണ്ടി വരും എന്നതിനാൽ, മനുഷ്യാവകാശ നിയമങ്ങളുടെ ബലത്തിൽ അവർ ബ്രിട്ടനിൽ കൂടിയിരിക്കുകയാണ്. നിയമപരമായി അവരെ നാടുകടത്താൻ സർക്കാരിനും കഴിയാത്ത സ്ഥിതിവിശേഷമാണുള്ളത്.

അറിയപ്പെടുന്ന, തീവ്രവാദികൾ എന്ന് സംശയിക്കപ്പെടുന്നവരിൽ അഞ്ചു പേർ ഇറാഖികളാണ്. അഞ്ചുപേർ ഇറാൻ വംശജരും നാലുപേർ വീതം അഫ്ഗാനിസ്ഥാൻ സ്വദേശികളും, സൊമാലിയൻ സ്വദേശികളുമാണ്. ഒരാൾ ലിബിയയിൽ നിന്നുമാണ് എത്തിയിരിക്കുനന്ത്. ശക്തമായ നിരീക്ഷണത്തിലുള്ള ഏഴുപേരിൽ അഞ്ചുപേർ ഐസിസുമായോ അവരുടെ മറ്റ് ഉപവിഭാഗങ്ങളുമായോ ബന്ധമുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മൂന്ന് ഇറാഖികളും രണ്ട് അഫ്ഗാനികളുംഐസിസിന്റെ അഫ്ഗാനിസ്ഥാൻ വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസനുമായി ബന്ധമുള്ളവരാണ്. മറ്റു രണ്ടുപേർ ചില ഇറാനിയൻ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളവരും. ചാനൽ വഴിയെത്തുന്നവരുടെ വിരലടയാളങ്ങൾ ശേഖരിക്കുന്ന പ്രക്രിയ വഴി തന്നെ ഈ 19 പേരിൽ മിക്കവരുടെയും യഥാർത്ഥ വിവരങ്ങൾ ബ്രിട്ടീഷ് സുരക്ഷാ വിഭാഗത്തിന് ലഭ്യമായിട്ടുണ്ട്. ഇവരിൽ ചിലരെങ്കിലും ഒന്നിലധികം രാജ്യങ്ങളിൽ ക്രിമിനൽ കേസ് ഉള്ളവരുമാണ്.

ചാനൽ വഴിയെത്തുന്ന അഭയാർത്ഥികളെ തിരിച്ചയയ്ക്കാൻ സഹായിക്കുന്ന പുതിയ നിയമത്തെ എതിർക്കുന്നവർക്ക് ഈ വിവരം പുറത്ത് വന്നതോടെ നിലപാട് പുനപരിശോധിക്കാൻ സമ്മർദ്ദം ഏറുകയാണ്. മനുഷ്യാവകാശ നിയമങ്ങൾ ഇത്തരത്തിൽ അനധികൃതമായി എത്തുന്നവർക്ക് ബാധകമാകാത്ത തരത്തിലുള്ള നിയമനിർമ്മാണത്തിനാണ് സർക്കാർ മുതിരുന്നത്.

സാധാരണ ക്രിമിനലുകൾ മാത്രമല്ല, തീവ്രവാദ പശ്ചാത്തലമുള്ളവർ കൂടി ഇപ്പോൾ നമ്മുടെ രാജ്യത്ത് എത്തുവാൻ തുടങ്ങി എന്നായിരുന്നു മുൻ സൈനിക ഉദ്യോഗസ്ഥനായ ബോബ് സീലി പ്രതികരിച്ചത്. ചെറുയാനങ്ങളിൽ അനധികൃതമായി എത്തുന്നവരെ തടയാനുള്ള സർക്കാർ നീക്കത്തെ എതിർക്കുന്നവർ യാഥാർത്ഥ്യം കാണാതെ പോകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മന്ത്രിസഭ ഈ സാഹചര്യം അടിയന്തരമായി വിലയിരുത്തണമെന്ന് ടോറി എം പി നടാലിയ എല്ഫിക്കെയും ആവശ്യപ്പെട്ടു.

അതിനിടെ ഇന്നലെ അവസാനിച്ച ഒരാഴ്‌ച്ചയിൽ 1057 പേർ ചെറുയാനങ്ങളിൽ ബ്രിട്ടനിലെത്തിയതായ കണക്കുകൾ പുറത്തു വന്നു. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിവാര കണക്കാണിത്. രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെയാണ് അനധികൃത കുടിയേറ്റം തടയുന്നതിനുള്ള കർശന നിയമങ്ങളുമായി മുൻപോട്ട് പോകുന്നതെന്നും അവർ പറയുന്നു. എന്നാൽ, ഇതിനെതിരെ ചില കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുമുണ്ട്.