ഡബ്ലിൻ: ദുഃഖവെള്ളിയാഴ്‌ച്ച കരാറിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ നോർത്തേൺ അയർലൻഡിലെത്തിയ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ നോർത്തേൺ ഐറിഷ് പാർട്ടികളുമായി സംസാരിക്കും. സ്റ്റോർമോണ്ട് പവർ ഷെയറിങ് സിസ്റ്റത്തിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്. ബെൽഫാസ്റ്റിനു സമീപമുൾല ആർ എ എഫ് ആൽഡെർഗ്രോവ് എയർബേസിൽ എയർഫോഴ്സ് വണ്ണിൽ വന്നിറങ്ങിയ ജോ ബൈഡനെ പ്രധാനമന്ത്രി ഋഷി സുനക് സ്വീകരിച്ചു.

അൾസ്റ്റെർ യൂണിവേഴ്സിറ്റിയുടെ ബെൽഫാസ്റ്റിലെ പുതിയ കാമ്പസിൽ ഇന്ന് ജോ ബൈഡൻ പ്രസംഗിക്കുന്നതിനു മുൻപായി നോർത്തേൺ അയർലൻഡിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ എല്ലാം നേതാക്കളുമായി അദ്ദേഹം സംസാരിക്കും. സമാധാന കരാറിന്റെ ഭാഗമായി രൂപീകരിച്ച സ്റ്റോർമോണ്ട് പവർ ഷെയറിങ് അസംബ്ലി പ്രോ-ബ്രെക്സിറ്റ് വ്യാപാര ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ കാരണം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു ഔപചാരിക യോഗം ഉണ്ടായിരിക്കുമെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്.

നാലു ദിവസത്തെ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡണ്ട് ദുഃഖവെള്ളിയാഴ്‌ച്ച കരാറിന്റെ 25-ാം വാർഷികവുമായി ബന്ധപ്പെട്ട വിവിധ ആഘോഷ പരിപാറ്റികളിൽ പങ്കെടുക്കും. 1998-ൽ ഉണ്ടാക്കിയ ഈ കരാറാണ് നോർത്തേൺ അയർലണ്ടിന്റെ പ്രശ്നങ്ങൾ വലിയൊരു പരിധിവരെ പരിഹരിച്ചത്. പിന്നീട് ബുധനാഴ്‌ച്ച ബൈഡൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ട് ഉഭയകക്ഷി ചർച്ചകൾ നടത്തും.

ഐറിഷ് ഉടമ്പടികളും വിൻഡ്സർ കരാറും യഥാവിധി നടപ്പിലാക്കി സമാധാനം കൊണ്ടുവരണം എന്നതാണ് തന്റെ ആഗ്രഹം എന്ന് ബൈഡൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു. മകൻ ഹണ്ടർ ബൈഡനും സഹോദരി വലേറി ബൈദൻ ഓവനും ഈ യാത്രയിൽ ബൈഡനെ അനുഗമിക്കുന്നുണ്ട്. വൻ സുരക്ഷാ സന്നാഹങ്ങളാണ് ബൈഡന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ബ്രിട്ടനിൽ ഒരുക്കിയിരിക്കുന്നത്. അമേരിക്കൻ പ്രസിഡണ്ടിന്റെ സന്ദർശന സമായത്ത് നഗരത്തിലെ വിവിധ റോഡുകൾ അടച്ചിടുമെന്നതിനാൽ ബെൽഫാസ്റ്റിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെടാൻ ഇടയുണ്ടെന്ന മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്.

പിന്നീട് ഐറിഷ് റിപ്പബ്ലിക്കിലേക്ക് പോകുന്ന ബൈഡൻ ഐറിഷ് പ്രസിഡണ്ട് മിഷെൽ ഡി ഹിഗ്ഗിൻസുമായി കൂടിക്കാഴ്‌ച്ച നടത്തും. ഈ സന്ദർശനത്തിന്റെ ഭാഗമായി ഡുബ്ലിനിലെ ഫീനിക്സ് പാർക്ക് ബുധനാഴ്‌ച്ച വൈകിട്ട് 5 മണിമുതൽ 24 മണിക്കൂർ നേരത്തേക്ക് അടച്ചിടും. പാർക്കിന്റെ ഉള്ളിലായിട്ടാണ് ഹിഗ്ഗിൻസിന്റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്നത്. ഐറിഷ് പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ബൈഡൻ പിന്നീട് ഡുബ്ലിൻ കാസിലിലെ അത്താഴ വിരുന്നിലും പങ്കെടുക്കും.

തന്റെ ഐറിഷ് പാരമ്പര്യത്തെ കുറിച്ച് എപ്പോഴും അഭിമാന പുരസ്സരം സംസാരിക്കാറുള്ള ബൈഡൻ നോർത്തേൺ അയർലൻഡിലും അയർലൻഡിലും സാധാരണക്കാരുമായി അടുത്തിടപഴകും. എന്നാൽ, ഔദ്യോഗിക പത്ര സമ്മേളനമൊന്നും ഈ സന്ദർശനത്തിനിടയിൽ ഉണ്ടാകില്ലെന്ന് വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടരി കരീൻ ജീൻ പിയറി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രസിഡണ്ട് എന്ന നിലയിലാണ് സന്ദർശനമെങ്കിലും, തന്റെ പ്രപിതാമഹന്മാരുടെ ഭൂമികയിലേക്ക് കൂടിയാണ് ബൈഡൻ എത്തുന്നത്. അതുകൊണ്ട് ഇതൊരു വ്യക്തിപരമായ സന്ദർശനം കൂടിയാണ്.അതിനാലാണ് ഔദ്യോഗിക പത്രസമ്മേളനം ഒഴിവാക്കിയിരിക്കുന്നത്.